പുതിയ ടോളില്‍ വമ്പന്മാരുടെ മാത്രം കീശ കീറും, കേന്ദ്രത്തിന് കയ്യടിച്ച് ചെറുകാര്‍ ഉടമകള്‍!

Published : Oct 19, 2022, 10:26 AM ISTUpdated : Oct 19, 2022, 10:32 AM IST
പുതിയ ടോളില്‍ വമ്പന്മാരുടെ മാത്രം കീശ കീറും, കേന്ദ്രത്തിന് കയ്യടിച്ച് ചെറുകാര്‍ ഉടമകള്‍!

Synopsis

ഇതിന്‍റെ ഭാഗമായി പുതിയ നയങ്ങളില്‍ ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട് എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. 

രാജ്യത്തെ റോഡുകളില്‍ നിന്നും ടോള്‍ പ്ലാസകള്‍ ഒഴിവാക്കുന്നതിനുള്ള നീക്കത്തിലാണ് കേന്ദ്ര സര്‍ക്കാര്‍. ടോള്‍ പ്ലാസകള്‍ക്ക് പകരമായി ജിപിഎസ് ക്യാമറകള്‍ സ്ഥാപിക്കുകയും അതുവഴി നമ്പര്‍ പ്ലേറ്റുകള്‍ റീഡ് ചെയ്യുന്ന സംവിധാനമാണ് കൊണ്ടുവരിക. ടോൾ പ്ലാസകളിലെ നീണ്ട കാത്തിരിപ്പും ഗതാഗതക്കുരുക്കും കുറയ്ക്കാനാണ് സര്‍ക്കാരിന്‍റെ നീക്കം. കേന്ദ്ര സര്‍ക്കാറിന്റെ ഈ നീക്കത്തെക്കുറിച്ച് നിരവധി വാര്‍ത്തകള്‍ ഇതിനകം വന്നു കഴിഞ്ഞതാണ്. മേല്‍പറഞ്ഞ നൂതന സംവിധാനങ്ങളുടെ സാധ്യതകളെക്കുറിച്ച് പഠിക്കാനുള്ള പൈലറ്റ് പ്രൊജക്ടുകള്‍ നടക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ അടുത്ത വര്‍ഷം കേന്ദ്ര ഗതാഗത വകുപ്പ് പുതിയ ടോള്‍ഗേറ്റ് ഫീസ് പിരിവ് നയം കൊണ്ടുവരുമെന്നാണ് സൂചന. ഇതിന്‍റെ ഭാഗമായി പുതിയ നയങ്ങളില്‍ ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട് എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. 

നിലവിലെ ചട്ടങ്ങള്‍ അനുസരിച്ച് ചില റോഡുകളില്‍ വാഹനങ്ങള്‍ സഞ്ചരിക്കുന്ന ദൂരത്തിന് അനുസരിച്ചാണ് ടോള്‍ ഈടാക്കുന്നത്. അതയാത് നിലവില്‍ ഒരു ചെറിയ കാറിനും വലിയ കാറിനും ഒരേ നിരക്കാണ് ഈടാക്കുന്നത്. എന്നാല്‍ പുതിയ ചട്ടത്തില്‍ ഇതിന് മാറ്റം വരും. വാഹനത്തിന്റെ വലിപ്പം, ഭാരം, റോഡിലൂടെ സഞ്ചരിക്കുമ്പോള്‍ അത് ചെലുത്തുന്ന സമ്മര്‍ദ്ദം, റോഡിനുണ്ടാക്കുന്ന കേടുപാടുകള്‍ തുടങ്ങിയവയെ അടിസ്ഥാനമാക്കിയായിരിക്കും പുതിയ ഫീസ് നിര്‍ണയം എന്നാണ് റിപ്പോര്‍ട്ടുകള്‍.

കാശും സമയവും ലാഭം, ഒപ്പം തര്‍ക്കരഹിതം; ടോള്‍പ്ലാസകള്‍ ഇല്ലാതായി ഇവൻ വന്നാല്‍ സംഭവിക്കുന്നത്..!

ഇതിനായി വാഹനങ്ങളെ തരംതിരിക്കുന്ന ജോലി തുടങ്ങിയതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഈ നയം നടപ്പിലായാല്‍ കുറഞ്ഞ ഇന്ധനം ഉപയോഗിക്കുന്നവർക്കും, കുറഞ്ഞ സമയം എടുക്കുന്നവർക്കും, റോഡിൽ കുറച്ച് സ്ഥലം മാത്രം കൈവശം വയ്ക്കുന്നവർക്കും ടോള്‍ ഫീസ് കുറയും. എന്നാല്‍ പുതിയ സംവിധാനം അനുസരിച്ച് വലിയ വാഹനങ്ങള്‍ക്ക് ഉയർന്ന ടോൾ നല്‍കേണ്ടിയും വരും. 

