കുട്ടി കാറോടിക്കുന്ന വീഡിയോയുമായി പിതാവ്; ക്രിമിനല്‍ കുറ്റമെന്ന് സോഷ്യല്‍ മീഡിയ

By Web TeamFirst Published May 29, 2020, 12:26 PM IST
Highlights

ബ്രേക്കില്‍ കാലെത്താത്ത മകന്‍ കാറോടിക്കുന്ന വീഡിയോ യൂട്യൂബ് ഉള്‍പ്പെടെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്‍ത് പിതാവിനെതിരെ രൂക്ഷ വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ. 

ബ്രേക്കില്‍ കാലെത്താത്ത മകന്‍ കാറോടിക്കുന്ന വീഡിയോ യൂട്യൂബ് ഉള്‍പ്പെടെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്‍ത് പിതാവിനെതിരെ രൂക്ഷ വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ. ജാർഖണ്ഡിലെ ധൻബാദ് സ്വദേശി കരുണേഷ് കൗശൽ എന്ന യൂട്യൂബറാണ് തന്റെ മകൻ കാറോടിക്കുന്ന വിഡിയോ പോസ്റ്റ് ചെയ്തത്.

ഏകദേശം പത്തുവയസ് തോന്നിപ്പിക്കുന്ന കുട്ടി ടാറ്റ നെക്സോണ്‍ ഓടിക്കുന്ന വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നത്. കുട്ടി ബ്രേക്കിലേക്കും ക്ലച്ചിലേക്കും വളരെ ബുദ്ധിമുട്ടിയാണ് കാൽ എത്തിക്കുന്നതെന്ന് വിഡിയോയിൽ വ്യക്തമാണ്. തിരക്കില്ലാത്ത റോഡാണെങ്കിലും പൊതു നിരത്തിലൂടെയാണ് കുട്ടി വാഹനം ഓടിക്കുന്നത് എന്നതാണ് ഞെട്ടിപ്പിക്കുന്നത്. വാഹനത്തിന്റെ പിൻസീറ്റിൽ മറ്റൊരു കുട്ടിയുമുണ്ടെന്ന് വിഡിയോയിൽ കാണാം.

ചെറുപ്പത്തില്‍ തന്നെ കുട്ടികള്‍ വാഹനമോടിക്കുമെന്നത് വലിയ നേട്ടമായി കാണുന്നവരാണ് പല രക്ഷിതാക്കളും. കുട്ടികളെക്കൊണ്ട് വാഹനം ഓടിപ്പിച്ച് അതിന്റെ വിഡിയോ ചിത്രീകരിച്ച് പ്രചരിപ്പിക്കുന്ന പ്രവണത നേരത്തെയും ഉണ്ടായിട്ടുണ്ട്. ഇതിനെതിരെ നിയമനടപടിയും ഉണ്ടായിട്ടുണ്ട്.  കുട്ടികളുടെ മാത്രമല്ല റോഡിലെ മറ്റു യാത്രക്കാരുടേയും ജീവൻ അപകടത്തിലാക്കുന്ന ഇത്തരത്തിലുള്ള പ്രവൃത്തി കർശനശിക്ഷയും ലഭിക്കുന്ന കുറ്റമാണ്. 

എന്നാല്‍ ചെറുപ്രായത്തിൽ തന്നെ തന്റെ മക്കൾ വാഹനം ഓടിക്കും എന്നത് വിലയ പൊങ്ങച്ചമാകും പല മാതാപിതാക്കള്‍ക്കും. എന്നാല്‍ കുട്ടികൾ വാഹനമോടിച്ച് അപകടം വരുത്തിയാലുണ്ടാകുന്ന ഭവിഷത്തിനെക്കുറിച്ചുള്ള അറിവില്ലായ്‍മയോ തങ്ങള്‍ നിയമത്തിന് അതീതരാണെന്ന ചിന്തയോ ആകാം ഇത്തരം പ്രവര്‍ത്തികള്‍ക്കു പിന്നില്‍. നേരത്തേ കുട്ടികള്‍ വണ്ടിയോടിച്ചാല്‍​ പിഴ മാത്രമായിരുന്നു ശിക്ഷ. എന്നാല്‍ പുതിയ ഗതാഗതനിയമം അനുസരിച്ച് പ്രായപൂർത്തിയാകാത്തവർ വാഹനമോടിക്കുന്നത് രക്ഷിതാവിനോ, വാഹന ഉടമയ്ക്കോ 25000 രൂപ പിഴയും മൂന്നു വർഷം വരെ തടവും ലഭിക്കാവുന്ന കുറ്റമാണ്. 

click me!