ഫെറാരി മുതലാളി പരിഹസിച്ച മെക്കാനിക്ക് 'ലംബോര്‍ഗിനി' എന്ന കമ്പനി തുടങ്ങിയ കഥ!

By Web TeamFirst Published May 13, 2020, 11:23 AM IST
Highlights

ഇന്ന് ലോകമെമ്പാടുമുള്ള നിരത്തുകളിൽ നിലംപതുങ്ങി പറക്കുന്ന, കണ്ണടച്ച് തുറക്കുന്ന നേരം കൊണ്ട് പൂജ്യത്തിൽ നിന്ന് നൂറുമൈലിൽ കൂടുതൽ വേഗത്തിലേക്ക് കുതിക്കാൻ, നിമിഷാർദ്ധം കൊണ്ട് കണ്മുന്നിൽ നിന്ന് അപ്രത്യക്ഷമാകാൻ ശേഷിയുള്ള ഈ ലക്ഷ്വറി കാറുകൾ ഇവിടെ വരെ എത്തിയതിനു പിന്നിലെ പ്രചോദനം നൽകുന്ന കഥയാണ് പറയാൻ പോകുന്നത്.

ജീവിതത്തിൽ വിജയം കണ്ട നിരവധി പേരെ നമുക്ക് പരിചയമുണ്ട്. സ്ഥിരോത്സാഹവും സാമർത്ഥ്യവും ദീർഘവീക്ഷണവും ഒക്കെയുള്ള ഒരു വ്യക്തിയ്ക്ക് ഒരല്പം വാശികൂടി കേറിയാലോ? അത്തരത്തിൽ ഒരു വാശി, ഇറ്റലിയിലെ ഒരു ട്രാക്ടർ നിർമാതാവിനെ ലോകത്തിലെ ഏറ്റവും വേഗമേറിയ സ്പോര്‍‌ട്‌സ് കാറുകളുടെ നിർമ്മാതാവാക്കി മാറ്റിയ കഥയാണ് ഇനി. കഥയിലെ നായകന്റെ പേരുപറഞ്ഞാൽ ചിലപ്പോൾ നിങ്ങളറിയും. ലംബോർഗിനി, 'ഫെറൂച്ചിയോ ലംബോർഗിനി'.

ലംബോർഗിനി എന്ന സൂപ്പർ സ്പോര്‍‌ട്‌സ് കാർ ബ്രാൻഡിന് വേറെ ഒരു മുഖവുരയുടെയും ആവശ്യമില്ല. പേരുതന്നെ ധാരാളമാണ്. അത്രയ്ക്കുണ്ട് ഈ ബ്രാൻഡിന്റെ വിശ്വപ്രസിദ്ധി. അമ്പതുവർഷത്തെ ഉത്പാദന, ഡിസൈൻ മികവുകളുടെ ചരിത്രമുണ്ട് ലംബോർഗിനി കാറുകൾക്ക്. ഇന്ന് ലോകമെമ്പാടുമുള്ള നിരത്തുകളിൽ നിലംപതുങ്ങി പറക്കുന്ന, കണ്ണടച്ച് തുറക്കുന്ന നേരം കൊണ്ട് പൂജ്യത്തിൽ നിന്ന് നൂറുമൈലിൽ കൂടുതൽ വേഗത്തിലേക്ക് കുതിക്കാൻ, നിമിഷാർദ്ധം കൊണ്ട് കണ്മുന്നിൽ നിന്ന് അപ്രത്യക്ഷമാകാൻ ശേഷിയുള്ള ഈ ലക്ഷ്വറി കാറുകൾ ഇവിടെ വരെ എത്തിയതിനു പിന്നിലെ പ്രചോദനം നൽകുന്ന കഥയാണ് പറയാൻ പോകുന്നത്.

