ഈ ബൈക്കിന്‍റെ മൈലേജ് കൂട്ടി ബിഎസ്6 എഞ്ചിനുമാക്കി ഹോണ്ട

By Web TeamFirst Published Nov 15, 2019, 10:18 AM IST
Highlights

ജാപ്പനീസ് ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ഹോണ്ട പുതിയ എസ്‍പി 125 ബൈക്ക് അവതരിപ്പിച്ചു

ജാപ്പനീസ് ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ഹോണ്ട പുതിയ എസ്‍പി 125 ബൈക്ക് അവതരിപ്പിച്ചു. ബിഎസ്6 എന്‍ജിനിലാണ് ബൈക്കെത്തുന്നത്. 

ബിഎസ് 6ലേക്ക് മാറ്റിയതിന് പുറമേ രൂപത്തിലും ഫീച്ചേഴ്‌സിലും മുന്‍മോഡലില്‍ നിന്ന് നിരവധി മാറ്റങ്ങളും പുതിയ ബൈക്കിനുണ്ട്. നിലവിലെ മോഡലിനെക്കാള്‍ വലുപ്പവും എസ്പി 125 ബിഎസ് 6 വകഭേദത്തിനുണ്ട്.  ഡ്രം ബ്രേക്ക്, ഡിസ്‌ക്ക് ബ്രേക്ക് എന്നീ രണ്ട് വകഭേദങ്ങളിലെത്തുന്ന ബൈക്കില്‍ 19 പുതിയ പാറ്റന്റ് ആപ്ലിക്കേഷനുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് കമ്പനി പറയുന്നു. പുതിയ ഹെഡ്‌ലാമ്പ് ഡിസൈന്‍, എല്‍ഇഡി ഡിസി ഹെഡ്‌ലാമ്പ്, ഫ്യുവല്‍ ടാങ്കിലെ എഡ്ജി ഗ്രാഫിക്‌സ്, സ്പ്ലിറ്റ് അലോയി വീല്‍, ക്രോം മഫ്‌ളര്‍ കവര്‍, ഓവറോള്‍ സ്‌പോര്‍ട്ടി ഡിസൈന്‍ എന്നിവ പുതിയ എസ്പി 125യെ വ്യത്യസ്തമാക്കുന്നു. 

124 സിസി എന്‍ജിനാണ് വാഹനത്തിന്‍റെ ഹൃദയം. 10.7 ബിഎച്ച്പി പവറും 10.9 എന്‍എം ടോര്‍ക്കും ഈ എന്‍ജിന്‍ സൃഷ്‍ടിക്കും. 5 സ്പീഡ് ഗിയര്‍ബോക്‌സാണ് ട്രാന്‍സ്‍മിഷന്‍.  ഈ പുതിയ എഞ്ചിന്‍ നിലിവലുള്ളതിനേക്കാള്‍ 16 ശതമാനം അധിക ഇന്ധനക്ഷമത നല്‍കുമെന്നാണ് കമ്പനി പറയുന്നത്. 

ഹോണ്ട എക്കോ ടെക്‌നോളജി (HET), പിജിഎം-ഫ്യുവല്‍ ഇഞ്ചക്ഷന്‍ സിസ്റ്റം, എന്‍ഹാന്‍സ്ഡ് സ്മാര്‍ട്ട് പവര്‍, എന്‍ജിന്‍ ഇന്‍ഹിബിറ്റര്‍, ഐഡില്‍ സ്റ്റാര്‍ട്ട്-സ്റ്റോപ്പ് സിസ്റ്റം, എസിജി സ്റ്റാര്‍ട്ടര്‍ മോട്ടോര്‍ എന്നീ സംവിധാനങ്ങളും വാഹനത്തിലുണ്ട്. നീളമേറിയ സീറ്റും പുതിയ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് പാനലും പുതിയ എസ്പി 125 മോഡലിനെ വ്യത്യസ്‍തമാക്കും. 

മുന്നില്‍ ഡിസ്‌ക് ബ്രേക്കും പിന്നില്‍ ഡ്രം ബ്രേക്കുമാണ്  സുരക്ഷ. കംബൈന്‍ഡ് ബ്രേക്കിങ് സംവിധാനവും ബൈക്കിലുണ്ട്. സ്‌ട്രൈക്കിങ് ഗ്രീന്‍, മാറ്റ് ആക്‌സിസ് ഗ്രേ മെറ്റാലിക്, പേള്‍ സൈറണ്‍ ബ്ലൂ, ഇംപീരിയല്‍ റെഡ് മെറ്റാലിക് എന്നീ കളര്‍ ഓപ്ഷനില്‍ വാഹനം ലഭ്യമാകുന്ന വാഹനത്തിന് ആറ് വര്‍ഷത്തെ വാറണ്ടി പാക്കേജും കമ്പനി നല്‍കുന്നുണ്ട്‌. 72,900 രൂപ മുതലാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില. 

ബിഎസ് 6 നിലവാരത്തിലേക്ക് ഉയര്‍ത്തിയ ഹോണ്ടയുടെ രണ്ടാമത്തെ മോഡലാണിത്. ആക്ടീവ 125 സ്‌കൂട്ടറാണ് ബിഎസ് 6 എന്‍ജിനില്‍ ഹോണ്ട ആദ്യം അവതരിപ്പിച്ചിരുന്നത്. 

click me!