വരുന്നൂ ഇലക്ട്രിക് ഫെറാരി

By Web TeamFirst Published Apr 19, 2021, 11:43 AM IST
Highlights

ഇറ്റാലിയന്‍ സൂപ്പര്‍ സ്‍പോര്‍ട്‍സ് കാര്‍ നിര്‍മ്മാതാക്കളായ ഫെറാറിയുടെ ആദ്യ ഇലക്ട്രിക് കാര്‍ 2025 ല്‍ വിപണിയില്‍ എത്തും 

ഇറ്റാലിയന്‍ സൂപ്പര്‍ സ്‍പോര്‍ട്‍സ് കാര്‍ നിര്‍മ്മാതാക്കളായ ഫെറാറിയുടെ ആദ്യ ഇലക്ട്രിക് കാര്‍ 2025 ല്‍ വിപണിയില്‍ എത്തും എന്ന് റിപ്പോര്‍ട്ട്. ഫെറാറിയുടെ വാര്‍ഷിക പൊതുയോഗത്തില്‍ (എജിഎം) ചെയര്‍മാന്‍ ജോണ്‍ എല്‍ക്കാന്‍ ഇക്കാര്യം സ്ഥിരീകരിച്ചതായി ഫസ്റ്റ് സ്‍പോര്‍ട്ട് ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു. പുതു തലമുറകളിലേക്ക് ഫെറാരിയുടെ സവിശേഷതയും അഭിനിവേശവും കൈമാറുന്നതായിരിക്കും തങ്ങളുടെ ആദ്യ പൂര്‍ണ വൈദ്യുത വാഹനമെന്ന് അദ്ദേഹം വ്യക്തമാക്കി.  മറനെല്ലോയിലെ ഭാവനാശാലികളായ തങ്ങളുടെ എന്‍ജിനീയര്‍മാര്‍ക്കും ഡിസൈനര്‍മാര്‍ക്കും ഫെറാറിയുടെ ചരിത്രത്തിലെ സുപ്രധാന മോഡല്‍ സങ്കല്‍പ്പിക്കാന്‍ കഴിയുമെന്ന് ജോണ്‍ എല്‍ക്കാന്‍ പറഞ്ഞു. 

കഴിഞ്ഞ കുറച്ചുകാലമായി ആദ്യ ഇലക്ട്രിക് വാഹനത്തിന്റെ പ്രവര്‍ത്തനങ്ങളിലാണ് കമ്പനി. എന്നാല്‍ എപ്പോള്‍ വിപണിയിലെത്തുമെന്ന് ഇതുവരെ വെളിപ്പെടുത്തിയിരുന്നില്ല. അതേസമയം ഇലക്ട്രിക് കാറിന് അനുയോജ്യമായ സാങ്കേതികവിദ്യ വികസിപ്പിക്കുകയും ചെയ്തു. 4 വീല്‍ ഡ്രൈവ്, 2 സീറ്റര്‍ മോഡലിന്റെ പ്രവര്‍ത്തനങ്ങളിലാണ് ഫെറാറിയെന്ന് കഴിഞ്ഞ വര്‍ഷം ചോര്‍ന്ന പാറ്റന്റ് വിവരങ്ങള്‍ വ്യക്തമാക്കിയിരുന്നു. 

തങ്ങളുടെ നിലവാരത്തിന് യോജിച്ച കാര്‍ നിര്‍മിക്കുന്നതിന് ഇലക്ട്രിക് സാങ്കേതികവിദ്യ അനുവദിക്കുന്നതുവരെ ബാറ്ററി ഇലക്ട്രിക് വാഹനം വിപണിയില്‍ അവതരിപ്പിക്കില്ലെന്ന് കഴിഞ്ഞ വര്‍ഷം ഫെറാറിയുടെ വാണിജ്യ വിഭാഗം മേധാവി എന്റിക്കോ ഗാലിയേരയും വ്യക്തമാക്കിയിരുന്നു.

click me!