മോഹവില, കുഞ്ഞന്‍ എസ്‍യുവിയുമായി ഹ്യുണ്ടായി!

By Web TeamFirst Published Jul 23, 2021, 10:55 AM IST
Highlights

കാസ്‍പര്‍ എന്ന പേരില്‍ ഒരു മൈക്രോ എസ്‌യുവിയാണ് ഹ്യുണ്ടായി നിര്‍മ്മിക്കുന്നതെന്ന് ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഇപ്പോൾ ഒരു കുഞ്ഞൻ എസ്‌യുവിയുടെ പണിപ്പുരയിലാണ് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടായി എന്ന് റിപ്പോർട്ട്. കാസ്‍പര്‍ എന്ന പേരില്‍ ഒരു മൈക്രോ എസ്‌യുവിയാണ് ഹ്യുണ്ടായി നിര്‍മ്മിക്കുന്നതെന്ന് ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. 

വെന്യു കോംപാക്ട് എസ്‌യുവിക്ക് താഴെയായി സ്ഥാനം പിടിക്കുന്ന ഈ വാഹനം ദക്ഷിണ കൊറിയയിൽ ആദ്യമെത്തുമെന്നും പിന്നാലെ ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ വില്‍പ്പനയ്ക്ക് എത്തിയേക്കും എന്നുമാണ് റിപ്പോര്‍ട്ടുകള്‍. ഹ്യുണ്ടായി ഇന്ത്യയില്‍ എത്തിച്ചിട്ടുള്ള ഹാച്ചാബാക്ക് മോഡലുകളായ സാന്‍ട്രോ, ഐ10 നിയോ തുടങ്ങിയ വാഹനങ്ങള്‍ക്ക് അടിസ്ഥാനമൊരുക്കുന്ന കെ1 പ്ലാറ്റ്‌ഫോമിലായിരിക്കും കാസ്‍പറും ഒരുങ്ങുകയെന്നാണ് വിവരം. 

ഹ്യുണ്ടായി ഗ്രാന്‍റ് ഐ10 നിയോസിലെ 82 ബിഎച്ച്പി പവര്‍ ഉത്പാദിപ്പിക്കുന്ന 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനായിരിക്കും ഈ എസ്.യു.വിയുടെ റെഗുലര്‍ പതിപ്പില്‍ നല്‍കുക. വിദേശ നിരത്തുകളില്‍ ഓട്ടോമാറ്റിക് മാനുവല്‍ ട്രാന്‍സ്മിഷനില്‍ കാസ്‍പര്‍ എത്തിയേക്കും. ഭാവിയില്‍ ഈ വാഹനത്തിന്റെ ഇലക്ട്രിക്ക് പതിപ്പും ഹ്യുണ്ടായിയുടെ പരിഗണനയിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

കാസ്‍പർ എന്ന പേര് ഹ്യുണ്ടായി ദക്ഷിണ കൊറിയയിൽ രജിസ്റ്റർ ചെസ്‍തതാണ് പുത്തൻ എസ്‌യുവിയുടെ പേരിനെപ്പറ്റിയുള്ള സൂചനകൾ നൽകുന്നത്. എന്നാൽ, ഇന്ത്യയിലെത്തുമ്പോൾ ഹ്യുണ്ടായി എസ്‌യുവിക്ക് ഇതേ പേരാകുമോ നല്‍കുക എന്ന് വ്യക്തമല്ല. ഉദാഹരണത്തിന് ഇന്ത്യയിൽ വിൽക്കുന്ന വെർണ സെഡാന്റെ റഷ്യയിലെ പേര് സൊളാരിസ് എന്നാണ്. അതേസമയം, മറ്റു ചില രാജ്യങ്ങളിൽ അക്‌സെന്റ് എന്നും ആണ്. 

3,595 മില്ലിമീറ്റർ നീളവും 1,595 മില്ലീമീറ്റർ വീതിയും 1,575 മില്ലീമീറ്റർ ഉയരവുമാണ് ഹ്യുണ്ടേയ് കാസ്പറിനെന്നാണ് സൂചന. അങ്ങനെയെങ്കിൽ 3,610 എംഎം നീളവും 1,645 എംഎം വീതിയുമുള്ള ഹ്യുണ്ടേയ് സാൻട്രോയെക്കാൾ ചെറുതാവും കാസ്പർ. ഹ്യുണ്ടേയ് കാസ്പറിന് ഗ്രാൻഡ് i10 നിയോസിലെ 83 എച്ച്പി പവറും 114 എൻഎം ടോർക്കും നിർമ്മിക്കുന്ന 1.2 ലിറ്റർ, നാല് സിലിണ്ടർ പെട്രോൾ എഞ്ചിനായിരിക്കും ലഭിക്കുക. മാരുതി സുസുക്കി ഇഗ്നിസ്, മഹീന്ദ്ര കെ‌യുവി100 എന്നീ ടോൾബോയ് ഡിസൈനുള്ള വാഹനങ്ങളായിരിക്കും ഹ്യുണ്ടായി കാസ്‍പറിന്റെ മുഖ്യ എതിരാളികൾ. 

2021 സെപ്റ്റംബറിൽ ആഗോള അവതരണത്തിന് ശേഷം ഈ വർഷം അവസാനത്തോടെ കാസ്‍പര്‍ ഇന്ത്യൻ വിപണിയിലെത്തിയേക്കും എന്നും അഞ്ച് ലക്ഷം രൂപ വിലയിലായിരിക്കും ഈ വാഹനം വിപണികളില്‍ എത്തുകയെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona   

click me!