ഡൽഹിയിൽ വൻമാറ്റം: സ്‍കൂൾ ബസുകളുടെ 30 ശതമാനം ഇലക്ട്രിക് ആക്കാൻ പദ്ധതി

Published : Mar 13, 2026, 09:27 PM IST
School Bus, School Bus Safety, Electric School Bus, Electric School Bus Safety

Synopsis

ഡൽഹിയിലെ വായു മലിനീകരണം കുറയ്ക്കുന്നതിനായി സർക്കാർ പുതിയ ഇലക്ട്രിക് വാഹന നയം നടപ്പാക്കുന്നു. ഈ നയപ്രകാരം 2030-ഓടെ 30% സ്കൂൾ ബസുകൾ ഇലക്ട്രിക് ആക്കുകയും, പുതിയ പെട്രോൾ/ഡീസൽ ഇരുചക്ര/മുച്ചക്ര വാഹനങ്ങളുടെ രജിസ്ട്രേഷൻ ഘട്ടംഘട്ടമായി നിർത്തലാക്കുകയും ചെയ്യും. ഇലക്ട്രിക് വാഹനങ്ങൾക്ക് നികുതിയിളവുകളും ബാറ്ററി റീസൈക്ലിംഗ് കേന്ദ്രങ്ങളും പദ്ധതിയുടെ ഭാഗമാണ്.

ലസ്ഥാന നഗരത്തിലെ വായു മലിനീകരണം കുറയ്ക്കുകയും വൈദ്യുത വാഹനങ്ങളുടെ ഉപയോഗം വർധിപ്പിക്കുകയും ചെയ്യുന്നതിനായി പുതിയ ഡൽഹി ഇലക്ട്രിക് വാഹന (EV) നയം നടപ്പാക്കാൻ ഡൽഹി സർക്കാർ തയ്യാറെടുക്കുന്നു. ഈ നയപ്രകാരം 2030 മാർച്ച് 31-നകം നഗരത്തിൽ പ്രവർത്തിക്കുന്ന സ്‍കൂൾ ബസുകളിൽ കുറഞ്ഞത് 30 ശതമാനം വരെ ഇലക്ട്രിക് ബസുകളാക്കി മാറ്റണമെന്ന നിർദ്ദേശമാണ് മുന്നോട്ടുവച്ചിരിക്കുന്നത്. വരാനിരിക്കുന്ന ഡൽഹി നിയമസഭയുടെ ബജറ്റ് സമ്മേളനത്തിൽ ഈ നയം അവതരിപ്പിക്കുമെന്ന് സർക്കാർ രേഖകൾ സൂചിപ്പിക്കുന്നു.

വൈദ്യുതീകരണ പദ്ധതികൾ

പുതിയ നിർദേശപ്രകാരം സ്‍കൂൾ ബസുകളുടെ വൈദ്യുതീകരണം ഘട്ടംഘട്ടമായി നടപ്പാക്കും. നയം പ്രാബല്യത്തിൽ വന്നതിന് ശേഷം രണ്ട് വർഷത്തിനകം ഡൽഹിയിൽ ഓടുന്ന സ്കൂൾ ബസുകളുടെ 10 ശതമാനം ഇലക്ട്രിക് ആയിരിക്കണം. മൂന്നാം വർഷത്തോടെ ഇത് 20 ശതമാനമായി ഉയർത്തും. തുടർന്ന് 2030 മാർച്ച് 31-നകം ഈ വിഹിതം 30 ശതമാനമായി ഉയർത്തുകയാണ് ലക്ഷ്യം. സ്‍കൂളുകൾ സ്വന്തമായി ഉപയോഗിക്കുന്ന ബസുകൾക്കും കരാർ അടിസ്ഥാനത്തിൽ ഓടുന്ന ബസുകൾക്കും ഈ നിബന്ധന ബാധകമായിരിക്കും. പദ്ധതിയുടെ നടപ്പാക്കലിന് ഡൽഹി വിദ്യാഭ്യാസ വകുപ്പ് മേൽനോട്ടം വഹിക്കും.

