എപ്പോള്‍ വേണമെങ്കിലും തീപിടിക്കാം, ഇക്കൂട്ടത്തിലുണ്ടോ നിങ്ങളുടെ വണ്ടി?!

By Web TeamFirst Published Oct 26, 2020, 8:33 AM IST
Highlights

വാഹനത്തിലെ ബാറ്ററി പാക്കിന്​​ തീപിടിച്ചതായി നിരവധിയിടങ്ങളിൽ നിന്ന്​ റിപ്പോർട്ടുകള്‍

സാങ്കേതിക തകരാറിനെ തുടര്‍ന്ന് കോന ഇലക്ട്രിക്ക് എസ്​യുവികളെ തിരിച്ചുവിളിക്കാന്‍ ഹ്യുണ്ടായി  ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. വാഹനത്തിലെ ബാറ്ററി പാക്കിന്​​ തീപിടിച്ചതായി നിരവധിയിടങ്ങളിൽ നിന്ന്​ റിപ്പോർട്ട്​ വന്നതിനെതുടർന്നാണ്​ നടപടി എന്ന് ഫിനാന്‍ഷ്യല്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 2017 സെപ്റ്റംബറിനും 2020 മാർച്ചിനുമിടയിൽ നിർമിച്ച 77,000 കോനകളെയാണ്​  തിരിച്ചുവിളിക്കുന്നത്​. 

അമേരിക്കയിലെ നാഷണൽ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്​മിനിസ്ട്രേഷന് തിരിച്ചുവിളിക്കൽ നോട്ടീസ് സമർപ്പിക്കാനുള്ള നടപടി അവസാനഘട്ടത്തിലാണെന്നും ലോകമെമ്പാടും വാഹനം തിരിച്ചുവിളിക്കുന്നത് കമ്പനി ആലോചിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. 

2019 ൽ കാനഡ, ഓസ്ട്രേലിയ എന്നിവിടങ്ങളിൽ ഉൾപ്പെടെ 16 ഓളം കോന ഇവികൾ ആഗോളതലത്തിൽ തീപിടിച്ചതായി റിപ്പോർട്ട്​ ചെയ്​തിട്ടുണ്ട്​. ദക്ഷിണ കൊറിയൻ നഗരമായ ഡേഗുവിൽ ഭൂഗർഭ സ്ഥലത്ത് പാർക്ക് ചെയ്‍തിരുന്ന ഒരു കോന വാഹനത്തിന് തീപിടിച്ചതായും റിപ്പോർട്ട്​ പുറത്തുവന്നിട്ടുണ്ട്​. എൽജിയാണ്​ കോനക്കുവേണ്ട ബാറ്ററികൾ നിർമിച്ച്​ നൽകുന്നത്​. തീപിടിത്തത്തി​ന്റെ കാരണം ഹ്യൂണ്ടായുമായി ചേർന്ന്​ സംയുക്തമായി അന്വേഷിച്ചുവരികയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ദക്ഷിണ കൊറിയയിൽ മാത്രം 25,564 വാഹനങ്ങളാണ്​ തിരിച്ചുവിളിക്കുന്നത്​. ബാറ്ററി തകരാർ കാരണം കഴിഞ്ഞ വർഷം ഷാങ്ഹായിലെ പാർക്കിങ്​ സ്ഥലത്ത് ടെസ്​ല മോഡൽ എസിന് തീ പിടിച്ചതായി റിപ്പോർട്ട്​ ഉണ്ടായിരുന്നു. ഇതേ മോഡലിന് ഹോങ്കോങ്ങിലും തീ പിടിക്കുന്നതായി റിപ്പോർട്ടുകൾ ഉണ്ട്. ഫെബ്രുവരിയിൽ, പോർഷെ അതി​ന്‍റെ പുതിയ ടയ്‌കാൻ ഇലക്ട്രിക് കാറുകളിലൊന്ന് യുഎസ് ഉപഭോക്താവി​ന്‍റെ ഗാരേജിൽവച്ച്​ തീപിടിച്ചതായി സ്​ഥിരീകരിച്ചിട്ടുണ്ട്​. വൈദ്യുത കാറുകളുടെ വിപണിയിൽ കൂടുതൽ മുതൽമുടക്കാൻ ഹ്യുണ്ടായി ശ്രമിക്കുന്നതിനിടെയാണ് പുതിയ പ്രശ്‌നം ഉയർന്ന്​ വന്നിരിക്കുന്നത്​. ടെസ്‌ല, പോർഷെ പോലുള്ള നിർമാതാക്കളും മുൻ‌കാലങ്ങളിൽ ബാറ്ററി തകരാറുകാരണം തിരിച്ചുവിളിക്കലും അന്വേഷണവും നടത്തിയിട്ടുണ്ട്.

