
കഴിഞ്ഞ കുറച്ചുകാലമായി നിരത്തിലും വിപണിയിലും ഇലക്ട്രിക്ക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കാനുള്ള നീക്കമാണ് കേന്ദ്രവും വിവിധ സംസ്ഥാന സര്‍ക്കാരുകളുമൊക്കെ നടത്തിക്കൊണ്ടിരിക്കുന്നത്. അടുത്തിടെയാണ് ഗുജറാത്ത്, മഹാരാഷ്ട്ര, ദില്ലി, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങള്‍ തങ്ങളുടെ ഇവി നയങ്ങള്‍ പ്രഖ്യാപിച്ചത്. മികച്ച ഓഫറുകളാല്‍ സമ്പന്നമായിരുന്നു ഈ സംസ്ഥാനങ്ങള്‍ അവതരിപ്പിച്ച ഇലക്ട്രിക്ക് വാഹന പോളിസികള്‍. ഇപ്പോഴിതാ ഈ സംസ്ഥാനങ്ങളെക്കാള്‍ ഒരുപടി കൂടി കടന്ന് തങ്ങളുടെ ഇലക്ട്രിക്ക് വാഹന നയം പ്രഖ്യാപിച്ചിരിക്കുകയാണ് രാജസ്ഥാന്‍ സര്‍ക്കാര്‍ എന്ന് ടൈംസ് ഡ്രൈവ് റിപ്പോര്‍ട്ട് ചെയ്യുന്നു.
വാഹന ഉടമയില്‍ നിന്നും ഈടാക്കുന്ന ജിഎസ്‍ടി വിഹിതം ഉടമയ്ക്ക് മടക്കി നല്‍കുന്നത് ഉള്‍പ്പെടെയുള്ള നിര്‍ണ്ണായക പ്രഖ്യാപനങ്ങളാണ് രാജസ്ഥാന്‍റെ വൈദ്യുത വാഹന നയത്തിലുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍. വാഹനത്തിന്റെ ബാറ്ററിയുടെ ശേഷി അനുസരിച്ച് വിലയില്‍ സബ്‌സിഡി നല്‍കുന്നതിന് ഒപ്പമാണ് ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കുന്ന ജി.എസ്.ടിയിലെ സംസ്ഥാനങ്ങളുടെ വിഹിതം വാഹന ഉടമയ്ക്ക് തന്നെ മടക്കി നല്‍കാനുള്ള പ്രഖ്യാപനവും.
2021 ഏപ്രില്‍ ഒന്ന് മുതല്‍ 2022 മാര്‍ച്ച് 31 വരെയുള്ള കാലയളവില്‍ വാങ്ങുന്ന ഇലക്ട്രിക് വാഹനങ്ങള്‍ക്കാണ് ജി.എസ്.ടി. വിഹിതം മടക്കി നല്‍കുകയെന്ന് സര്‍ക്കാര്‍ അറിയിച്ചു. ബില്ലില്‍ കാണിച്ചിരിക്കുന്ന ജി.എസ്.ടി. തുക ഉപയോക്താവ് ഷോറൂമില്‍ അടയ്ക്കണം. എന്നാല്‍, ഇത് പിന്നീട് ഓരോ ജില്ലകളിലെയും ഗതാഗത വകുപ്പ് വാഹന ഉടമകളുടെ അക്കൗണ്ടുകളില്‍ നിക്ഷേപിക്കുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിട്ടുള്ളത്.
ഇതിനുപുറമെയാണ് സബ്‍സിഡിയും ലഭിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍. 2kWh വരെ ബാറ്ററി കപ്പിസിറ്റിയുള്ള ഇരുചക്ര വാഹനങ്ങള്‍ക്ക് 5000 രൂപയും, 2-4.kWh വരെ ബാറ്ററി കപ്പാസിറ്റിയുള്ള വാഹനങ്ങള്‍ക്ക് 7000 രൂപയും 4-5kWh വരെ ബാറ്ററി കാപ്പാസിറ്റിയുള്ള വാഹനങ്ങള്‍ക്ക് 9000 രൂപയും 5kWh-ന് മുകളില്‍ ബാറ്ററി ശേഷിയുള്ള വാഹനങ്ങള്‍ക്ക് 10000 രൂപ വരെയും സബ്‌സിഡിയും നല്‍കും.
ഇലക്ട്രിക് റിക്ഷകള്‍ക്കും ചരക്ക് വാഹനങ്ങള്‍ക്കും രാജസ്ഥാന്‍ സര്‍ക്കാര്‍ സമാനമായ ആനുകൂല്യങ്ങള്‍ നല്‍കുന്നുണ്ട്. 10,000 രൂപ മുതല്‍ 20,000 രൂപ വരെയുള്ള സബ്‌സിഡിയാണ് ഇത്തരം വാഹനങ്ങള്‍ക്ക് നല്‍കുകയെന്നാണ് റിപ്പോര്‍ട്ട്. ഫെയിം 2 പദ്ധതി പ്രകാരം കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന ആനുകൂല്യങ്ങള്‍ക്ക് പുറമെയാണ് സംസ്ഥാന സര്‍ക്കാരുകള്‍ ഇലക്ട്രിക് വാഹന നയത്തിലൂടെ ആനുകൂല്യങ്ങള്‍ ഒരുക്കുന്നത്.
അടുത്തിടെയാണ് ഗുജറാത്ത് സര്‍ക്കാര്‍ പുതിയ ഇലക്ട്രിക്ക് വാഹന നയം പ്രഖ്യാപിച്ചത്. ഈ നയം അനുസരിച്ച് ഇലക്ട്രിക് വാഹനങ്ങള്‍ക്ക് സബ്‌സിഡി നല്‍കുന്നതിനായി അടുത്ത നാല് വര്‍ഷത്തേക്ക് 870 കോടി രൂപയാണ് ഗുജറാത്ത് സർക്കാർ വകയിരുത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. മുഖ്യമന്ത്രി വിജയ് രൂപാണിയാണ് ഇലക്ട്രിക് വാഹനങ്ങൾക്ക് സബ്‍സിഡി നൽകുന്ന പുതിയ പദ്ധതി പ്രഖ്യാപിച്ചത്. ഇലക്ട്രിക് വാഹനങ്ങളിലേക്ക് കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനാണ് നീക്കം.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona