കൊവിഡ് പ്രതിരോധത്തിന് ഫസ്റ്റ് റെസ്‌പോണ്ടര്‍ ബൈക്കുകളുമായി ഹീറോ

By Web TeamFirst Published Aug 30, 2020, 4:33 PM IST
Highlights

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് ഫസ്റ്റ് റെസ്‌പോണ്ടര്‍ ബൈക്കുകള്‍ നല്‍കി ഹീറോ മോട്ടോകോര്‍പ്. 

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് ഫസ്റ്റ് റെസ്‌പോണ്ടര്‍ ബൈക്കുകള്‍ നല്‍കി ഹീറോ മോട്ടോകോര്‍പ്. ഹീറോയുടെ കോര്‍പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റിയുടെ ഭാഗമാണ് ഇത്. ഹരിയാണയിലെ ധരുഹേര, രേവാരി തുടങ്ങിയ ആശുപത്രികള്‍ക്കായി നാല് ഫസ്റ്റ് റെസ്‌പോണ്ടര്‍ ബൈക്കുകളാണ് നല്‍കിയത്. 

ആംബുലന്‍സിന് സമാനമായ രോഗികളെ കിടത്തി ആശുപത്രിയില്‍ എത്തിക്കുന്നതിനുള്ളസംവിധാനം ഈ ബൈക്കുകളിൽ ഒരുക്കിയിട്ടുണ്ട്. ആംബുലന്‍സ് പോലുള്ള വാഹനങ്ങള്‍ കടന്നുചെല്ലാത്ത ഗ്രാമങ്ങളിലും ഉള്‍പ്രദേശങ്ങളിലും താമസിക്കുന്ന രോഗികളെ ആശുപത്രിയിൽ എത്തിക്കുന്നതിനാണ് ഫസ്റ്റ് റെസ്‌പോണ്ടര്‍ ബൈക്കുകള്‍ ഉപയോഗിക്കുന്നത്.

ഫസ്റ്റ് റെസ്‌പോണ്ടര്‍ വെഹിക്കിള്‍ ആയി എത്തുന്നത് ഹീറോയുടെ എക്‌സ്ട്രീം 200ആര്‍ ബൈക്കാണ്. പ്രാഥമിക ചികിത്സയ്ക്കുള്ള മരുന്നുകള്‍, ഓക്‌സിജന്‍ സിലിണ്ടര്‍, ഫയര്‍ എസ്റ്റിഗ്യൂഷര്‍, ഒരു ഫുള്‍ സ്‌ട്രെച്ചര്‍, മടക്കിവെക്കാന്‍ കഴിയുന്ന ടോപ്പ്, എല്‍ഇഡി ഫ്‌ലാഷ് ലൈറ്റ്, ബീക്കണ്‍ ലൈറ്റ്. വയര്‍ലെസ് പബ്ലിക്ക് അനൗണ്‍സ്‌മെന്റ് സിസ്റ്റം എന്നിവയും ലഭിക്കുന്നു.

ഹീറോയുടെ ബൈക്ക് നിരയിലെ തന്നെ കരുത്തന്‍ മോഡലാണ് എക്‌സ്ട്രീം 200ആര്‍. 18.4 പിഎസ് പവറും 17.1 എന്‍എം ടോര്‍ക്കുമേകുന്ന 199.6 സിസി എന്‍ജിനാണ് ഈ ബൈക്കിന്‍റെ ഹൃദയം. മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്കും സിംഗിള്‍ ചാനല്‍ എബിസുമാണ് ഈ ബൈക്കിന് സുരക്ഷയൊരുക്കുന്നത്. 

രോഗികള്‍ക്ക് അതിവേഗത്തില്‍ ചികിത്സ ലഭ്യമാക്കുന്നതിന് രാജ്യത്തുടനീളം മൊബൈല്‍ ബൈക്ക് ആംബുലൻസുകൾ സംഭാവന ചെയ്യാന്‍ കമ്പനി നേരത്തെ തീരുമാനിച്ചിരുന്നു. ഇതിനുപുറമെ, രാജ്യത്ത് കോവിഡ് -19 വ്യാപിക്കുന്നതിനെ ചെറുക്കാൻ ഹീറോ ഗ്രൂപ്പ് 100 കോടി രൂപയും നേരത്തെ നൽകിയിരുന്നു. ഇതിൽ 50 കോടി രൂപ പ്രധാനമന്ത്രിയുടെ കൊറോണ വൈറസ് ദുരിതാശ്വാസ ഫണ്ടായ പി എം കെയേഴ്സിന് നൽകി. ബാക്കി 50 കോടി വിവിധ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കും. ഭക്ഷ്യവസ്തുക്കളുടെ വിതരണം, ശുചിത്വ കിറ്റുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. 
 

click me!