വീണ്ടും കോപ്പിയടിച്ച് ചൈനീസ് കമ്പനി, ഇത്തവണ ഇരയായത് ഈ ബൈക്ക്!

By Web TeamFirst Published Jul 22, 2021, 11:18 AM IST
Highlights

ഈ ബൈക്ക് മോഡലുകളുടെ ഒരു അപരനെ വിപണിയിൽ അവതരിപ്പിച്ച് ചൈനീസ് ഇരുചക്ര വാഹന നിർമാതാക്കളായ എഫ്കെ മോട്ടോഴ്‍സ്

ചൈനയുടെ കോപ്പിയടി പല മേഖലകളിലും കുപ്രസിദ്ധമാണ്. വാഹന മോഡലുകളുടെ കോപ്പിയടിയാവും അതില്‍ ഭൂരിഭാഗവും.  ഇന്ത്യന്‍ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ടിവിഎസിന്‍റെ സെപ്പെലിൻ എന്ന ക്രൂയിസര്‍ കണ്‍സെപ്റ്റിനെ കോപ്പിയടിച്ച സംഭവമാണ് അതില്‍ ഏറ്റവും ഒടുവില്‍ കേട്ടത്. ഇപ്പോഴിതാ പുതിയൊരു ചൈനീസ് വണ്ടിക്കോപ്പിയടി കൂടി വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുകയാണ്. 

ഓസ്ട്രിയന്‍ ബൈക്ക് നിര്‍മാതാക്കളായ കെടിഎമ്മിന്‍റെ കീഴിലുള്ള സ്വീഡിഷ് മോട്ടോര്‍ സൈക്കിള്‍ ബ്രാന്‍ഡായ ഹസ്ഖ് വാര്‍ണയാണ് ചൈനീസ് കോപ്പിയുടെ ഒടുവിലത്തെ ഇര. ഹസ്ഖ് വാര്‍ണയുടെ വിറ്റ്‌പിലൻ, സ്വാർട്ട്‌പിലൻ 250 മോഡലുകളുടെ ഒരു അപരനെയാണ് ചൈനീസ് ഇരുചക്ര വാഹന നിർമാതാക്കളായ എഫ്കെ മോട്ടോഴ്‍സ് വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നതെന്ന് ഗാഡിവാഡി ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു. 

എഫ്കെ മോട്ടോഴ്‍സിന്‍റെ ഫീക്കൺ TT250 എന്ന പേരിലുള്ള പുതിയ ക്വാർട്ടർ ലിറ്റർ മോട്ടോർസൈക്കിൾ ഹസ്ഖി 250 മോഡലുകളിൽ നിന്നും പ്രചോദമുൾക്കൊണ്ടാണ് ഡിസൈൻ ചെയ്‌തിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.  വിറ്റ്‌പിലൻ, സ്വാർട്ട്‌പിലൻ എന്നിവയുടെ അതേ റൗണ്ട് ഹെഡ്‌ലാമ്പ്, ഗോൾഡൻ ഫിനിഷുള്ള അപ്സൈഡ് ഡൗൺ ഫ്രണ്ട് ഫോർക്കുകൾ, വൃത്താകൃതിയിലുള്ള പൂർണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഒരു ഫ്ലാറ്റ് ഫ്യുവൽ ടാങ്ക്, സ്റ്റബി ടെയിൽ സെക്ഷൻ എന്നിവയോടൊപ്പമുള്ള അതേ നിയോ-റെട്രോ സ്റ്റൈലിംഗാണ് ഫീക്കൺ TT250 പകർത്തിയിരിക്കുന്നതെന്ന് ഡ്രൈവ് സ്‍പാര്‍ക്ക് ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു.

സൈഡ് പാനലുകളിലെ ചെറിയ മാറ്റങ്ങൾ ഒഴിച്ചുനിർത്തിയാൽ വശങ്ങളും ഹസ്‌ഖ്‌വർണ മോട്ടോർസൈക്കിളിന് ഏതാണ്ട് സമാനമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നിരുന്നാലും അണ്ടർ‌സീറ്റ് എക്‌സ്‌ഹോസ്റ്റും സിംഗിൾ-സൈഡഡ് സ്വിംഗാർമും പോലെ കുറച്ച് മാറ്റങ്ങൾ ഫീക്കൺ TT250 അവതരിപ്പിക്കുന്നുണ്ട്. മോണോഷോക്ക് റിയർ സസ്‌പെൻഷനും എഞ്ചിൻ അസംബ്ലിയിൽ വളരെ മനോഹരമായി കാണപ്പെടുന്ന ഗോൾഡൻ ഫിനിഷും മറ്റ് ശ്രദ്ധേയമായ വിശദാംശങ്ങളിൽ ഉൾപ്പെടുന്നു. രണ്ട് അറ്റത്തും 17 ഇഞ്ച് വീലുകളാണ് എഫ്കെ മോട്ടോർസ് നല്‍കിയിരിക്കുന്നത്.

