പാടണോ? വരികള്‍ മുന്നിലെത്തും, ഒറ്റ ക്ലിക്കില്‍ ഒമ്പത് ജാലകങ്ങളും തുറക്കും; ആ കാര്‍ ഇന്ത്യയിലേക്ക്!

By Web TeamFirst Published Jan 11, 2020, 8:50 AM IST
Highlights

അമേരിക്കൻ ഇലക്ട്രിക് വാഹന നിർമാതാക്കളായ ഫിസ്‍കര്‍ ഇന്‍ക് ഇന്ത്യയിലേക്ക്

അമേരിക്കൻ ഇലക്ട്രിക് വാഹന നിർമാതാക്കളായ ഫിസ്‍കര്‍ ഇന്‍ക് ഇന്ത്യയിലേക്ക്. കമ്പനിയുടെ പുത്തൻ വാഹനമായ ഓഷ്യൻ ഇ-എസ്‌യുവി ആണ് ഇന്ത്യന്‍ വിപണിയിലെത്തുന്നത്. ഈ വാഹനത്തെ 2020 CES ഷോയില്‍ അനാച്ഛാദനം ചെയ്തിരുന്നു.  ഈ വാഹനം 2021 ല്‍ യുഎസിലും 2022 ല്‍ യൂറോപ്പിലും ചൈനയിലും വില്‍പ്പന ആരംഭിക്കും. തുടര്‍ന്ന് വാഹനത്തെ ഇന്ത്യന്‍ വിപണിയിലും അവതരിപ്പിക്കും. കൂടാതെ ഇന്ത്യയിൽ ഒരു അസംബ്ലി സൗകര്യം സ്ഥാപിക്കുന്നതും കമ്പനിയുടെ പരിഗണനയിലുണ്ട്.

ഫിസ്‌കര്‍  നിര്‍മിച്ച പൂര്‍ണ വൈദ്യുത (ഓള്‍ ഇലക്ട്രിക്) എസ്‌യുവിയാണ് ഓഷ്യന്‍. 80 കിലോവാട്ട് അവര്‍ ബാറ്ററി പാക്കാണ് ഫിസ്‌കര്‍ ഓഷ്യന്‍റെ ഹൃദയം. ബാറ്ററി പൂര്‍ണമായി ചാര്‍ജ് ചെയ്താല്‍ 300 മൈല്‍ അഥവാ 480 കിലോമീറ്റര്‍ സഞ്ചരിക്കാം. വാഹനത്തിന്റെ  പവറും ടോർക്കും കമ്പനി ഇത് വരെ പുറത്തു വിട്ടിട്ടില്ല. പൂജ്യത്തില്‍നിന്ന് മണിക്കൂറില്‍ നൂറ് കിലോമീറ്റര്‍ വേഗമാര്‍ജിക്കാന്‍ മൂന്ന് സെക്കന്‍ഡ് സമയം മതി. 2 വീല്‍ ഡ്രൈവ്, ഓള്‍ വീല്‍ ഡ്രൈവ് വേരിയന്റുകള്‍ തെരഞ്ഞെടുക്കാം.

കാബിനില്‍, ലളിതമായ ഡാഷ്‌ബോര്‍ഡ് ഡിസൈന്‍, നടുവില്‍ വലിയ ടച്ച്‌സ്‌ക്രീന്‍ എന്നിവ കാണാം. ഇന്‍സ്ട്രുമെന്റ് കണ്‍സോളിന് ചെറിയ സ്‌ക്രീന്‍ നല്‍കി. ഹെഡ്‌സ്-അപ് ഡിസ്‌പ്ലേ ഉണ്ടായിരിക്കും. കാറിനകത്തിരുന്ന് പാടാന്‍ ആഗ്രഹം തോന്നിയാല്‍ ഹെഡ്‌സ്-അപ് ഡിസ്‌പ്ലേയില്‍ പാട്ടിന്റെ വരികള്‍ തെളിഞ്ഞുവരും. കാലിഫോര്‍ണിയ മോഡ് ആണ് ഈ ഇലക്ട്രിക് എസ്‌യുവിയുടെ മറ്റൊരു സവിശേഷത. ഒരു ബട്ടണ്‍ അമര്‍ത്തിയാല്‍ പിറകിലെ വിന്‍ഡ്‌സ്‌ക്രീന്‍, സണ്‍റൂഫ് എന്നിവ ഉള്‍പ്പെടെ ആകെയുള്ള ഒമ്പത് വിന്‍ഡോകളും ഒരുമിച്ച് തുറക്കും.

പ്രീമിയം ഇ-എസ്.യു.വിയായ ഫിസ്‌കർ ഓഷ്യന്റെ വില ഏകദേശം 27 ലക്ഷം രൂപയാണ്. ഇത് ടെസ്ല മോഡൽ 3 യുടെ വിലയേക്കാൾ കുറവാണ്. എസ്‌.യു.വി യുടെ പ്രീ ബുക്കിംഗ് അമേരിക്കയിൽ ആരംഭിച്ചു കഴിഞ്ഞു. ഏകദേശം 18,000 രൂപ കൊടുത്തു വാഹനം ബുക്ക് ചെയ്യാം.

എസ്‌യുവിയുടെ താഴ്ന്ന വേരിയന്റുകള്‍ ഇന്ത്യന്‍ വിപണിയില്‍ നല്ല മല്‍സരം കാഴ്ച്ചവെയ്ക്കുമെന്ന് ഫിസ്‌കര്‍ ഇന്‍ക്. ചെയര്‍മാനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ ഹെന്റിക് ഫിസ്‌കര്‍ പറഞ്ഞു. വില പിന്നെയും കുറയ്ക്കുന്നതിന് ഇലക്ട്രിക് എസ്‌യുവി ഇന്ത്യയില്‍ അസംബിള്‍ ചെയ്യുന്നതും പരിഗണിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്ത്യന്‍ ഉപയോക്താക്കള്‍ക്ക് ലോകത്തെ ഏറ്റവും സുസ്ഥിരമായ പ്രീമിയം ഇലക്ട്രിക് വാഹനം ലഭ്യമാക്കാന്‍ ആഗ്രഹിക്കുന്നതായി ഹെന്റിക് ഫിസ്‌കര്‍ പറഞ്ഞു.
 

click me!