
ലോകത്തെ ഏറ്റവും വലിയ മോട്ടോർസൈക്കിൾ- സ്‍കൂട്ടർ നിർമ്മാതാക്കളായ ഹീറോ മോട്ടോകോർപ് അവരുടെ ആഗോള വിപുലീകരണ പ്രവർത്തികളുടെ ഭാഗമായി ഫിലപ്പൈൻസിൽ പ്രവർത്തനം ആരംഭിക്കുന്നു. മുൻനിര ഓട്ടോമോട്ടീവ് ഗ്രൂപ്പായ ടെറാഫേമ മോട്ടോഴ്സ് കോർപ്പറേഷനു(ടിഎംസി)മായി ചേർന്നാണ് ആഗോളതലത്തിൽ ഇന്ത്യൻ സാന്നിധ്യം വർധിപ്പിക്കുന്നത് എന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. കൊളംബിയൻ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ഭാഗമാണ് ടിഎംസി.
ഫിലിപ്പൈൻസിലെ ഹീറോ മോട്ടോകോർപ്പിന്റെ അസംബ്ലിയും വിതരണവും ടിഎംസിയായിരിക്കും മേൽനോട്ടം വഹിക്കുക. ഫിലപ്പൈൻസിലെ ലഗൂണയിൽ സ്ഥിതി ചെയ്യുന്ന, നിലവിലെ അത്യാധുനിക പ്രിൻസിപ്പൽ മാനുഫാക്ചറിങ് ഫെസിലിറ്റിയിൽ, പുതുതായി 29000 ചതുരശ്രമീറ്ററിന്റെ അസംബ്ലി സൗകര്യം കൂടി സ്ഥാപിക്കും. 2024 സാമ്പത്തിക വർഷത്തിന്റെ രണ്ടാം പകുതിയോടെ, പ്രവർത്തനം ആരംഭിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
"മൈലേജൊണ്ട്.. കരുത്തൊണ്ട്.. ഫീച്ചറൊണ്ട്.." ഇതാ ആദ്യ ഹീറോ വിദ, അറിയേണ്ടതെല്ലാം!
വിപുലീകരണത്തിന്‍റെ ഭാഗമായി തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലേക്ക് കടക്കുന്നതിനായാണ് ഹീറോ ടിഎംസിയുമായി കൈകോർക്കുന്നത്. ഹീറോ മോട്ടോകോർപ്പിന്റെ വിശ്വാസ്യതയും സാങ്കേതികമികവും ടിഎംസിയുടെ ഓട്ടോമോട്ടീവ് മികവും, ഫിലിപ്പൈൻസിലുള്ള ശൃംഖലയും ചേരുമ്പോൾ ഈ വിപണിയിൽ ഇന്ത്യൻ സാന്നിധ്യം ഉറപ്പിക്കാനാവുമെന്ന് ഹീറോ മോട്ടോകോർപ് ഗ്ലോബൽ ബിസിനസ് ഹെഡ് സഞ്ജയ് ഭാൻ പറഞ്ഞു.
ലോകത്താകെ പത്ത് കോടിയിലധികം ഉപയോക്താക്കളുള്ള, ലോകത്തെ മികച്ച ടൂ വീലർ നിർമ്മാതാക്കളിൽ ഒന്നാണ് ഹീറോ മോട്ടോകോർപ്. സമാന കാഴ്ചപ്പാടുള്ള രണ്ടു കമ്പനികൾ ഒന്നിക്കുമ്പോൾ സാങ്കേതികവിദ്യയിൽ മുന്നിട്ടു നിൽക്കുന്നതിനൊപ്പം തന്നെ പരിസ്ഥിതി സൗഹാർദ്ദമായ ഉൽപ്പന്നങ്ങൾ നല്‍കാൻ കഴിയുമെന്ന് ടിഎംസി ചെയർമാൻ ബിൻവെനിഡോ സാൻവിക്ടോറസ് സാന്റോസ് പറഞ്ഞു.
ഏഷ്യ, ആഫ്രിക്ക, മിഡിൽ ഈസ്റ്റ്, സൗത്ത് - സെൻട്രൽ അമേരിക്ക എന്നിങ്ങനെ 43 രാജ്യങ്ങളിൽ സാന്നിധ്യമുള്ള ഹീറോ മോട്ടോകോർപ്പിന് ഇന്ത്യയിൽ ആറും കൊളംബിയയിലും ബംഗ്ലാദേശിലുമായി ഒന്നു വീതം എന്നിങ്ങനെ എട്ട് അത്യാധുനിക നിർമ്മാണ സൗകര്യങ്ങളുണ്ട്.
അതേസമയം ഹീറോ മോട്ടോകോർപ്പ് തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് സ്‍കൂട്ടറായ വിദ വി1 ഇന്ത്യൻ വിപണിയിൽ അടുത്തിടെയാണ് അവതരിപ്പിച്ചത്. ഇത് V1 പ്ലസ്, V1 പ്രോ എന്നിങ്ങനെ രണ്ടു വേരിയന്റുകളിൽ ലഭ്യമാണ്. ഇരു പതിപ്പുകളും വ്യത്യസ്‍ത സവിശേഷതകളോടും വില ടാഗുകളോടും കൂടിയാണ് വരുന്നത്.
ഹീറോ വിഡ V1-ൽ രണ്ട് ബാറ്ററി പായ്ക്കുകൾ ലഭ്യമാണ് - V1 പ്ലസിനൊപ്പം 3.44kWh ഉം V1 പ്രോയ്‌ക്കൊപ്പം 3.94kWh ഉം. ആദ്യത്തേത് 143 കിലോമീറ്റർ സർട്ടിഫൈഡ് റേഞ്ച് വാഗ്ദാനം ചെയ്യുമെന്ന് കമ്പനി അവകാശപ്പെടുന്നു. അതേസമയം V1 പ്രോയ്ക്ക് ഒറ്റ ചാർജിൽ 165 കിലോമീറ്റർ വരെ ഓടാനാകും. വി1 പ്രോ, വി1 പ്ലസ് എന്നിവ യഥാക്രമം 3.2 സെക്കൻഡിലും 3.4 സെക്കൻഡിലും പൂജ്യം മുതൽ 40kmph വേഗത കൈവരിക്കുമെന്ന് കമ്പനിഅവകാശപ്പെടുന്നു. രണ്ട് വേരിയന്റുകളും പരമാവധി 80 കിലോമീറ്റർ വേഗത വാഗ്‍ദാനം ചെയ്യുന്നു.
ഇലക്ട്രിക് മോട്ടോർ ബാറ്ററിയിൽ നിന്ന് പവർ എടുക്കുകയും 6kW (8bhp) ഉം 25Nm ടോർക്കും വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു. എന്നിരുന്നാലും, ലഭ്യമായ തുടർച്ചയായ പവർ 5.2 ബിഎച്ച്പിയാണ്.