റോഡിലെ പിഴ കുറയ്ക്കാന്‍ അനുവദിക്കില്ലെന്ന് കേന്ദ്രം, കുറയ്‍ക്കുമെന്ന് കേരളം

By Web TeamFirst Published Jan 7, 2020, 8:17 PM IST
Highlights

ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴയില്‍ ഇളവ് വരുത്താന്‍ അനുവദിക്കില്ലെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കി കേന്ദ്ര സര്‍ക്കാര്‍

നിയമത്തിനെതിരെ ശക്തമായ പ്രതിഷേധങ്ങള്‍ രാജ്യമെങ്ങും ഉയര്‍ന്നിരുന്നു. തുടര്‍ന്ന് കേരളം ഉള്‍പ്പടെ പല സംസ്ഥാനങ്ങളും പിഴത്തുകയില്‍ കുറവും വരുത്തി. എന്നാല്‍ ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴയില്‍ ഇളവ് വരുത്താന്‍ അനുവദിക്കില്ലെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കിയിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍.

മദ്യപിച്ച് വാഹനമോടിക്കുന്നത് ഒഴികെയുള്ള നിയമലംഘനങ്ങള്‍ക്കുള്ള പിഴയില്‍ കേരള സര്‍ക്കാര്‍ മുമ്പ് ഇളവ് പ്രഖ്യാപിച്ചിരുന്നു. കേന്ദ്രം നിശ്ചയിച്ച ഏറ്റവും കുറഞ്ഞ പിഴ 500 രൂപയില്‍ നിന്ന് കേരളം 250 ആയി കുറച്ചിരുന്നു. എന്നാല്‍, പുതിയ തീരുമാനത്തോടെ ഇത് മാറ്റേണ്ടിവരും.

എന്നാല്‍, കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള ഇളവുകള്‍ തുടരുമെന്നാണ് സംസ്ഥാന ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന്‍ അറിയിച്ചത്. കേരളത്തിന് പ്രത്യേക നിര്‍ദേശം നല്‍കിയിട്ടില്ലാത്തതിനാലാണ് പിഴയിലെ ഇളവ് തുടരാന്‍ തീരുമാനിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

പുതുക്കിയ മോട്ടോർവാഹനനിയമത്തിൽ നിർദേശിക്കുന്ന പിഴയെക്കാൾ കുറഞ്ഞ തുക ഈടാക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരമില്ലെന്ന് നേരത്തെയും കേന്ദ്രം വ്യക്തമാക്കിയിരുന്നു. നിയമം നടപ്പാക്കുന്നതിനായി സംസ്ഥാനങ്ങൾക്കുമേൽ സമ്മർദം ചെലുത്താൻ സാധിക്കുമെന്ന മുന്നറിയിപ്പും അറ്റോർണി ജനറൽ കെ കെ വേണുഗോപാല്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

ഗുജറാത്ത് ഉള്‍പ്പെടെ  ബിജെപി ഭരിക്കുന്ന  ചില സംസ്ഥാനങ്ങളും കേരളവും പിഴത്തുക കുറച്ചിരുന്നു. നിയമഭേദഗതി വന്നതിനുശേഷം കുറഞ്ഞ പിഴയീടാക്കിയ ആദ്യ സംസ്ഥാനം ഗുജറാത്താണ്. പിന്നാലെ മറ്റുസംസ്ഥാനങ്ങളും രംഗത്തെത്തി. തുടർന്ന് നിയമമന്ത്രാലയത്തോട് സെപ്റ്റംബറിൽ ഗതാഗതമന്ത്രാലയം നിയമോപദേശം തേടി. ഇതിന്‍റെ അടിസ്ഥാനത്തിലാണ് അറ്റോർണി ജനറൽ ഇക്കാര്യം വ്യക്തമാക്കിയത്. നിയമം പാർലമെന്റ് പാസാക്കിയതായതിനാൽ അതിനെ മറികടന്ന് നിയമമുണ്ടാക്കാൻ സംസ്ഥാനങ്ങൾക്ക് സാധിക്കില്ലെന്നാണ് അറ്റോർണി ജനറൽ പറഞ്ഞത്. 

