ചിപ്പ് വിതരണത്തില്‍ പുരോഗതി; പ്രതീക്ഷയോടെ മാരുതി സുസുക്കി

Published : Dec 25, 2021, 04:20 PM IST
ചിപ്പ് വിതരണത്തില്‍ പുരോഗതി; പ്രതീക്ഷയോടെ മാരുതി സുസുക്കി

Synopsis

സാമ്പത്തിക വർഷത്തെ നാലാം പാദത്തിൽ കമ്പനിക്ക് ഈ സംഖ്യ കൈവരിക്കാൻ കഴിയുമെങ്കിൽ, ഒരു ദശാബ്ദത്തിനിടയിലെ എക്കാലത്തെയും ഉയർന്ന വാർഷിക വളർച്ചാ നിരക്ക് കൈവരിക്കാന്‍ കമ്പനിക്ക് സാധിക്കുമെന്നാണ് പ്രതീക്ഷ

ചിപ്പ് വിതരണത്തിലെ പുരോഗതിയില്‍ പ്രതീക്ഷ അര്‍പ്പിച്ച് രാജ്യത്തെ ഒന്നാം നിര പാസഞ്ചർ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി. ഈ പുരോഗതി കൂടുതൽ കാറുകളും എസ്‌യുവികളും നിർമ്മിക്കാനും വിൽക്കാനും സഹായിക്കുന്നതിനാൽ സാമ്പത്തിക വര്‍ഷത്തിലെ അടുത്ത പാദം ഈ സാമ്പത്തിക വർഷത്തിലെ ഏറ്റവും മികച്ചതായിരിക്കുമെന്ന പ്രതീക്ഷയിലാണ് മാരുതി സുസുക്കിയെന്ന് ഇക്കണോമിക്ക് ടൈംസ് ഓട്ടോ വിഭാഗം റിപ്പോര്‍ട്ട്.

ജനുവരി-മാർച്ച് പാദത്തിൽ 470,000 മുതല്‍ 490,000 വാഹനങ്ങൾ നിർമ്മിച്ച് വില്‍ക്കാനാണ് മാരുതി സുസുക്കി തയ്യാറെടുക്കുന്നത്. സാമ്പത്തിക വർഷത്തെ നാലാം പാദത്തിൽ കമ്പനിക്ക് ഈ സംഖ്യ കൈവരിക്കാൻ കഴിയുമെങ്കിൽ, ഒരു ദശാബ്ദത്തിനിടയിലെ എക്കാലത്തെയും ഉയർന്ന വാർഷിക വളർച്ചാ നിരക്ക് കൈവരിക്കാന്‍ കമ്പനിക്ക് സാധിക്കും. ഈ വില്‍പ്പന സംഖ്യ കൈവരിച്ചാല്‍  വളർച്ചാ നിരക്ക് 15 ശതമാനത്തോളം ഉയരും. കഴിഞ്ഞ വർഷത്തെ താഴ്ന്ന വില്‍പ്പന നിരക്ക് ഉയർത്താൻ ഇത് സഹായിക്കും. മൂന്ന് വർഷത്തിനിടയിലെ കമ്പനിയുടെ ഏറ്റവും ഉയർന്ന വോളിയം കൂടിയായിരിക്കും ഇത്. കഴിഞ്ഞ രണ്ട് സാമ്പത്തിക വർഷങ്ങളിൽ വിൽപ്പന കുറഞ്ഞിരുന്നു. വളര്‍ച്ചാ നിരക്ക് 23.5% ആയിരുന്ന FY11 ലാണ് അവസാനമായി കമ്പനി മെച്ചപ്പെട്ട വളർച്ച രേഖപ്പെടുത്തിയത്.

അടുത്ത പാദത്തില്‍ കണക്കുകൂട്ടുന്ന ഉൽപ്പാദനം മാരുതി സുസുക്കിയുടെ കഴിഞ്ഞ സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തിൽ രേഖപ്പെടുത്തിയ 492,000 യൂണിറ്റുകളുടെ ഏറ്റവും ഉയർന്ന ത്രൈമാസ ഉൽപ്പാദനത്തെ അപേക്ഷിച്ച് കുറവാണെന്നതും ശ്രദ്ധേയമാണ്.  ഏകദേശം 280,000 യൂണിറ്റുകളുടെ ബുക്കിംഗിൽ നിലവില്‍ ഉള്ളതിനാൽ ഉൽപ്പാദനം വർദ്ധിപ്പിക്കുന്നത് കമ്പനിയെ സംബന്ധിച്ചിടത്തോളം നിർണായകമാണ്. അർദ്ധചാലകങ്ങളുടെ ക്ഷാമം കാരണം ബുക്ക് ചെയ്‍തവ ഉപഭോക്താക്കള്‍ക്ക് വാഹനം ലഭിക്കുന്നതിനുള്ള കാത്തിരിപ്പ് കാലയളവ് മൂന്നുമുതല്‍ ആറ് മാസത്തേക്ക് വരെ നീളുന്നുണ്ട്. ഘടകങ്ങളുടെ വിതരണം ഇപ്പോഴും സ്‍തംഭനാവസ്ഥയിലായിരിക്കുമ്പോൾ തന്നെ ബുക്കിംഗ് നമ്പറുകൾ വർദ്ധിക്കുകയാണ്. ഇതും കമ്പനിയുടെ വിപണി വിഹിതത്തെ ബാധിച്ചു. ഇത് ഇപ്പോൾ കുറച്ച് മാസങ്ങളായി 40% ൽ താഴെയായി.

