വിറ്റത് അരലക്ഷം ഇവികള്‍, നാഴികക്കല്ല് പിന്നിട്ട് ഹീറോ ഇലക്ട്രിക്

By Web TeamFirst Published Nov 3, 2021, 3:48 PM IST
Highlights

2021 ഒക്ടോബര്‍ മാസം വരെയുള്ള കണക്കുകള്‍ പ്രകാരം 50,331 യൂണിറ്റ് ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളാണ് രാജ്യത്തെ പ്രമുഖ ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹീറോയുടെ ഇലക്ട്രിക്ക് വിഭാഗമായ ഹീറോ ഇലക്ട്രിക്ക് വിറ്റഴിച്ചതെന്നാണ് കണക്കുകള്‍.

വാഹന വിൽപ്പന 50,000 യൂണിറ്റ് പിന്നിട്ടതായി ഹീറോ ഇലക്ട്രിക് (Hero Electric) അറിയിച്ചു. നടപ്പു സാമ്പത്തിക വർഷം ഡിമാൻഡ് വർധിച്ചതാണ് ഈ സംഖ്യ കൈവരിക്കാനായതെന്ന് കമ്പനി പത്രക്കുറിപ്പിൽ അറിയിച്ചതായി ബൈക്ക് വേല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 2022 സാമ്പത്തിക വർഷത്തിന്റെ അവസാനത്തോടെ ശക്തമായ വിൽപ്പന ലക്ഷ്യവും വിപണി വിഹിതവും കൈവരിക്കാൻ ഈ നാഴികക്കല്ല് സഹായിക്കുമെന്നും കമ്പനി വ്യക്തമാക്കി. 

2021 ഒക്ടോബര്‍ മാസം വരെയുള്ള കണക്കുകള്‍ പ്രകാരം 50,331 യൂണിറ്റ് ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളാണ് രാജ്യത്തെ പ്രമുഖ ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹീറോയുടെ ഇലക്ട്രിക്ക് വിഭാഗമായ ഹീറോ ഇലക്ട്രിക്ക് വിറ്റഴിച്ചതെന്നാണ് കണക്കുകള്‍. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് അനുകൂലമായ സാഹചര്യമുള്ളതിനാല്‍ തങ്ങളുടെ എക്കാലത്തെയും മികച്ച വില്‍പ്പനയാണ് കണ്ടതെന്ന് ഹീറോ ഇലക്ട്രിക് വ്യക്തമാക്കി. 

ഒപ്റ്റിമ, എന്‍വൈഎക്‌സ് എന്നീ മോഡലുകളാണ് 50,000 എന്ന നേട്ടം വേഗത്തില്‍ കൈവരിക്കാന്‍ ഹീറോ ഇലക്ട്രിക്കിനെ സഹായിച്ചത്. അതേസമയം, ഉപഭോക്താക്കള്‍ക്ക് 50,000 ഇലക്ട്രിക് ബൈക്കുകള്‍ വിതരണം ചെയ്‍തതില്‍ സന്തോഷമുണ്ടെങ്കിലും ഡെലിവറികള്‍ക്കായി കാത്തിരിക്കുന്ന 16,500 ഉപഭോക്താക്കളോട് ക്ഷമാപണം നടത്തുന്നതായും ഹീറോ ഇലക്ട്രിക് സിഇഒ സോഹിന്ദര്‍ ഗില്‍ പറഞ്ഞു. ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ തങ്ങളുടെ ഉല്‍പ്പാദന ശേഷി വര്‍ധിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയില്‍ തങ്ങളുടെ പ്രതിനിധ്യം വര്‍ധിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ഹീറോ ഇലക്ട്രിക്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ തങ്ങളുടെ ഉല്‍പ്പന്ന പോര്‍ട്ട്ഫോളിയോയും സെയില്‍സ് ടച്ച് പോയിന്റുകളും വിപുലീകരിച്ച് 10 ലക്ഷം വില്‍പ്പന നേടാനുള്ള ശ്രമത്തിലാണ് കമ്പനി. 

അതേസമയം ലാസ്റ്റ് മൈൽ ഡെലിവറി മാർക്കറ്റ് ശക്തിപ്പെടുത്തുന്നതിനും അതിന്റെ ബി 2 ബി ബിസിനസ് വിപുലീകരിക്കുന്നതിനും കമ്പനി ഒന്നിലധികം ഇവി സ്റ്റാർട്ടപ്പുകളുമായി പങ്കാളിത്തത്തിൽ ഏർപ്പെട്ടിട്ടുണ്ട്. കൂടാതെ, ഉൽപ്പന്ന പോർട്ട്‌ഫോളിയോയും സെയിൽസ് ടച്ച് പോയിന്റുകളും വിപുലീകരിച്ച് അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഒരു ദശലക്ഷം വിൽപ്പന കൈവരിക്കുക എന്ന ലക്ഷ്യത്തിലേക്ക് പുരോഗമിക്കുകയാണെന്നും കമ്പനി കൂട്ടിച്ചേർത്തു. രാജ്യത്തുടനീളം 300 പുതിയ സെയിൽസ് ടച്ച്‌പോയിന്റുകൾ തുറക്കാനും 2022 സാമ്പത്തിക വർഷാവസാനത്തോടെ 1,000 സെയിൽസ് ടച്ച്‌പോയിന്റുകളിലേക്ക് വ്യാപിപ്പിക്കാനും പദ്ധതിയിടുന്നതായി കഴിഞ്ഞ മാസം ഹീറോ ഇലക്ട്രിക് പ്രഖ്യാപിച്ചിരുന്നു

click me!