Asianet News MalayalamAsianet News Malayalam

ടോള്‍ പ്ലാസയില്‍ ടിപ്പറിന്‍റെ പരാക്രമം, തകര്‍ന്നത് നിരവധി വാഹനങ്ങള്‍

ടോള്‍ പ്ലാസയിലേക്ക് അമിത വേഗത്തിലെത്തിയ ടിപ്പര്‍ ലോറി ഒമ്പതോളം വാഹനങ്ങളെ ഇടിച്ചുതെറിപ്പിച്ചു

Speeding tipper truck crashes into nine vehicles at a toll plaza
Author
First Published Sep 30, 2022, 3:59 PM IST

ടോള്‍ പ്ലാസയിലേക്ക് അമിത വേഗത്തിലെത്തിയ ടിപ്പര്‍ ലോറി ഒമ്പതോളം വാഹനങ്ങളെ ഇടിച്ചുതെറിപ്പിച്ചു. സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. മുംബൈയിലാണ് സംഭവം. മുംബൈയിൽ നിന്ന് നവി മുംബൈ ഭാഗത്തേക്ക് പോവുകയായിരുന്ന ഡമ്പർ ട്രക്ക്. മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (എംഎസ്ആർടിസി) ബസും മോട്ടോർ സൈക്കിളും ഉൾപ്പെടെ ഒമ്പത് വാഹനങ്ങളിലാണ് ട്രക്ക് ഇടിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മൂന്ന് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അങ്ങനെ സംഭവിച്ചാല്‍ രാജ്യത്ത് ആദ്യം, പുത്തൻ ഇന്നോവയില്‍ ഈ സംവിധാനം ഉണ്ടാകുമോ?

അപകടത്തിന്റെ വീഡിയോ എങ്ങനെ അപകടം സംഭവിച്ചുവെന്നതിന് വ്യക്തമായ ധാരണ നൽകുന്നു. വീഡിയോയിൽ കാണുന്നത് പോലെ അമിത വേഗത്തിലായിരുന്നു നിർമ്മാണ അവശിഷ്ടങ്ങൾ കയറ്റിക്കൊണ്ടുപോകുകയായിരുന്ന ഡമ്പര്‍ ലോറി. ഡമ്പർ ടോൾ പ്ലാസയിൽ എത്തിയപ്പോൾ, ഡ്രൈവർക്ക് നിയന്ത്രണം നഷ്‍ടമായി.  കൃത്യസമയത്ത് വാഹനം നിർത്താൻ കഴിഞ്ഞില്ല. ട്രക്ക് തെന്നിമാറുന്നത് വീഡിയോയിൽ കാണാം. ട്രക്ക് എംഎസ്ആർടിസി ബസിൽ പിന്നിൽ നിന്ന് ഇടിക്കുകയും ഉടൻ തന്നെ അടുത്ത പാതയിലേക്ക് തിരിയുകയും ചെയ്യുന്നു.

മുന്നിൽ വന്ന നിരവധി കാറുകളിലും മറ്റ് വാഹനങ്ങളിലും ഡമ്പർ ഇടിക്കുന്നു. നിർഭാഗ്യവശാൽ ഒരു ബൈക്ക് യാത്രികനും പിന്നിലിരുന്ന ആളും ഡമ്പറിന് മുന്നിൽ കുടുങ്ങി. മെറ്റൽ ഷീറ്റ് ബോർഡിൽ തട്ടി നിർത്തുന്നത് വരെ അതിനൊപ്പം വലിച്ചിഴച്ചു. ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രികരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ നാല് ചക്ര വാഹന ഡ്രൈവർക്കും പരിക്കേറ്റിട്ടുണ്ട്. അപകടത്തെ തുടർന്ന് വൻ ഗതാഗതക്കുരുക്കാണ് വാഷി ക്രീക്ക് പാലത്തില്‍ അനുഭവപ്പെട്ടത്. നിരവധി വാഹനങ്ങൾ രണ്ട് മണിക്കൂറോളം സ്ഥലത്ത് കുടുങ്ങി. അപകടത്തെത്തുടർന്ന് വാഷി പോലീസ് ഡമ്പറിൽ നിന്ന് ഒരാളെ കസ്റ്റഡിയിലെടുത്തു. അപകടത്തെത്തുടർന്ന് ഡമ്പർ ട്രക്ക് ഡ്രൈവർ ഓടി രക്ഷപ്പെട്ടു. ക്ലീനറാണ് , പോലീസ് പിടിയിലായത്. 

