ഓടിക്കൊണ്ടിരുന്ന കാർ വളഞ്ഞിട്ട് ചവിട്ടി കാട്ടാനക്കൂട്ടം, രക്ഷകനായി ഒരു ജീപ്പ്!

By Web TeamFirst Published Jun 19, 2021, 1:18 PM IST
Highlights

റോഡരികിലെ ഏലച്ചെടികള്‍ക്ക് ഇടയില്‍ മറഞ്ഞ് നിൽക്കുകയായിരുന്ന കാട്ടാനകൾ കാറിന് നേരെ പാഞ്ഞടുത്തു. മുന്നിൽനിന്നും പിന്നിൽ നിന്നുമായി റോഡിന്‍റെ ഇരുഭാഗത്തു നിന്നും കാട്ടാനകൾ കാറിനു നേരെ വന്നു

ഓടിക്കൊണ്ടിരുന്ന കാറിനെ കാട്ടാനാക്കൂട്ടം ആക്രമിച്ചു. കാറില്‍ ഉണ്ടായിരുന്ന കുട്ടി ഉള്‍പ്പെടെയുള്ളവര്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ഇടുക്കി ചിന്നക്കനാലിന് സമീപം അരമനപ്പാറയിലാണ് സംഭവം.

കജനാപ്പാറ- മുട്ടുകാട് റോഡിൽ അരമനപ്പാറയ്ക്കു സമീപം ഓടിക്കൊണ്ടിരുന്ന കാറിനു നേരെയാണ് കാട്ടാനക്കൂട്ടത്തിന്‍റെ ആക്രമണം നടന്നത്. ബൈസൺവാലി മുട്ടുകാട് കൊങ്ങിണിസിറ്റി സ്വദേശി പന്തലാനിൽ ഷിജോയുടെ കാറിന് നേർക്കാണ് ആക്രമണം ഉണ്ടായത്.

വെള്ളിയാഴ്ച രാത്രിയാണ് സംഭവം. അയൽപക്കത്തെ വീണുപരിക്കേറ്റ കുട്ടിയെയും കൊണ്ട് ഷിജോ ആശുപത്രിയിലേക്ക്‌ പോകുന്നതിനിടെയായിരുന്നു ആക്രമണം. കുട്ടിയുടെ അമ്മയും കാറിൽ ഉണ്ടായിരുന്നു. ഏലത്തോട്ടം മേഖലയായ അരമനപ്പാറയിൽ കാര്‍ എത്തിയപ്പോൾ റോഡരികിലെ ഏലച്ചെടികള്‍ക്ക് ഇടയില്‍ മറഞ്ഞ് നിൽക്കുകയായിരുന്ന ഏഴോളം കാട്ടാനകൾ വാഹനത്തിന് നേർക്ക് പാഞ്ഞടുക്കുകയായിരുന്നു.  മുന്നിൽനിന്നും പിന്നിൽ നിന്നുമായി റോഡിന്‍റെ ഇരുഭാഗത്തു നിന്നും കാട്ടാനകൾ കാറിനു നേരെ വന്നതോടെ അപകടം മനസിലാക്കിയ മൂവരും കാറിൽ നിന്നു ഇറങ്ങി ഓടി. അപ്പോള്‍ ആ വഴി വന്ന മറ്റൊരു ജീപ്പിൽ ഇവര്‍ അഭയം തേടുകയായിരുന്നു. 

ഇതിനിടെ മുൻഭാഗത്തു കൂടി വന്ന കാട്ടാനകളില്‍ ഒരെണ്ണം കാറിന്റെ ബോണറ്റിൽ ചവിട്ടി. ഓടുന്നതിനിടെ  മൂവർക്കും പരുക്കേറ്റു. യാത്രികരെ രാജകുമാരിയിലെ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകി. കജനാപ്പാറയിലെ ഏലത്തോട്ടങ്ങളിൽ കഴിഞ്ഞ ഒരാഴ്‍ചയായി കാട്ടാനകൾ തമ്പടിച്ചിട്ടുണ്ടെന്നും ഈ ആനക്കൂട്ടമാണ് കാറിനെ ആക്രമണം നടത്തിയതെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!