ഇന്നോവ മുതലാളിക്ക് പിന്നാലെ കേന്ദ്രത്തിന്‍റെ മനസറിഞ്ഞ് ആക്ടിവ മുതലാളിയും!

By Web TeamFirst Published Oct 20, 2022, 9:05 AM IST
Highlights

ഇന്ത്യയിലെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമ്മാതാക്കളിൽ ഒന്നായ ഹോണ്ട, അടുത്ത രണ്ട് വർഷത്തിനുള്ളിൽ പുതിയ ഫ്ലെക്സ്-ഫ്യുവൽ മോട്ടോർസൈക്കിൾ പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. 

ഹോണ്ട മോട്ടോർസൈക്കിൾസ് ആൻഡ് സ്കൂട്ടേഴ്സ് ഇന്ത്യ (എച്ച്എംഎസ്ഐ) ഫ്ളെക്സ്-ഫ്യുവൽ എഞ്ചിനോടുകൂടിയ തങ്ങളുടെ ആദ്യ മോട്ടോർസൈക്കിൾ അവതരിപ്പിക്കാൻ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. ഇന്ത്യയിലെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമ്മാതാക്കളിൽ ഒന്നായ ഹോണ്ട, അടുത്ത രണ്ട് വർഷത്തിനുള്ളിൽ പുതിയ ഫ്ലെക്സ്-ഫ്യുവൽ മോട്ടോർസൈക്കിൾ പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. 

കഴിഞ്ഞ ദിവസം ദില്ലിയിൽ നടന്ന ജൈവ ഇന്ധനങ്ങളെക്കുറിച്ചുള്ള രാജ്യാന്തര കോൺഫറൻസിൽ ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്‌കൂട്ടേഴ്‌സ് ഇന്ത്യയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അറ്റ്‌സുഷി ഒഗാറ്റയാണ് ഇക്കാര്യം അറിയിച്ചത്. "ഞങ്ങളുടെ ആന്തരിക ലക്ഷ്യം, 2024 അവസാനത്തോടെ പുറത്തിറക്കുന്ന ഫ്ലെക്സി-ഫ്യൂവൽ മോട്ടോർസൈക്കിളിന്റെ ആദ്യ മോഡൽ ആണ്.." അറ്റ്‌സുഷി ഒഗാറ്റ വ്യക്തമാക്കിയതായി എച്ച്ടി ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം ബ്രാൻഡിൽ നിന്നുള്ള ആദ്യത്തെ ഫ്ലെക്സ്-ഇന്ധന മോട്ടോർസൈക്കിളായി ഏതൊക്കെ മോഡലുകൾ ഉപയോഗിക്കുമെന്ന് അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല.

എണ്ണവിലയെ പേടിക്കേണ്ട, ഇത്തരം എഞ്ചിനുകള്‍ നിര്‍ബന്ധമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ 

ഹോണ്ടയുടെ ഫ്ലക്സ് ഫ്യുവല്‍ മോട്ടോര്‍ സൈക്കിള്‍ എത്തിയാല്‍ ഫ്ലെക്‌സ്-ഫ്യുവൽ എഞ്ചിൻ പവർ മോട്ടോർസൈക്കിൾ അവതരിപ്പിക്കുന്ന ഇന്ത്യയിലെ രണ്ടാമത്തെ ഇരുചക്ര വാഹന നിർമ്മാതാക്കളായി ഹോണ്ട മാറും. ഫ്ലെക്‌സ്-ഫ്യുവൽ എഞ്ചിനുമായി ടിവിഎസ് അപ്പാഷെ RTR 200 Fi E100 നേരത്തെ ഇന്ത്യയില്‍ പുറത്തിറക്കിയിരുന്നു.  

ജാപ്പനീസ് ഇരുചക്രവാഹന നിർമ്മാതാവ് ഇതിനകം തന്നെ ബ്രസീൽ പോലുള്ള മറ്റ് രാജ്യങ്ങളിൽ ഫ്ലെക്സ്-ഇന്ധന മോട്ടോർസൈക്കിളുകൾ വിൽക്കുന്നുണ്ട്. എന്നാല്‍ ഇന്ത്യയില്‍ ടിവിഎസ് ആണെങ്കിലും  ആഗോളതലത്തിൽ ഫ്‌ളെക്‌സ്-ഫ്യുവൽ എഞ്ചിൻ പവർ ടൂ-വീലർ ആദ്യമായി അവതരിപ്പിച്ചത് ഹോണ്ട ആയിരുന്നു. 2009-ൽ ബ്രസീലിൽ പുറത്തിറക്കിയ ലോകത്തിലെ ആദ്യത്തെ ഫ്ലെക്സ്-ഇന്ധന മോട്ടോർസൈക്കിളാണ് ഹോണ്ട CG150 ടൈറ്റൻ മിക്സ്. പിന്നാലെ ഫ്ലെക്സ്-ഇന്ധന മോട്ടോർസൈക്കിളുകളായ 150 Bros Mix, BIZ 125 Flex തുടങ്ങിയവയും കമ്പനി ബ്രസീലിൽ പുറത്തിറക്കി.