മുൻവശത്ത് 110/70 ടയറും പിൻവശത്ത് 150/60 ടയറുമാണ് ഫീക്കൺ TT250 വാഗ്ദാനം ചെയ്യുന്നത്. ബ്രേക്കിംഗിനായി ഇരുവശത്തും സിംഗിൾ ഡിസ്ക്കുകളാണ് പ്രവർത്തിക്കുന്നത്. മുൻവശത്ത് 300 mm യൂണിറ്റും പിന്നിൽ 260 mm യൂണിറ്റുമാണിത്. ട്യൂബുലാർ സ്റ്റീൽ ഫ്രെയിമിലാണ് മോട്ടോർസൈക്കിൾ നിർമിച്ചിരിക്കുന്നത്, ഇത് ഹസ്‌ഖ്‌വർണ 250 മോഡലുകളിൽ നിന്നും പ്രചോദനം ഉൾക്കൊള്ളുന്നവയാണെന്നതും ശ്രദ്ധേയമാണ്. 249 സിസി, ഫോർ വാൽവ്, ലിക്വിഡ്-കൂൾഡ്, സിംഗിൾ സിലിണ്ടർ എഞ്ചിനാണ് ഫീക്കൺ TT250 പതിപ്പിന് തുടിപ്പേകുന്നത്. ഇത് 9,750 rpm-ൽ പരമാവധി 28 bhp കരുത്തും 7,500 rpm-ൽ 21.7 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. സി‌എഫ്‌മോടോയുടെ മാതൃ കമ്പനിയായ സെജിയാങ് ചുങ്‌ഫെംഗ് ആണ് ഈ എഞ്ചിൻ നിർമിച്ചിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം.

അതേസമയം ഹസ്‌ഖ്‌വർണയുടെ മാതൃ കമ്പനിയായ കെടിഎമ്മുമായി സി‌എഫ്‌ മോട്ടോയ്ക്ക് പങ്കാളിത്തമുണ്ട് എന്നത് മറ്റൊരു വസ്‌തുതയാണ്. വിറ്റ്‌പിലൻ / സ്വാർട്ട്പിലെൻ 250 മോഡലുകളുടെ അനുകരണമാണെങ്കിലും ഫിറ്റ്, ഫിനിഷ് ലെവലുകൾ കണക്കിലെടുക്കുമ്പോൾ ചൈനീസ് ബൈക്ക് ഏറെ പിന്നിലാണെന്നതും കൌതുകകരം. 

എന്തായാലും വാഹന മോഡലുകളിലെ ചൈനീസ് കോപ്പിയടിക്ക് നിരവധി ഇരകളുണ്ട് വാഹനലോകത്ത്. മുൻകാലങ്ങളിൽ, റോൾസ് റോയ്‌സ്, റേഞ്ച് റോവർ, പോർഷെ, ജീപ്പ്, മെഴ്‌സിഡസ്, ടെസ്‌ല തുടങ്ങിയ ബ്രാൻഡുകളിൽ നിന്നുള്ള ജനപ്രിയ ഉൽപ്പന്നങ്ങളുടെ കൃത്യമായ ചൈനീസ് രൂപങ്ങൾ ഉണ്ടായിട്ടുണ്ട്. റോയൽ എൻഫീൽഡ് ഹിമാലയൻ ഉൾപ്പെടെയുള്ള ജനപ്രിയ ഇരുചക്രവാഹനങ്ങളും ചൈനീസ് നിർമ്മാതാക്കൾ പകർത്തിയിട്ടുണ്ട്. 

ഒറിജിനലിനെക്കാള്‍ കുറഞ്ഞവിലയില്‍ ലഭിക്കുമെന്നതിനാല്‍  പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, നേപ്പാൾ തുടങ്ങിയ രാജ്യങ്ങളില്‍ ഈ ചൈനീസ് വാഹനങ്ങള്‍ സൂപ്പര്‍ഹിറ്റുകളാണ്.  ഇത്തരം കോപ്പിയടികള്‍ ചൈനയിൽ സാധാരണവും വ്യാപകവുമാണെങ്കിലും ഇതിനെതിരെ മിക്ക വിദേശ വാഹന നിർമാതാക്കളും മൗനം പാലിക്കുകയാണ് പതിവ്.  ജഗ്വാർ ലാൻഡ് റോവർ മാത്രമാണ് കേസ് നടത്തി ഈ പതിവ് രീതിക്കൊരു അപവാദമായത്.  

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona   

click me!