
പുതിയ ഹോണ്ട CRF1100L ആഫ്രിക്ക ട്വിൻ മാർച്ച് അഞ്ചിന് ഇന്ത്യൻ വിപണിയിൽ എത്തും. 15 ലക്ഷം രൂപ എക്സ്ഷോറൂം വില പ്രതീക്ഷിക്കുന്ന മോട്ടോർസൈക്കിൾ സികെഡി റൂട്ട് വഴിയാകും രാജ്യത്ത് എത്തുക.
കൂടുതൽ പ്രീമിയം ബൈക്കുകൾ ഇന്ത്യയിലെത്തിക്കാനുള്ള പുത്തൻ പദ്ധതിയുടെ ഭാഗമായിട്ടാണ് പരിഷ്ക്കരിച്ച CRF 1100L ആഫ്രിക്ക ട്വിൻ മോഡൽ ഹോണ്ട ഉടൻ ഇന്ത്യയിൽ എത്തിക്കുന്നത്.
2019 സെപ്റ്റംബറിലാണ് പരിഷ്കരിച്ച ആഫ്രിക്ക ട്വിൻ ഹോണ്ട ആഗോള വിപണിയില്‍ അവതരിപ്പിച്ചത്. എൻജിൻ, ഫീച്ചറുകൾ എന്നിവയിലെല്ലാം സമൂലമായ മാറ്റങ്ങളോടെ എത്തുന്ന പുത്തൻ ആഫ്രിക്ക ട്വിന്നിനെയാണ് ഇന്ത്യയിൽ ലോഞ്ച് ചെയ്യിക്കുന്നത്.
പഴയ CRF1000L ആഫ്രിക്ക ട്വിന്റെ കാര്യത്തിലെന്നപോലെ തന്നെ ബൈക്കിന്റെ ഡിസിടി പതിപ്പ് മാത്രമേ ഹോണ്ട ആഭ്യന്തര വിപണിയിൽ അവതരിപ്പിക്കുകയുള്ളൂ. പഴയ മോഡലിനെ അപേക്ഷിച്ച് ബിഎസ്6 ലേക്ക് പരിഷ്ക്കരിച്ചാണ് അഡ്വഞ്ചർ മോട്ടോർ സൈക്കിളിനെ കമ്പനി ഇന്ത്യയിൽ എത്തിക്കുക. ബിഎസ്6 പരിഷ്ക്കരിണത്തിന് പുറമെ പുതിയതും വലുതുമായ സമാന്തര-ഇരട്ട എഞ്ചിൻ 2020 ആഫ്രിക്ക ട്വിന്നിന് ലഭിക്കുന്നുവെന്നതാണ് പ്രധാന ആകർഷണം.
ആഫ്രിക്ക ട്വിൻ, ആഫ്രിക്ക ട്വിൻ അഡ്വെഞ്ചർ സ്പോർട്സ് എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് പുത്തൻ മോഡലിനെ ഹോണ്ട ആഗോള വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. ദീർഘദൂര ടൂറിംഗ് മോഡൽ ആണ് രണ്ടാമത്തേത്. ഇത് പക്ഷെ ഇന്ത്യയിൽ ലോഞ്ച് ചെയ്യുമോ എന്നത് വ്യക്തമല്ല. ഡിസിടി ഓട്ടോമാറ്റിക് ഗിയർബോക്‌സിനൊപ്പം മാനുവൽ ഗിയർബോക്സിലും ആഫ്രിക്ക ട്വിൻ ഒരു പക്ഷെ ഇത്തവണ ഇന്ത്യയിലെത്തിയേക്കും.
നിലവിലെ മോഡലിൽ ഉണ്ടായിരുന്ന 999 സിസി എഞ്ചിന് പകരം 1,084 സിസിയുള്ള ഡിസ്പ്ലേസ്‌മെന്റ് വർധിപ്പിച്ച എൻജിനാണ് പുതിയ CRF 1100L ആഫ്രിക്ക ട്വിന്നിന്റെ ഹൃദയം. 7,500 അർപിഎമ്മിൽ 101 ബിഎച്പി പവറും 6,250 അർപിഎമ്മിൽ 105 എൻഎം ടോർക്കും ഉല്പാദിപ്പിക്കും ഈ പുത്തൻ എൻജിൻ. ഭാരം കുറഞ്ഞ അലുമിനിയം സിലിണ്ടർ സ്ലീവ്, റീഡിസൈൻ ചെയ്ത എഞ്ചിൻ കെയ്‌സിംഗ് എന്നിവ പുതിയ ആഫ്രിക്ക ട്വിന്നിന്റെ ഭാരവും കുറച്ചിട്ടുണ്ട്. 2020 ആഫ്രിക്ക ട്വിന്റെ മാനുവൽ ട്രാൻസ്മിഷൻ എഞ്ചിൻ മുമ്പത്തേതിനേക്കാൾ 2.5 കിലോഗ്രാം ഭാരവും ഓട്ടോമാറ്റിക് ഡിസിടി (ഡ്യുവൽ ക്ലച്ച് ട്രാൻസ്മിഷൻ) എഞ്ചിൻ 2.2 കിലോഗ്രാം ഭാരം കുറവാണ്.