ഫ്‌ളെക്‌സ്-ഫ്യുവൽ കമ്മ്യൂട്ടർ മോട്ടോർസൈക്കിളിന്‍റെ പണിപ്പുരയിലാണ് തങ്ങളെന്ന് ഹോണ്ട ഇന്ത്യ നേരത്തെ പറഞ്ഞിരുന്നു. പെട്രോൾ, എത്തനോൾ എന്നിവയിൽ പ്രവർത്തിക്കാൻ സഹായിക്കുന്ന ഒന്നോ അതിലധികമോ കമ്മ്യൂട്ടർ മോട്ടോർസൈക്കിളുകൾ ഫ്ലെക്സ്-ഫ്യുവൽ എഞ്ചിനുകളോടെ കമ്പനി ഇന്ത്യയിൽ അവതരിപ്പിച്ചേക്കാം.

വൃത്തിയുള്ളതും താങ്ങാനാവുന്നതുമായ ഇതര ഇന്ധന അധിഷ്‌ഠിത വാഹനങ്ങൾ തിരഞ്ഞെടുക്കാൻ കേന്ദ്രം വാഹന നിർമാതാക്കളെ പ്രേരിപ്പിക്കുന്ന സമയത്താണ് ഹോണ്ട മോട്ടോർസൈക്കിൾസ് ആൻഡ് സ്‌കൂട്ടേഴ്‌സ് ഇന്ത്യയുടെ ഫ്ലെക്‌സ്-ഫ്യുവൽ മോട്ടോർസൈക്കിൾ പുറത്തിറക്കാനുള്ള പ്രഖ്യാപനം എന്നതും ശ്രദ്ധേയമാണ്.  വിലകൂടിയ എണ്ണ ഇറക്കുമതി കുറയ്ക്കുന്നതിനായി ഇന്ത്യയിൽ ഫ്ലെക്സ് ഇന്ധന വാഹനങ്ങൾ പുറത്തിറക്കുന്നതിന്‍റെ ആവശ്യകതയെക്കുറിച്ച് കേന്ദ്രമന്ത്രി നിതിൻ ഗഡ്‍കരി ആവര്‍ത്തിച്ച് വ്യക്തമാക്കിയിരുന്നു. ഇന്ത്യയിലെ ആദ്യ  ഫ്ലെക്സ്-ഇന്ധന കാറായ ടൊയോട്ട കൊറോള നിതിൻ ഗഡ്‍കരി അടുത്തിടെ പുറത്തിറക്കിയിരുന്നു. 

എന്താണ് ഫ്ലെക്സ് ഫ്യുവല്‍ എഞ്ചിന്‍?
ഫ്ലെക്സ് എഞ്ചിൻ എന്നാല്‍ ഒന്നിൽ കൂടുതൽ ഇന്ധനത്തിലോ മിശ്രിത ഇന്ധനത്തിലോ പ്രവർത്തിക്കാൻ കഴിയുന്ന എഞ്ചിനാണ് ഫ്ലക്സ് എഞ്ചിനുകൾ.  പെട്രോളും എഥനോളും വിവിധ അനുപാതത്തില്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന സംവിധാനമാണ് ഫ്ലെക്‌സ് ഫ്യുവല്‍ എഞ്ചിനുകളില്‍ ഉള്ളത്. നിലവില്‍ കിട്ടുന്ന പെട്രോളില്‍ എട്ടു ശതമാനത്തോളം ഏഥനോളുണ്ട്. ഇത് 50 ശതമാനം വരെ കൂട്ടാന്‍ സാധിക്കും. സാധാരണഗതിയിൽ പെട്രോൾ, എഥനോൾ അല്ലെങ്കിൽ മെഥനോൾ എന്നിവയുടെ മിശ്രിതമാണ് ഇവയിൽ ഉപയോഗിക്കുന്നത്. ഏത് മിശ്രിതത്തിനും അനുയോജ്യമായി സ്വയം ക്രമീകരിക്കാൻ കഴിയുന്ന എഞ്ചിനുമാണിത്. ആധുനിക വാഹനങ്ങളിലുള്ള ഫ്യൂവൽ കോമ്പോസിഷൻ സെൻസർ, ഇ.സി.യു പ്രോഗ്രാമിങ് പോലുള്ള പരിഷ്‍കാരങ്ങളാണ് ഇത് സാധ്യമാക്കുന്നത്.

കേന്ദ്രത്തിന്‍റെ മനസറിഞ്ഞ് ഇന്നോവ മുതലാളി, രാജ്യത്തെ ആദ്യ വാഹനം എത്തി!

ഇന്ത്യയിൽ പെട്രോളിനൊപ്പം എഥനോളാണ് മിക്‌സ് ചെയ്യുന്നത്. പെട്രോളിനെയും ഡീസലിനെയും അപേക്ഷിച്ച് കുറഞ്ഞ വിലയാണ് എഥനോളിനുള്ളത്. ഒരു ലിറ്റർ പെട്രോളിന് 100 രൂപയ്ക്ക് മുകളിലും ഡീസലിന് 90 രൂപയ്ക്ക് മുകളിലുമാണ് നിലവിലെ വില. എന്നാൽ, എഥനോളിന് ലിറ്ററിന് 62.65 രൂപ മാത്രമാണ് വില. അതുകൊണ്ട് തന്നെ എഥനോൾ ഇന്ധനമായി ഉപയോഗിക്കുകയോ എഥനോൾ ചേർന്ന പെട്രോൾ ഉപയോഗിക്കുകയോ ചെയ്യുന്നതിലൂടെ ഉപയോക്താക്കളുടെ ഇന്ധനച്ചെലലവിൽ കാര്യമായ കുറവുണ്ടാകും എന്നാണ് കേന്ദ്ര സർക്കാർ പറയുന്നത്.

click me!