കാത്തിരിക്കുന്നത് അഗ്നിപരീക്ഷകള്‍; അതിജീവിക്കുമോ നിങ്ങളുടെ വണ്ടികള്‍?

Web Desk   | Asianet News
Published : Apr 19, 2021, 09:22 AM IST
കാത്തിരിക്കുന്നത് അഗ്നിപരീക്ഷകള്‍; അതിജീവിക്കുമോ നിങ്ങളുടെ വണ്ടികള്‍?

Synopsis

ഈ വാഹനങ്ങളുടെ രജിസ്ട്രേഷന്‍ പുതുക്കി ലഭിക്കണമെങ്കില്‍ കടക്കേണ്ടത് നിരവധി കടമ്പകള്‍

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്‍റെ വോളണ്ടറി വെഹിക്കിൾ സ്‌ക്രാപ്പേജ് പോളിസി യാതാര്‍ത്ഥ്യത്തിലേക്ക് അടുക്കാനൊരുങ്ങുകയാണ്. വാണിജ്യ വാഹനങ്ങള്‍ക്ക് 15 വര്‍ഷവും സ്വകാര്യ വാഹനങ്ങള്‍ക്ക് 20 വര്‍ഷവുമാണ് പോളിസി അനുസരിച്ചുള്ള ഉപയോഗപരിധി. 

അതേസമയം ഈ പൊളിക്കല്‍ പദ്ധതിക്ക് മാര്‍ഗ്ഗരേഖ തയ്യാറായതായാണ് പുതിയ റിപ്പോര്‍ട്ട്. ഇതിനുള്ള ഓട്ടോമേറ്റഡ് ടെസ്റ്റിങ് കേന്ദ്രങ്ങളുടെ കരട് രൂപരേഖ കേന്ദ്രസർക്കാർ പ്രസിദ്ധീകരിച്ചതായും ഒക്ടോബർ മുതൽ നടപ്പാക്കാനാണ് തീരുമാനം എന്നുമാണ് റിപ്പോര്‍ട്ടുകള്‍.

ഇതനുസരിച്ച് പഴയ വാഹനങ്ങളുടെ രജിസ്ട്രേഷന്‍ പുതുക്കി ലഭിക്കണമെങ്കില്‍ നിരവധി കടമ്പകള്‍ കടക്കേണ്ടതായി വരും. 15 വർഷം പഴക്കമുള്ള വാഹനങ്ങളുടെ രജിസ്‌ട്രേഷൻ പുതുക്കണമെങ്കിൽ ലൈറ്റുകൾ, വൈപ്പർ, തുടങ്ങി 43 ഘടകങ്ങളുടെ നേരിട്ടുള്ള പരിശോധനയില്‍ വിജയിക്കണമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ ഭാഗങ്ങളുടെ പരിശോധന കൂടാതെ എൻജിൻ, സസ്പെൻഷൻ, ബ്രേക്ക് എന്നിവയുടെ ക്ഷമത ഉറപ്പിക്കുന്ന 11 പരിശോധനകളും വിജയിച്ചാൽ മാത്രമേ അഞ്ചുവർഷത്തേക്ക്‌ രജിസ്‌ട്രേഷൻ പുതുക്കി ലഭിക്കുകയുള്ളൂ. 

അതായത് വാഹനത്തിന്‍റെ എൻജിനും സസ്പെൻഷനും മറ്റുഭാഗങ്ങളും പുത്തൻ വാഹനത്തിന്റേതുപോലെ പരിപാലിച്ചെങ്കിൽ മാത്രമേ ടെസ്റ്റ് പാസാകുകയുള്ളൂ. ടു വീലർ, ത്രീവീലർ, ലൈറ്റ് മോട്ടോർ, ഹെവി എന്നിങ്ങനെ തിരിച്ചാണ് പരിശോധന. പരിശോധനാഫലം നേരെ വാഹൻ വെബ്‌സൈറ്റില്‍ അപ്പ്‍ലോഡ് ചെയ്യും. ഈ വെബ്സൈറ്റിലൂടെ തന്നെയാണ് സർട്ടിഫിക്കറ്റ് നൽകുക. 