“ഡ്രൈവർ ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഞങ്ങൾ ഡമ്പറിന്റെ ക്ലീനറെ തടഞ്ഞുവച്ചു . ഡ്രൈവർക്ക് ബാലൻസ് നഷ്‌ടമായോ സാങ്കേതിക തകരാർ സംഭവിച്ചോ എന്ന് ഞങ്ങൾ ചോദ്യം ചെയ്യുന്നു. ഡമ്പർ അതിവേഗത്തിലായിരുന്നു. ഞങ്ങൾ ട്രക്ക് പിടിച്ചെടുത്തു. സ്‌ട്രെച്ചിലെ സിസിടിവി ദൃശ്യങ്ങൾ ഞങ്ങൾ പരിശോധിക്കും, ഇത് അന്വേഷണത്തിൽ ഞങ്ങളെ സഹായിക്കും.. ” വാഷി പോലീസ് സ്‌റ്റേഷനിലെ സീനിയർ പോലീസ് ഇൻസ്‌പെക്ടർ രമേഷ് ചവാൻ ഹിന്ദുസ്ഥാൻ ടൈംസിനോട് പറഞ്ഞു, 

ബൈക്ക് യാത്രികര്‍ ഡമ്പര്‍ ലോറിക്കും മറ്റൊരു വാഹനത്തിനും ഇടയിൽ കുടുങ്ങിയതായി അപകടം നടന്നയുടൻ സ്ഥലത്തെത്തിയ ട്രാഫിക് ഉദ്യോഗസ്ഥർ പറഞ്ഞു. ഫയർഫോഴ്‌സും ട്രാഫിക് ഉദ്യോഗസ്ഥരും ചേർന്നാണ് ഇവരെ പുറത്തെടുത്തത്. ഇരുവരെയും ആദ്യം തൊട്ടടുത്ത ഒരു ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇവര്‍ക്ക് ഒന്നിലധികം പരിക്കുകൾ ഉണ്ടായിരുന്നതിനാൽ, അവരെ തുടർ ചികിത്സയ്ക്കായി മറ്റരൊു ആശുപത്രിയിലേക്ക് മാറ്റി.

ഡമ്പർ ട്രക്ക് പോലുള്ള ഭാരവാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് ഇതാദ്യമായല്ല. ഈ സാഹചര്യത്തിൽ, ഡ്രൈവർ അമിത വേഗതയിലാണോ അതോ കൃത്യസമയത്ത് നിർത്താൻ കഴിയാത്തതിനാൽ ട്രക്ക് എന്തെങ്കിലും മെക്കാനിക്കൽ പ്രശ്‌നം നേരിട്ടിട്ടുണ്ടോ എന്ന് കണ്ടെത്താൻ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ട്രക്കുകളും ബസുകളും പോലെയുള്ള ഭാരവാഹനങ്ങൾക്ക് സ്പീഡ് ലിമിറ്ററോ സ്പീഡ് ഗവർണറോ ഉണ്ടായിരിക്കണം. എന്നാൽ മിക്കപ്പോഴും, ഡ്രൈവർമാർ ഈ സിസ്റ്റം മറികടന്ന് ഓടിക്കുന്നതും അമിതവേഗത്തിൽ ഓടിക്കുന്ന ബസുകളോ ട്രക്കുകളോ നമ്മുടെ ഹൈവേകളിൽ പ്രത്യേകിച്ച് രാത്രിയിൽ സാധാരണ കാഴ്ചയാണ്. ഇത്തരം സംഭവങ്ങൾ ഒഴിവാക്കാൻ ഇത്തരം വാഹനങ്ങളിൽ നിന്ന് അകലം പാലിക്കുന്നതാകും എപ്പോഴും നല്ലത്.

Follow Us:
Download App:
  • android
  • ios