എന്നാല്‍ ഇന്ത്യന്‍ നിരത്തുകളിലെ കോന വാഹനങ്ങള്‍ തിരിച്ചുവിളിച്ച് പരിശോധിക്കുമോ എന്ന കാര്യം ഇതുവരെ വ്യക്തമല്ല. 2018 ദില്ലി ഓട്ടോ എക്‌സ്‌പോയില്‍ ആദ്യമായി ഹ്യുണ്ടായ് പ്രദര്‍ശിപ്പിച്ച കോന ഇലക്ട്രിക്ക് എസ്‍യുവി 2019 ജൂലൈ ആദ്യമാണ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കപ്പെട്ടത്.  കണക്റ്റഡ് സാങ്കേതികവിദ്യയുടെയും അതിവേഗ ചാർജിങ് സംവിധാനത്തിന്റെയും പിൻബലത്തോടെയെത്തുന്ന അഞ്ചു സീറ്റുള്ള കോംപാക്ട് എസ്‌യുവിയാണ് കോന. ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ വൈദ്യുത എസ്‍യുവി എന്നറിയപ്പെടുന്ന ഹ്യൂണ്ടായ് കോന  സ്​​റ്റാൻഡേർഡ്​, എക്​സ്​റ്റൻഡ്​ എന്നിങ്ങനെ രണ്ട്​ വകഭേദങ്ങളിലാണ് എത്തുന്നത്. സ്​​റ്റാൻഡേർഡ്​ കോനയിൽ 39.2 kWh ബാറ്ററിയും 99kW ഇലക്​ട്രിക്​ മോ​ട്ടോറുമാണ് കരുത്തുപകരുന്നത്. ഒമ്പത്​ സെക്കൻഡ് കൊണ്ട് വാഹനം പൂജ്യത്തില്‍ നിന്നും 60 mph വേഗതയിലെത്തും. ആറ്​ മണിക്കുർ ​കൊണ്ട്​ സ്​റ്റാൻഡേർഡ്​ കോന ഫുൾചാർജാവും. എന്നാൽ ഡി.സി ഫാസ്​റ്റ്​ ചാർജറിൽ 54 മിനിട്ട്​ കൊണ്ട്  80 ശതമാനം ചാർജാകും.

കോന എക്​സ്​റ്റൻഡിനു​ 64kWh ബാറ്ററിയും 150 kW &nbsp ഇലക്​ട്രിക്​ മോ​ട്ടോറുമാണ് കരുത്തുപകരുന്നത്. 25.3 ലക്ഷം രൂപയായിരുന്നു വാഹനത്തിന്റെ പ്രാരംഭ വില. എന്നാല്‍ വൈദ്യുത വാഹനങ്ങളെ പ്രോത്സാഹിപ്പിക്കാനുള്ള സര്‍ക്കാരിന്‍റെ പുതിയ പദ്ധതികള്‍ പ്രകാരം വില 23.71 ലക്ഷം രൂപയായി കുറഞ്ഞിരുന്നു. 

click me!