ഓക്സിജൻ ക്ഷാമം രൂക്ഷം; ഓക്സിജൻ എക്സ്‍പ്രസുമായി റെയിൽവേ!

By Web TeamFirst Published Apr 19, 2021, 10:29 AM IST
Highlights

കൊവിഡ് രോഗികൾക്കായി വിവിധ സംസ്ഥാനങ്ങളിലേക്ക് ഓക്സിജൻ അതിവേഗത്തില്‍ എത്തിക്കാൻ ഓക്സിജൻ എക്സ്പ്രസ് ട്രെയിനുകൾ

കൊവിഡിന്റെ രണ്ടാം തരംഗ ഭീഷണിയിലാണ് രാജ്യം. ഇതിനിടെ വിവിധ സംസ്ഥാനങ്ങളില്‍ ഓക്സിജന്‍ സിലിണ്ടറുകളുടെ ലഭ്യതയില്‍ കുറവുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നുകൊണ്ടിരിക്കുകയാണ്. 

ഇപ്പോഴിതാ ഈ പ്രശ്‍നത്തിന് ആശ്വസവുമായി ഓക്സിജന്‍ എത്തിക്കാന്‍ ഒരുങ്ങുകയാണ് ഇന്ത്യൻ റെയിൽവേയും.  ഓക്സിജൻ എക്സ്പ്രസ് ട്രെയിനുകൾ ഗ്രീൻ കോറിഡോർവഴി ഓടിക്കാനൊരുങ്ങുകയാണ് ഇന്ത്യന്‍ റെയിൽവേ എന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കൊവിഡ് രോഗികൾക്കായി വിവിധ സംസ്ഥാനങ്ങളിലേക്ക് ഓക്സിജൻ അതിവേഗത്തില്‍ എത്തിക്കുകയാണ് ലക്ഷ്യം. 

ലിക്വിഡ് മെഡിക്കൽ ഓക്സിജൻ നിറച്ച ടാങ്കറുകൾ ചരക്കു ട്രെയിനുകളിൽ വെച്ചുകൊണ്ടുപോകാനാണ് റെയില്‍വേയുടെ നീക്കം. ഇവയുടെ സുഗമമായ നീക്കത്തെക്കുറിച്ച് സംസ്ഥാന ഗതാഗത കമ്മിഷണർമാരുമായി റെയിൽവേ ശനിയാഴ്ച ചർച്ചനടത്തി എന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ രീതിയിൽ റെയിൽവേ ഓക്സിജൻ എത്തിച്ചുകൊടുക്കണം എന്നാവശ്യപ്പെട്ട് മധ്യപ്രദേശ്, മഹാരാഷ്ട്ര സർക്കാരുകൾ റെയിൽ‌വേ മന്ത്രാലയത്തെ സമീപിച്ചിരുന്നു. ഇതേത്തുടർന്നാണ് ഓക്സിജൻ എക്സ്പ്രസുകൾ ഓടിക്കാൻ റെയിൽവേ തീരുമാനിച്ചത്. ഇതിനുള്ള നിർദേശങ്ങൾ മേഖലാ ഓഫീസുകൾക്കുനൽകിയതായി റെയിൽവേ അധികൃതര്‍ പറയുന്നു. 

കോവിഡ് ബാധിതരിലെ ചില മെഡിക്കൽ അവസ്ഥകളുടെ ചികിത്സയിൽ ഓക്സിജൻ ഒരു പ്രധാന ഘടകമാണെന്ന് സൂചിപ്പിച്ച റെയിൽ‌വേ മന്ത്രാലയം മധ്യപ്രദേശ്, മഹാരാഷ്ട്ര സർക്കാരുകളുടെ അഭ്യർത്ഥനപ്രകാരം ലിക്വിഡ് മെഡിക്കൽ ഓക്സിജന്‍ ടാങ്കറുകള്‍ എത്തിക്കുന്നതിന്‍റെ സാങ്കേതിക സാധ്യതകൾ പരിശോധിച്ചതായായാണ് വ്യക്തമാക്കിയത്. ഓക്സിജൻ എക്സ്പ്രസ് ട്രെയിനുകളുടെ വേഗത്തിലുള്ള ഗതാഗതം ഉറപ്പാക്കുന്നതിന് ഒരു ഗ്രീന്‍ ഇടനാഴി സൃഷ്ടിക്കും. പരീക്ഷണാടിസ്ഥാനത്തില്‍ മുബൈക്ക് സമീപത്തെ സ്റ്റേഷനുകളില്‍ നിന്നും കാലി ടാങ്കറുകള്‍ വഹിച്ചുകൊണ്ടുള്ള നീക്കം സംഘടിപ്പിക്കുമെന്നും റെയില്‍വെ വ്യക്തമാക്കി. 

അംഗീകൃത മെഡിക്കൽ ഓക്സിജൻ പ്ലാന്റുകൾ സ്ഥാപിക്കുന്നത് വേഗത്തിലാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന അവലോകന യോഗം നിര്‍ദേശിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് റെയില്‍വേയുടെ പ്രഖ്യാപനം. എല്ലാ സംസ്ഥാനങ്ങളിലും പിഎം കെയറിൽ നിന്ന് 162 പിഎസ്എ ഓക്സിജൻ പ്ലാന്റുകൾ സ്ഥാപിക്കുന്നുണ്ടെന്നും ഒരു ലക്ഷം സിലിണ്ടറുകൾ ഉടൻ സംസ്ഥാനങ്ങൾക്ക് വിതരണം ചെയ്യുമെന്നും അധികൃതർ ഇതിനോടകം അറിയിച്ചിട്ടുണ്ട്.

അതേസമയം ട്രെയിൻ ബോഗികളിലും ആശുപത്രി സജ്ജീകരണങ്ങൾ ഒരുക്കിത്തുടങ്ങി. കിടക്കയും ഫാനും ഓക്സിജൻ സിലണ്ടർ അടക്കമുള്ള സൗകര്യങ്ങൾ തയാറാക്കിയാണ് ട്രെയിൻ ആശുപത്രികൾ ഒരുക്കിയിരിക്കുന്നത്. രോഗികളുടെ എണ്ണം കൂടിയതോടെ ആശുപത്രികൾ നിറഞ്ഞതോടെയാണ് ഈ അതിവേഗ നടപടി. ഇതിന്‍റെ ഭാഗമായി ദില്ലിയിലെ ശാകുർ ബാസ്‍തി സ്റ്റേഷനിൽ 800 കിടക്കകളുമായി 19 ഐസലേഷൻ കോച്ചുകളും ആനന്ദ് വിഹാർ സ്റ്റേഷനിൽ 25 കോച്ചുകളും തയാറായിക്കഴിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. സംസ്ഥാനങ്ങളുടെ ആവശ്യപ്രകാരം മൂന്ന് ലക്ഷംവരെ ഐസലേഷൻ കിടക്കകൾ ഒരുക്കാനാകുമെന്നാണ് ഇന്ത്യന്‍ റെയില്‍വേ ഉറപ്പു പറയുന്നത്. 

click me!