ഇതിന്‍റെ ഭാഗമായുള്ള പഠനത്തിനായി, കേന്ദ്ര ഗതാഗതവകുപ്പ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി വാരാണസി സര്‍വകലാശാല വിദ്യാര്‍ഥികളുടെ സഹായം തേടിയിട്ടുണ്ട്.  വിവിധ തരത്തിലുള്ള വാഹനങ്ങൾക്കായി ഏറ്റവും പുതിയ പാസഞ്ചർ കാർ യൂണിറ്റ് (PCU) നിർണ്ണയിക്കാനാണ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി-വാരണാസി (IIT- BHU) ന് സർക്കാർ നിർദ്ദേശം നൽകിയിരിക്കുന്നത്. ടോള്‍ഗേറ്റ് ഫീസ് നിയന്ത്രിക്കുന്നതിനായി വാഹനങ്ങളെ തരംതിരിക്കാനുള്ള ശ്രമത്തില്‍ ഏത് തരം വാഹനങ്ങളാണ് റോഡുകള്‍ക്ക് ഏറ്റവും കൂടുതല്‍ കേടുപാടുകള്‍ വരുത്തുന്നതെന്നാണ് സംഘം ഇപ്പോള്‍ പഠിക്കുന്നത്.

'പാസഞ്ചർ കാർ യൂണിറ്റ്' (PCU) കണക്കുകൂട്ടലുകളെ അടിസ്ഥാനമാക്കിയാണ് നിലവിലെ സിസ്റ്റം ടോൾ നിരക്ക്. നിലവിലെ പാസഞ്ചർ കാർ യൂണിറ്റുകൾ പരിഷ്‌കരിക്കും. ഇത് ഹൈവേ ടോളുകൾ നിർണ്ണയിക്കാനും ഉപയോഗിക്കും. അടുത്ത ആറ് മാസത്തിനുള്ളിൽ പിസിയു പരിഷ്‍കരണത്തെക്കുറിച്ചുള്ള വാരാണസി സര്‍വകലാശാലയുടെ റിപ്പോർട്ട് നല്‍കും. ഇതിന് ശേഷം പുതിയ ടോളിംഗ് നയം അന്തിമമാക്കുമെന്നും ദ മിന്‍റ് റിപ്പോർട്ട് ചെയ്യുന്നു. 

പുതുക്കിയ പിസിയുവിൽ ടോൾ കണക്കുകൂട്ടലുകൾ അടിസ്ഥാനമാക്കാനുള്ള നിർദ്ദേശം അനുസരിച്ച്, ഹൈവേകളിൽ ചെറിയ ദൂരം സഞ്ചരിക്കുന്ന ചെറിയ, ലൈറ്റ് കാറുകളുടെ ഡ്രൈവർമാർ മറ്റ് ഭാരമേറിയ വാഹനങ്ങളുടെ ഡ്രൈവർമാരേക്കാൾ കുറഞ്ഞ ടോൾ ഫീസ് നൽകിയാല്‍ മതിയാകും.  വലിയ, ഭാരമുള്ള, ദീർഘദൂര വാഹനങ്ങൾക്ക് ഉയർന്ന ടോൾ ഫീസ് നൽകേണ്ടിവരും.

പുതിയ ടോള്‍ഗേറ്റ് പിരിവ് നയം ഉടൻ കൊണ്ടുവരുമെന്നാണ് വിവരം.പുതിയ ടോള്‍ഗേറ്റ് നയം നിലവില്‍ വരുന്നതോടെ ചെറുകാറുകള്‍ക്കുള്ള നിരക്ക് നിലവിലുള്ളതിനേക്കാള്‍ കുറയും. ജിപിഎസ് അധിഷ്ഠിത ടോൾ സംവിധാനം എത്രയും വേഗം നടപ്പാക്കുമെന്ന് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി നിരവധി തവണ ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുമുണ്ട്.

ടോള്‍ പ്ലാസയില്‍ ടിപ്പറിന്‍റെ പരാക്രമം, തകര്‍ന്നത് നിരവധി വാഹനങ്ങള്‍

എന്തായാലും രാജ്യത്തെ ഇടത്തരം കുടുംബങ്ങള്‍ക്ക് വലിയ ആശ്വാസം പകരുന്നതാണ് കേന്ദ്ര സര്‍ക്കാരിന്‍റെ ഈ നീക്കം. കാരണം, പൊതുവെ ഇടത്തരക്കാരും സാധാരണക്കാരുമാണ് ചെറുകാറുകള്‍ കൂടുതലായി ഉപയോഗിക്കുന്നത്. 

PREV
Read more Articles on
click me!

Recommended Stories

പുതിയ 19.5 ടൺ ഹെവി-ഡ്യൂട്ടി ബസുമായി ഭാരത്ബെൻസ്
നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