ഹ്യുണ്ടായി എൻ ലൈൻ ബ്രാൻഡ് ഇന്ത്യയില്‍ ഉടനെത്തും

By Web TeamFirst Published Aug 10, 2021, 9:18 PM IST
Highlights

ഇക്കൊല്ലംതന്നെ എൻ ലൈൻ ബാഡ്‍ജിലുള്ള ആദ്യ വാഹനം ഇന്ത്യയിലെത്തിക്കുമെന്ന് ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ സിഇഒ യും മാനേജിങ് ഡയറക്ടറുമായ എസ് എസ് കിം വ്യക്തമാക്കി. 

മുംബൈ: ദക്ഷിണകൊറിയൻ കാർ നിർമാതാക്കളായ ഹ്യുണ്ടായി N-ലൈൻ ശ്രേണിയിലെ പെർഫോമൻസ് കാറുകൾ ഈ വർഷം ഇന്ത്യയിലെത്തും. 2021 സെപ്റ്റംബറില്‍ ബ്രാന്‍ഡ് ഇന്ത്യയില്‍ എത്തുമെന്ന് കാര്‍ വാലെ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇക്കൊല്ലംതന്നെ എൻ ലൈൻ ബാഡ്‍ജിലുള്ള ആദ്യ വാഹനം ഇന്ത്യയിലെത്തിക്കുമെന്ന് ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ സിഇഒ യും മാനേജിങ് ഡയറക്ടറുമായ എസ് എസ് കിം വ്യക്തമാക്കി. അടുത്ത വർഷങ്ങളിൽ ഈ നിരയിലുള്ള കൂടുതൽ വാഹനങ്ങൾ അണിനിരത്തുമെന്നും അദ്ദേഹം പറഞ്ഞു. നിലവിലുള്ള മോഡലുകളെ അടിസ്ഥാനമാക്കി തന്നെയാവും എൻ ലൈൻ ബ്രാൻഡ് അവതരിപ്പിക്കുക. നിലവിൽ യൂറോപ്പ്, ദക്ഷിണകൊറിയ, അമേരിക്ക, റഷ്യ തുടങ്ങിയ രാജ്യങ്ങളിലാണ് ഈ ബ്രാൻഡ് കമ്പനി പുറത്തിറക്കിയിട്ടുള്ളത്.

സ്പോർട്‍സ് കാറുകളുടെ രൂപഭംഗിയാണ് ഇവയെ നിലവിലുള്ള മോഡലുകളിൽനിന്ന് വ്യത്യസ്‍തമാക്കുന്നത്. കമ്പനിയുടെ ജർമനിയിലെ നർബർറിങ്ങിലെ യൂറോപ്യൻ ടെക്നിക്കൽ സെന്ററിനോടും നാംയാങ് ആർ ആൻഡ് ഡി സെന്ററിനോടുമുള്ള ആദര സൂചകമായാണ് N-ലൈൻ എന്ന പേര് ലഭിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. വേൾഡ് റാലി ചാമ്പ്യൻഷിപ്പിലേക്ക് ഹ്യുണ്ടേയ് കാറുകൾ തയ്യാറാക്കുന്ന വിഭാഗവുമായി ചേർന്നാണ് N-ലൈൻ ഡിവിഷൻ പ്രവർത്തിക്കുന്നത്. i20 N ലൈൻ ആയിരിക്കും N-ലൈൻ ശ്രേണിയിൽ ഇന്ത്യയിൽ ആദ്യം എത്തുക എന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. i20 N ലൈനിന്റെ ടെസ്റ്റിംഗ് ഇന്ത്യയിൽ ആരംഭിച്ചതായും ഏകദേശം 12 ലക്ഷത്തിനടുത്ത് i20 N ലൈൻ പതിപ്പിന് വില പ്രതീക്ഷിക്കാം എന്നുമായിരുന്നു 2021 ജനുവരി അവസാനം പുറത്തു വന്ന റിപ്പോര്‍ട്ടുകള്‍.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona  

click me!