"ഉൽപ്പാദനത്തിന്റെ കാര്യത്തിൽ മാസാമാസം പുരോഗതിയുണ്ടെങ്കിലും, ഞങ്ങൾ ജാഗ്രത പാലിക്കുന്നു. ഉൽപ്പാദന നിലവാരം വർധിപ്പിക്കാൻ ഞങ്ങളുടെ ടീമുകൾ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ട്..” മാരുതി സുസുക്കിയുടെ ഒരു വക്താവ് പറഞ്ഞതായി ഇടി ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. നിലവിലെ സാഹചര്യത്തിൽ അനിശ്ചിതത്വമുള്ളതിനാൽ, ഉയർന്ന ലെഡ് ടൈം ഇറക്കുമതി ചെയ്‍ത ഭാഗങ്ങൾക്കും അസംസ്‌കൃത വസ്‍തുക്കൾക്കും വേണ്ടി സജീവമായ നടപടി സ്വീകരിക്കാനും സുരക്ഷാ ബഫർ സൂക്ഷിക്കാനും മാരുതി സുസുക്കി സപ്ലൈ ശൃംഖലയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇടി ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഓഗസ്റ്റ് മുതൽ നവംബർ വരെ കടുത്ത വിതരണ പ്രതിസന്ധിക്ക് സാക്ഷ്യം വഹിച്ച സാമ്പത്തിക വർഷത്തിന്റെ അവസാന പാദത്തിൽ കമ്പനി ഏകദേശം 85 മുതല്‍ 90 ശതമാനം ശേഷിയിൽ പ്രവർത്തിക്കാൻ സാധ്യതയുണ്ട്. കമ്പനി അണിനിരത്തുന്ന സപ്ലൈകളിലും പുതിയ മോഡലുകളിലും ക്രമാനുഗതമായ പുരോഗതിയോടെ, മതിയായ എണ്ണം അർദ്ധചാലകങ്ങൾ സുരക്ഷിതമാക്കാൻ കമ്പനിക്ക് കഴിയുമെങ്കിൽ, അടുത്ത സാമ്പത്തിക വർഷം അതിന്റെ ഏറ്റവും മികച്ച വർഷങ്ങളിലൊന്നായി മാറിയേക്കാം എന്നാണ് റിപ്പോര്‍ട്ടുകള്‍.

നടപ്പ് സാമ്പത്തിക വർഷത്തിന്‍റെ ആദ്യ എട്ട് മാസങ്ങളിൽ, മാരുതി സുസുക്കി 1.02 ദശലക്ഷത്തിലധികം വാഹനങ്ങൾ നിർമ്മിച്ചു എന്നാണ് കണക്കുകള്‍. അടായത് പ്രതിമാസം ശരാശരി 126,000 വാഹനങ്ങൾ കമ്പനി നിര്‍മ്മിച്ചു. നിലവിലെ പാദത്തിൽ, അതായത് ഒക്ടോബർ-നവംബർ മാസങ്ങളിൽ കമ്പനി 280,000 യൂണിറ്റുകൾ ഉത്പാദിപ്പിച്ചു. ഡിസംബറിൽ ഏകദേശം 150,000 യൂണിറ്റുകൾ കൂടി കൂട്ടിച്ചേർക്കാനാണ് മാരുതി സുസുക്കിയുടെ പദ്ധതിയെന്നും ഇക്കണോമിക്ക് ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.

PREV
Read more Articles on
click me!

Recommended Stories

നിങ്ങളുടെ കാർ ലോൺ ഇഎംഐ ഇത്രയും കുറഞ്ഞേക്കും; ആർബിഐയുടെ നിർണായക നീക്കം
സഞ്ചരിക്കുന്ന കോട്ട ഇന്ത്യയിലേക്ക്?! വൈറലായി മോദിയും പുടിനും ഒരുമിച്ച് സഞ്ചരിച്ച ആ കാ‍ർ