കാര്‍ മോഷണം പോയി, രണ്ടാംദിനം ഉടമയെത്തേടി ഓവര്‍ സ്‍പീഡിന് പിഴ നോട്ടീസ്!

By Web TeamFirst Published Sep 9, 2020, 1:30 PM IST
Highlights

മോഷണം പോയ വാഹനത്തിന്‍റെ ഉടമയെത്തേടി തൊട്ടു പിറ്റേന്ന് അമിതവേഗത്തിന് ട്രാഫിക്ക് പൊലീസിന്‍റെ ചലാന്‍ വന്നു. 

മോഷണം പോയ വാഹനത്തിന്‍റെ ഉടമയെത്തേടി തൊട്ടു പിറ്റേന്ന് അമിതവേഗത്തിന് ചലാന്‍ വന്നു. കിഴക്കന്‍ ദില്ലിയിലാണ് സംഭവം. വെസ്റ്റ് വിനോദ് നഗറിലെ ആശുപത്രിക്ക് സമീപം ഓഗസ്റ്റ് 24-ന് രാത്രി നിര്‍ത്തിയിട്ട കാറാണ് പിറ്റേന്ന് ഉച്ചമുതല്‍ കാണാതായത്. 

മോഷ്ടിക്കപ്പെട്ട കാറിനെക്കുറിച്ച് പൊലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് എൻഎച്ച്-10ൽവെച്ച് വേഗപരിധി ലംഘിച്ചതിനുള്ള ചെലാൻ ഉടമയ്ക്ക് ലഭിച്ചത്. വാഹനം കാണാതായ അന്നുതന്നെ വാഹന ഉടമ പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്തു. എന്നാൽ പിറ്റേ ദിവസം ഇതേ കാർ വേഗപരിധി ലംഘിച്ചതിനുള്ള ചെലാൻ ഉടമയ്ക്ക് ലഭിക്കുകയായിരുന്നു.  

അത്യാവശ്യകാര്യമുണ്ടായിരുന്നതിനാല്‍ റോഡരികില്‍ തന്നെ കാര്‍ പാര്‍ക്ക് ചെയ്ത് പോവുകയായിരുന്നു താനെന്ന് ഉടമ പറയുന്നു.  രാത്രി 9.45ന് റോഡില്‍ നിര്‍ത്തിയിട്ട വാഹനം പിറ്റേന്ന് ഉച്ചയ്ക്ക് വന്നുനോക്കിയപ്പോള്‍ കണ്ടില്ല. റോഡില്‍ പാര്‍ക്ക് ചെയ്തതിന് പോലീസ്  എടുത്തുകൊണ്ടു പോയതാണെന്നു കരുതി ആദ്യം അന്വേഷിച്ചു. എന്നാല്‍ അതല്ല സംഭവിച്ചതെന്ന് വ്യക്തമായി. അതിന് പിന്നാലെയാണ് അതിവേഗത്തിന് ചലാന്‍ വന്നത്. 

ഓഗസ്റ്റ് 26 ന് ബഹദൂർഗഡിലെ എൻ‌എച്ച് -10 റോഹ്തക് റോഡിൽ നിന്ന് മുണ്ട്കയിലേക്കുള്ള ദിശയിൽ കാർ അമിതവേഗത്തിൽ പോയതായി കണ്ടെത്തി  എന്നായിരുന്നു ട്രാഫിക്ക് പൊലീസിന്‍റെ ചലാനില്‍ രേഖപ്പെടുത്തിയിരുന്നത് എന്ന് കാറുടമയായ യുവതി പറഞ്ഞു. മൊബൈല്‍ ഫോണ്‍, ഡ്രൈവിങ് ലൈസന്‍സ്, ഡെബിറ്റ് കാര്‍ഡ്, ആര്‍.സി. രേഖകള്‍, വോട്ടര്‍ ഐ.ഡി. കാര്‍ഡ് എന്നിവ വാഹനത്തില്‍ ഉണ്ടായിരുന്നു.

സഭവത്തില്‍ മണ്ടാവലി പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്‍ത എഫ്ഐആർ മധു വിഹാർ പോലീസ് സ്റ്റേഷനിലേക്ക് മാറ്റിയിട്ടുണ്ട്.  ട്രാഫിക് ചെലാനിൽ നിന്ന് വിശദാംശങ്ങൾ ശേഖരിച്ചെന്നും പക്ഷേ വലിയ പ്രയോജനമുണ്ടായില്ലെന്നും ഡ്രൈവറുടെ ചിത്രം വ്യക്തമല്ലെന്നും വാഹനം കണ്ടെത്താൻ ആന്റി ഓട്ടോ തെഫ്റ്റ് സ്ക്വാഡ് ശ്രമിക്കുന്നതായും മധു വിഹാർ സ്റ്റേഷൻ ഹൌസ് ഓഫീസർ പറഞ്ഞു.
 

click me!