പരിശോധനയിൽ പരാജയപ്പെട്ടാല്‍ ഫലത്തിനെതിരേ രണ്ടു ദിവസത്തിനുള്ളിൽ ഓൺലൈനിൽ അപ്പീൽ നൽകാം. അഞ്ചുദിവസത്തിനുള്ളിൽ വാഹനം വീണ്ടും പരിശോധിക്കും. വാഹൻ പോർട്ടലിൽനിന്ന്‌ നിർദേശിക്കുന്ന മറ്റൊരു കേന്ദ്രത്തിലായിരിക്കും അത്. ഇങ്ങനെ മൂന്നിൽ കൂടുതൽ തവണ ഫിറ്റ്നസ് പരിശോധനയിൽ പരാജയപ്പെടുന്ന വാഹനം നിര്‍ബന്ധമായും പൊളിക്കാന്‍ നല്‍കേണ്ടി വരും എന്നാണ് റിപ്പോര്‍ട്ടുകള്‍. 

സംസ്ഥാന സർക്കാരുകൾക്ക് നേരിട്ടോ സ്വകാര്യപങ്കാളിത്തത്തോടെയോ പരിശോധനാ കേന്ദ്രങ്ങൾ സജ്ജീകരിക്കാം. ഈ പരിശോധനാ കേന്ദ്രങ്ങളില്‍ ടു വീലർ, ത്രീവീലർ, ലൈറ്റ് മോട്ടോർ, ഹെവി എന്നിങ്ങനെ ഓരോ വിഭാഗത്തിനും പ്രത്യേക ട്രാക്കുകൾ വേണം.  നിലവിൽ മോട്ടോർവാഹനവകുപ്പിന് ഇത്തരം എട്ട് സെന്റുകളുണ്ട്. 

അതേസമയം സ്‌ക്രാപേജ് പോളിസിയുടെ വിജയത്തിനായി പല പദ്ധതികളും കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന്‍റെ ഭാഗമായി പഴയ വാഹനം പൊളിച്ച ശേഷം പുതിയ വാഹനങ്ങള്‍ വാങ്ങുന്നവര്‍ക്ക് റോഡ് നികുതിയില്‍ കാര്യമായ ഇളവ് നല്‍കുന്ന കാര്യം കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. പഴയ വാഹനങ്ങള്‍ പൊളിക്കാന്‍ നല്‍കിയ ശേഷം പുതുതായി വാങ്ങുന്ന വാഹനങ്ങള്‍ക്ക് 25 ശതമാനം വരെ നികുതി ഇളവ് നല്‍കാനാണ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം നിര്‍ദേശിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ഗതാഗത വകുപ്പിന്റെ നിര്‍ദേശം അനുസരിച്ച് വെഹിക്കിള്‍ സ്‌ക്രാപ്പിങ്ങ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ പുതുതായി രജിസ്റ്റര്‍ ചെയ്യുന്ന സ്വകാര്യ വാഹനങ്ങള്‍ക്ക് 25 ശതമാനവും വാണിജ്യ വാഹനങ്ങള്‍ക്ക് 15 ശതമാനവും നികുതി ഇളവ് നല്‍കുമെന്നാണ് അറിയിച്ചിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇത് സംബന്ധിച്ച അന്തിമ തീരുമാനം സ്വീകരിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.

മലിനീകരണം, ഇന്ധനഇറക്കുമതി, വിലവർദ്ധന എന്നിവ കുറയ‌്ക്കുന്നത് ലക്ഷ്യമിട്ടുകൊണ്ടാണ് കേന്ദ്രസർക്കാരിന്റെ സ്‌ക്രാപ്പേജ് നീക്കം.  വാഹനം മൂലമുള്ള മലിനീകരണം തടയുന്നതിനും ഇന്ത്യയെ വാഹന ഹബ്ബാക്കി മാറ്റുന്നതിന്റെയും ഭാഗമായാണ് വെഹിക്കിള്‍ സ്‌ക്രാപ്പിങ്ങ് പോളിസി നടപ്പാക്കുന്നതെന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

 

PREV
click me!

Recommended Stories

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ
നിങ്ങളുടെ കാർ ലോൺ ഇഎംഐ ഇത്രയും കുറഞ്ഞേക്കും; ആർബിഐയുടെ നിർണായക നീക്കം