സ്‍കൂൾ ഗതാഗതത്തിനൊപ്പം ഡൽഹി സർക്കാരിന്റെ ഔദ്യോഗിക വാഹനങ്ങളെയും പൂർണമായും ഇലക്ട്രിക് വാഹനങ്ങളാക്കാനുള്ള നിർദ്ദേശവും നയത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിലൂടെ സർക്കാർ വാഹനങ്ങളിൽ നിന്നുള്ള മലിനീകരണം കുറയ്ക്കാനാണ് ലക്ഷ്യം.

ഇതിനോടൊപ്പം പെട്രോൾ, ഡീസൽ വാഹനങ്ങളുടെ രജിസ്ട്രേഷനിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സർക്കാർ ആലോചിക്കുന്നു. 2027 ജനുവരി 1 മുതൽ പുതിയ മൂന്ന് ചക്ര വാഹനങ്ങൾക്ക് ഇലക്ട്രിക് മോഡലുകൾക്ക് മാത്രമേ രജിസ്ട്രേഷൻ അനുവദിക്കൂ എന്നതാണ് നിർദേശം. അതുപോലെ 2028 ഏപ്രിൽ 1 മുതൽ പുതിയ രണ്ട് ചക്ര വാഹനങ്ങൾക്കും ഇലക്ട്രിക് മോഡലുകൾക്ക് മാത്രമേ രജിസ്ട്രേഷൻ അനുവദിക്കൂ.

ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കാൻ സാമ്പത്തിക ആനുകൂല്യങ്ങളും നയം നിർദ്ദേശിക്കുന്നു. ഡൽഹിയിൽ രജിസ്റ്റർ ചെയ്യുന്ന എല്ലാ ഇലക്ട്രിക് വാഹനങ്ങൾക്കും 2030 മാർച്ച് 31 വരെ റോഡ് ടാക്സിലും രജിസ്ട്രേഷൻ ഫീസിലും 100 ശതമാനം ഇളവ് നൽകും. എന്നാൽ എക്‌സ് ഫാക്ടറി വില 30 ലക്ഷം രൂപയ്ക്ക് മുകളിലുള്ള ഇലക്ട്രിക് കാറുകൾക്ക് ഈ ഇളവ് ലഭിക്കില്ല.

ഇതിനൊപ്പം ഇലക്ട്രിക് വാഹനങ്ങളിൽ ഉപയോഗിക്കുന്ന ബാറ്ററികളുടെ ശേഖരണവും റീസൈക്ലിംഗും കാര്യക്ഷമമാക്കാൻ ബാറ്ററി കളക്ഷൻ കേന്ദ്രങ്ങൾ സ്ഥാപിക്കാനും പദ്ധതിയുണ്ട്. ഡൽഹി പൊള്യൂഷൻ കൺട്രോൾ കമ്മിറ്റിയുടെ മേൽനോട്ടത്തിൽ സ്വകാര്യ പങ്കാളിത്തത്തോടെ ഇത്തരം കേന്ദ്രങ്ങൾ ആരംഭിക്കുമെന്ന് നയരേഖയിൽ പറയുന്നു. പഴകിയ ബാറ്ററികളുടെ ശേഖരണം, സ്റ്റോറേജ്, ഗതാഗതം എന്നിവ സുരക്ഷിതമായി നടത്തുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങളും പുറത്തിറക്കുമെന്ന് അധികൃതർ അറിയിച്ചു.

PREV
Read more Articles on
click me!

Recommended Stories

ടെസ്റ്റ് ഡ്രൈവിനിടെ സിയറ 20 അടി താഴ്ചയിൽ കുഴിയിലേക്ക് മറിഞ്ഞു; യാത്രക്കാർ രക്ഷപ്പെട്ടതിങ്ങനെ
നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