2021 കാവസാക്കി നിൻജ 300 ബിഎസ്6 വില പ്രഖ്യാപിച്ചു

By Web TeamFirst Published Mar 6, 2021, 4:40 PM IST
Highlights

ജാപ്പനീസ് ഇരുചക്രവാഹന നിര്‍മ്മാതാക്കളായ കവസാക്കിയുടെ എൻട്രി ലെവൽ മോഡല്‍ നിഞ്ച 300 ബിഎസ്6 പതിപ്പിന്‍റെ വില പ്രഖ്യാപിച്ചു

ജാപ്പനീസ് ഇരുചക്രവാഹന നിര്‍മ്മാതാക്കളായ കവസാക്കിയുടെ എൻട്രി ലെവൽ മോഡല്‍ നിഞ്ച 300 ബിഎസ്6 പതിപ്പിന്‍റെ വില പ്രഖ്യാപിച്ചു. 3.18 ലക്ഷം രൂപ എക്സ്-ഷോറൂം വിലയിലാണ് 2021 കാവസാക്കി നിൻജ 300 ബിഎസ്6 മോഡൽ എത്തുന്നതെന്ന് ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ബിഎസ്4 പതിപ്പുമായി താരതമ്യം ചെയ്യുമ്പോൾ പുത്തൻ മോഡലിന് 20,000 രൂപ കൂടുതലാണ്. ലൈം ഗ്രീൻ, കാൻഡി ലൈം ഗ്രീൻ, എബോണി എന്നിങ്ങനെ മൂന്ന് നിറങ്ങളിലാണ് ബിഎസ്6 കാവസാക്കി നിൻജ 300 എത്തിരിക്കുന്നത്. 

2020 ഏപ്രിലിൽ പുതിയ ബിഎസ്6 മലിനീകരണ മാനദണ്ഡങ്ങൾ നിലവിൽ വന്നതിന് മുന്നോടിയായി ജാപ്പനീസ് ഇരുചക്രവാഹന നിര്‍മ്മാതാക്കളായ കവസാക്കിയുടെ എൻട്രി ലെവൽ മോഡല്‍ നിഞ്ച 300 ഇന്ത്യൻ വിപണിയിൽ നിന്നും പിൻവലിച്ചിരുന്നു. ഇപ്പോള്‍ ഭാരത് സ്റ്റേജ് 6 മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങൾ പാലിക്കുന്ന എൻജിൻ, പുത്തൻ നിറങ്ങൾ എന്നിവയുമായി പുത്തൻ നിൻജ 300 വിപണിയിലെത്തിച്ചിരിക്കുകയാണ് കാവാസാക്കി. ഫുൾ ഫെയേർഡ് ബൈക്കുകൾ ഉൾപ്പെടുന്ന നിൻജ ശ്രേണിയിൽ നിൻജ H2R, നിൻജ ZX-10R, നിൻജ 650, നിൻജ 400 എന്നിവയാണ് പ്രധാന താരങ്ങൾ. ഈ ശ്രേണിയിൽ പുത്തൻ താരമാണ് ഇപ്പോൾ എത്തിയിരിക്കുന്ന നിൻജ 300.

ബിഎസ് 6 ആയി പരിഷ്‍കരിച്ച 296 സിസി ലിക്വിഡ്-കൂൾഡ്, 4-സ്ട്രോക്ക് പാരലൽ-ട്വിൻ യൂണിറ്റ് തന്നെയാകും ബൈക്കിന്റെ ഹൃദയം. ബി‌എസ്-6 രൂപത്തിൽ ഇത് 11000 rpm-ൽ 39 bhp കരുത്തും 10000 rpm-ൽ 27 Nm ടോര്‍ഖും ഉത്പാദിപ്പിക്കും. സ്ലിപ്പറും അസിസ്റ്റഡ് ക്ലച്ചും സ്റ്റാൻ‌ഡേർഡായി ജോടിയാക്കിയ ആറ് സ്പീഡ് ഗിയർ‌ബോക്സാണ് ട്രാന്‍സ്‍മിഷന്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍.

സസ്പെൻഷൻ കൈകാര്യം ചെയ്യുന്നതിന് ടെലിസ്കോപ്പിക് ഫ്രണ്ട് ഫോർക്കുകളും പ്രീലോഡ് ക്രമീകരിക്കാവുന്ന റിയർ മോണോ ഷോക്കും നിഞ്ച 300-ൽ തുടരും. 2021 മോഡലിൽ ഗ്രീൻ, ബ്ലാക്ക്, വൈറ്റ് എന്നീ നിറങ്ങൾ സംയോജിപ്പിക്കുന്ന പുതുമയുള്ള ഒരു കളർ ഓപ്ഷനും ലഭ്യമാണ്. ബോഡിയിലുടനീളം നിരവധി റെഡ് ഹൈലൈറ്റുകൾ നൽകിയിരിക്കുന്നത് ബൈക്കിന് ഒരു സ്പോർട്ടി ലുക്ക് നൽകുന്നു. മുൻ മോഡലിന് സമാനമാണ് 2021 ബിഎസ്-VI നിഞ്ച 300-ന്റെ ബാക്കി രൂപകൽപ്പനയും സ്റ്റൈലിംഗും. ഫെയറിംഗ് ഇന്റഗ്രേറ്റഡ് ഫ്രണ്ട് ബ്ലിങ്കറുകൾ, ഡ്യുവൽ-പോഡ് ഹെഡ്‌ലൈറ്റ്, മസ്കുലർ ഫ്യൂവൽ ടാങ്ക്, സ്പ്ലിറ്റ്-സ്റ്റൈൽ സീറ്റുകൾ, എക്‌സ്‌ഹോസ്റ്റിലെ ക്രോം ഹീറ്റ്‌ഷീൽഡ് എന്നിവയെല്ലാം നൽകിയിരിക്കുന്നു.

click me!