ബുക്കിംഗ് തിമിര്‍ക്കുന്നു, വെന്യു കയ്യില്‍ കിട്ടണമെങ്കില്‍ ആറ് മാസം!

By Web TeamFirst Published Jul 7, 2019, 5:06 PM IST
Highlights

ഏറ്റവും ഒടുവില്‍ കമ്പനി പുറത്തുവിട്ട കണക്കുകളനുസരിച്ച് പുറത്തിറങ്ങി ഒരു മാസത്തിനുള്ളില്‍ 33,000 ബുക്കിങ്ങാണ് വെന്യുവിന് ലഭിച്ചത്

അതിശയിപ്പിക്കുന്ന ബുക്കിംഗ് നേടി മുന്നേറുകയാണ് ഹ്യുണ്ടായിയുടെ പുത്തന്‍ വാഹനം വെന്യു. ഏറ്റവും ഒടുവില്‍ കമ്പനി പുറത്തുവിട്ട കണക്കുകളനുസരിച്ച് പുറത്തിറങ്ങി ഒരു മാസത്തിനുള്ളില്‍ 33,000 ബുക്കിങ്ങാണ് വെന്യുവിന് ലഭിച്ചത്.  ആവശ്യക്കാരുടെ എണ്ണം ഉയര്‍ന്നതിനെ തുടര്‍ന്ന് ആറ് മാസം വരെ ബുക്കിങ് കാലാവധി ഉയര്‍ന്നേക്കാമെന്നാണ് സൂചന. 

മെയ് 21നാണ് വാഹനം വിപണയിലെത്തിയത്. ഏപ്രില്‍ മുതല്‍ വെന്യുവിനുള്ള ബുക്കിങ് കമ്പനി ആരംഭിച്ചിരുന്നു. ഇന്ത്യയില്‍ ഹൈദരാബാദിലാണ് വെന്യുവിന് ഏറ്റവുമധികം ആവശ്യക്കാരുള്ളത്. അതുകൊണ്ട് തന്നെ ഇവിടുത്തെ 20 നഗരങ്ങളില്‍ നിലവില്‍ ആറ് മാസമാണ് ഈ വാഹനത്തിന്റെ ബുക്കിങ് കാലാവധി. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലും വെന്യുവിന് മികച്ച ബുക്കിങ്ങാണ് ലഭിക്കുന്നത്. 

രാജ്യത്തെ ആദ്യ കണക്ടഡ് എസ്‌യുവിയായ വെന്യുവിന് 6.50 ലക്ഷം മുതല്‍ 10.84 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില. വലിയ സാങ്കേതികവിദ്യകളുള്ള വലിയ വാഹനം എന്ന വിശേഷണം ഏറ്റവും ഇണങ്ങുന്ന വെന്യു ഇ, എസ്, എസ്എക്സ്, എസ്എക്സ് (ഓപ്ഷണല്‍) എന്നീ നാല് വകഭേദങ്ങളിലാണ് വിപണിയിലെത്തുക. രണ്ട് പെട്രോള്‍ എന്‍ജിനും ഒരു ഡീസല്‍ എന്‍ജിനും കരുത്ത് പകരുന്ന വെന്യുവിന് ആകെ 13 വേരിയന്റുകളുണ്ട്. ക്രൂയിസ് കണ്‍ട്രോള്‍, ആറ് എയര്‍ബാഗ്, സ്പീഡ് സെന്‍സിങ് ഡോര്‍ ലോക്ക്, എബിഎസ് വിത്ത് ഇഎസ്‌സി, ഹില്‍ അസിസ്റ്റ് കണ്‍ട്രോള്‍ എന്നിവയാണ് വാഹനത്തിന് സുരക്ഷയൊരുക്കുന്നത്. 

118 ബിഎച്ച്പി പവറും 172 എന്‍എം ടോര്‍ക്കും സൃഷ്‍ടിക്കുന്ന 1.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനിലും 82 ബിഎച്ച്പി പവറും 114 എന്‍എം ടോര്‍ക്കുമേകുന്ന 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനിലും 89 ബിഎച്ച്പി പവറും 220 എന്‍എം ടോര്‍ക്കുമേകുന്ന 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനിലുമാണ് ഈ വാഹനം എത്തുന്നത്. 1.0 ലിറ്റര്‍ എന്‍ജിനില്‍ ഏഴ് സ്പീഡ് ഓട്ടോമാറ്റിക്കും മാനുവല്‍ ഗിയര്‍ബോക്‌സും 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനില്‍ അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സും ഡീസല്‍ എന്‍ജിനില്‍ ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമാണ് ട്രാന്‍സ്‍മിഷന്‍.  മാരുതി ബ്രസ, മഹീന്ദ്ര എക്‌സ്‌യുവി 300, ഫോര്‍ഡ് എക്കോസ്‌പോര്‍ട്ട്, ടാറ്റ നെക്സോണ്‍ തുടങ്ങിയവരാണ് വെന്യുവിന്‍റെ മുഖ്യ എതിരാളികള്‍.


 

click me!