ഭരണഘടനയുടെ 256-ാം അനുച്ഛേദപ്രകാരം കേന്ദ്രനിയമം നടപ്പാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനങ്ങൾക്കു നിർദേശം നൽകാൻ കേന്ദ്രസർക്കാരിന് അധികാരമുണ്ടെന്നും കൂടാതെ 356-ാം അനുച്ഛേദപ്രകാരം സംസ്ഥാനങ്ങൾക്കെതിരേ നടപടിയെടുക്കാൻ സാധിക്കുമെന്നും അറ്റോർണി ജനറൽ അഭിപ്രായപ്പെട്ടിരുന്നു. ഒരു നിയമത്തെച്ചൊല്ലി ഒരേസമയം കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിൽ തർക്കമുണ്ടായാൽ കേന്ദ്രത്തിനാണ് മേൽക്കൈയെന്ന് ഭരണഘടനയുടെ 254-ാം അനുച്ഛേദം അനുശാസിക്കുന്നുണ്ടെന്നും കേന്ദ്രസർക്കാർ വൃത്തങ്ങൾ അവകാശപ്പെടുന്നു. 

ഹെൽമെറ്റ്, സീറ്റ്ബെൽറ്റ് എന്നിവ ധരിക്കാതെ വാഹനമോടിക്കുക, വാഹനത്തിന് ഇൻഷുറൻസ് ഇല്ലാതിരിക്കുക തുടങ്ങി 24 കുറ്റങ്ങൾക്ക് തത്സമയം പിഴയടച്ചാൽ മതിയെന്നും കോടതിയിൽ ഹാജരാകേണ്ടതില്ലെന്നും പുതിയ നിയമത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, കുറഞ്ഞ പിഴയും കോടതിയിലെത്തി പിഴ അടയ്ക്കണമെന്ന വ്യവസ്ഥയും ഗുജറാത്ത് കൊണ്ടുവന്നിരുന്നു.

ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴ പത്തിരട്ടിയോളം കൂട്ടിയ നിയമഭേദഗതി വന്നയുടന്‍ തന്നെ കേരളം വിജ്ഞാപനം പുറത്തിറക്കിയിരുന്നു. ഉയര്‍ന്ന പിഴ ഈടാക്കുന്നതില്‍ പ്രതിഷേധം ശക്തമായതോടെ ഇടക്കാലത്ത് വാഹന പരിശോധന തന്നെ നിര്‍ത്തിവയ്ക്കുകയും ചെയ്‍തിരുന്നു. പിന്നീട് മോട്ടോർ വാഹന പിഴയിലെ ഭേദഗതിക്ക്‌ മന്ത്രിസഭ അംഗീകാരം നൽകി. സീറ്റ്‌ ബെൽറ്റും ഹെൽമറ്റും ധരിക്കാത്തതിന്‌ ഈടാക്കുന്ന പിഴത്തുക പകുതിയാക്കി കുറച്ചു. ആയിരത്തിൽ നിന്ന് 500 രൂപയാക്കിയാണ് പിഴ കുറച്ചത്. അമിത വേഗത്തിനുള്ള ആദ്യ നിയമ ലംഘനത്തിന് 1500 രൂപയും ആവർത്തിച്ചാൽ 3000 രൂപയും പിഴ ഇടാക്കാനായിരുന്നു തീരുമാനം. അതുപോലെ വാഹനത്തില്‍ അമിതഭാരം കയറ്റിയാലുള്ള പിഴ 20000 രൂപയിൽ നിന്ന് പതിനായിരമാക്കിയാണ് കുറച്ചത്.  അതേസമയം, മദ്യപിച്ച് വാഹനമോടിക്കൽ, വാഹനം ഓടിക്കുന്നതിനിടെയുള്ള ഫോൺ ഉപയോഗം തുടങ്ങിയ കുറ്റങ്ങൾക്ക്‌ പിഴ കുറച്ചിട്ടില്ല. 

അതേസമയം കേന്ദ്രം നിലപാട് കടുപ്പിച്ചാല്‍ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ കേന്ദ്രനിയമം കര്‍ശനമായി നടപ്പാക്കേണ്ടി വന്നേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. 

click me!