ഹോണ്ട സെലക്റ്റബിൾ ടോർക്ക് കണ്ട്രോൾ (HSTC), സിക്സ്-ആക്സിസ് ഇനേർഷ്യൽ മെഷർമെന്റ് യൂണിറ്റ് (IMU) എന്നിവയാണ് ഇലക്ട്രോണിക് റൈഡർ എയ്‌ഡുകൾ. ടൂർ, അർബൻ, ഗ്രാവൽ, ഓഫ്-റോഡ് എന്നിങ്ങനെ റൈഡിങ് മോഡുകൾക്കൊപ്പം രണ്ടു കസ്റ്റം റൈഡ് മോഡുകളും CRF 1100L ആഫ്രിക്ക ട്വിന്നിൽ ഹോണ്ട ചേർത്തിട്ടുണ്ട്. പുതിയ എൻജിനിൽ ഇപ്പോൾ നാല് പവർ ലെവലും മൂന്ന് ലെവൽ ഇലക്ട്രോണിക് എഞ്ചിൻ ബ്രേക്കിംഗും ചേർത്തത്തിട്ടുണ്ട്. ആപ്പിൾ കാർപ്ലേയും പിന്തുണയ്ക്കുന്ന പുതിയ 6.5 ഇഞ്ച് TFT ടച്ച് സ്‌ക്രീൻ ഡിസ്‌പ്ലേയാണ് 2020 ആഫ്രിക്ക ട്വിൻ CRF 1100L ൽ നൽകിയിരിക്കുന്നത്. സിക്സ്-ആക്സിസ് IMU, ബ്ലൂടൂത്ത് കണക്റ്റിവിറ്റി എന്നിവയും പുതിയ ബൈക്കിന് ലഭിക്കും.
കാട്രിഡ്ജ് ടൈപ്പ് ഇൻവെർട്ടഡ് ടെലിസ്കോപിക് ഷോവ മുൻ സസ്പെൻഷനും, മോണോ-ഷോക്ക് പിൻ സസ്പെൻഷനുമാണ് ആഫ്രിക്ക ട്വിന്നിൽ. 21-ഇഞ്ച് മുൻ വീലിൽ 310 എംഎം ഇരട്ട ഡിസ്‌കും, 18-ഇഞ്ച് പിൻ വീലിൽ, 256 എംഎം സിംഗിൾ ഡിസ്‌കും ആണ് ബ്രെയ്ക്കിങ്ങിനായി ക്രമീകരിച്ചരിക്കുന്നത്. മാത്രമല്ല ഡ്യുവൽ-ചാനൽ എബിഎസ് സിസ്റ്റം ഓൺ-റോഡ്, ഓഫ്-റോഡ് ക്രമീകരണങ്ങൾ വാഗ്ദാനം ചെയ്യുന്നു. പിൻ ചക്രത്തിലെ എബിഎസ് പൂർണ്ണമായും സ്വിച്ച് ഓഫ് ചെയ്യാനും സാധിക്കും.
ഏകദേശം 15 ലക്ഷം രൂപയാണ് പുത്തൻ ആഫ്രിക്ക ട്വിൻ മോഡലിന് പ്രതീക്ഷിക്കുന്ന എക്‌സ്-ഷോറൂം വില. ലോക വിപണിയിൽ ട്രയംഫ് ടൈഗർ, സുസുക്കി വി ക്രോസ്, ഡ്യുകാട്ടി മൾട്ടിസ്ട്രാഡ 950 തുടങ്ങിയ മോഡലുകളാണ് ഹോണ്ട ആഫ്രിക്ക ട്വിന്നിന്റെ എതിരാളികൾ.