ഫെറൂച്ചിയോ ലംബോർഗിനി എന്ന സെക്കൻഡ് ഹാൻഡ് ട്രാക്ടർ നിർമാതാവ്

എല്ലാ ദുരന്തങ്ങളിലും ഒരു അവസരം ഒളിഞ്ഞിരിപ്പുണ്ടാകും എന്ന് പറഞ്ഞത് ഐൻസ്റ്റീൻ ആണ്. ആ പാഠം നന്നായി ഉൾക്കൊണ്ട് പ്രതിസന്ധികളിൽ സാദ്ധ്യതകൾ കണ്ടെത്തി അവയെ പ്രയോജനപ്പെടുത്തുന്നതിലാണ് കാര്യം. വായിൽ വെള്ളിക്കരണ്ടിയുമായിട്ടല്ലായിരുന്നു ഫെറൂച്ചിയോ ലംബോർഗിനിയുടെ ജനനം. 1916 ഏപ്രിൽ 28 -ന് ഇറ്റലിയിലെ സെൻട്രോ എന്ന കൊച്ചുപട്ടണത്തിലാണ് ലംബോർഗിനി ജനിച്ചത്. അച്ഛൻ അന്റോണിയോ ലംബോർഗിനി കൃഷിപ്പണിയിൽ ഏർപ്പെട്ടാണ് കുടുംബം പുലർത്തിയിരുന്നത്.  എന്നാൽ ഫെറൂച്ചിയോക്ക് ചെറുപ്പം മുതലേ പാടത്തെ പണിയെക്കാൾ, എഞ്ചിൻ പണിയിലായിരുന്നു താത്പര്യം. സ്റ്റാർട്ടാകാത്ത ട്രാക്ടർ എഞ്ചിനുകൾ നന്നാക്കാൻ പലരും വിളിച്ചിരുന്നത് അയാളെയായിരുന്നു. അങ്ങനെ പ്രദേശത്ത് എഞ്ചിൻ പണിയിൽ സാമാന്യം നല്ല പേരും പെരുമയും നേടാൻ ഫെറൂച്ചിയോക്ക് കഴിഞ്ഞു. അയാൾ പഠിക്കാനായി തെരഞ്ഞെടുത്തതും ഓട്ടോമൊബൈൽ എഞ്ചിനീയറിങ് തന്നെ.

 

 

എങ്ങനെയും ഒരു കാർ സ്വന്തമാക്കണം എന്ന് കലശലായ മോഹം ഉള്ളിലുണ്ടായിരുന്നിട്ടും കുടുംബത്തിന്റെ മോശം സാമ്പത്തികാവസ്ഥ കാരണം എന്നത് നടന്നില്ല.  കർഷകർ തിങ്ങിവസിച്ചിരുന്ന റെനാസോ എന്ന ഇറ്റാലിയൻ പട്ടണത്തിൽ, ഒന്നാം ലോകമഹായുദ്ധകാലത്ത് സഖ്യസേന ഉപേക്ഷിച്ചിട്ട് പോയ പഴയ വാഹനങ്ങളുടെ എഞ്ചിനും മറ്റും അഴിച്ചെടുത്ത് അവ കൊണ്ടയാൾ കരുത്തുറ്റ  ട്രാക്ടറുകൾ നിർമിച്ചു. ആ ട്രാക്ടറുകൾ അവിടത്തെ കൃഷിക്കാർക്ക് കുറഞ്ഞ വിലയ്ക്ക് വിറ്റു. അങ്ങനെ കുറേക്കാലം തന്റെ വർക്ക് ഷോപ്പ് കേന്ദ്രീകരിച്ചുകൊണ്ട് ട്രാക്ടർ നിർമാണവും മറ്റും നടത്തി. നാല്പതുകളിൽ രണ്ടാം ലോകമഹായുദ്ധകാലത്ത് സൈന്യത്തിൽ മെക്കാനിക്കായി സേവനവും അനുഷ്ഠിച്ച ശേഷമാണ്, 1948 -ൽ ഫെറൂച്ചിയോ, 'ലംബോർഗിനി ട്രാട്ടോറി' (Lamborghini Trattori) എന്ന പേരിൽ തന്റെ ആദ്യത്തെ കമ്പനി തുടങ്ങുന്നത്.

 


 

രണ്ടാം ലോകമഹായുദ്ധം കഴിഞ്ഞ ശേഷം ഇറ്റലിയിലുണ്ടായ കാർഷിക/വ്യാവസായിക മുന്നേറ്റത്തിന്റെ ഗുണഭോക്താക്കളിൽ ഒരാളായി ലംബോർഗിനി മാറി. നിരവധി ട്രാക്ടറുകൾ അദ്ദേഹത്തിന്റെ കമ്പനി നിർമിച്ചു വിറ്റഴിച്ചു. ട്രാക്ടർ കമ്പനിക്ക് പിന്നാലെ 1959 -ൽ ലംബോർഗിനി ബ്രൂഷിയേറ്ററി എന്ന ഹീറ്റിംഗ് എയർകണ്ടീഷനിംഗ് കമ്പനിയും തുടങ്ങി.

ട്രാക്ടർ കമ്പനിയുടമയുടെ സൂപ്പർകാർ ഭ്രമം

സമ്പത്ത് വർധിച്ചു വന്നതോടെ ലംബോർഗിനിക്ക് അതിവേഗത്തിൽ പാഞ്ഞിരുന്ന സൂപ്പർ കാറുകളിൽ കമ്പമുദിച്ചു. ആദ്യമൊക്കെ വാങ്ങിയത് ആൽഫാ റോമിയോ, ലാൻസിയ തുടങ്ങിയ കാറുകൾ ആയിരുന്നു. 1950 -ൽ അദ്ദേഹം ഒരു മെഴ്സിഡസ് ബെൻസ് 300SL സ്വന്തമാക്കി. ഓരോ ദിവസവും ഓരോ വ്യത്യസ്തകാറിൽ പുറത്തിറങ്ങണം എന്നായിരുന്നു ലംബോർഗിനിയുടെ വാശി. അതിനായി ഉള്ള കാറുകൾക്ക് പുറമെ ഒരു ജാഗ്വർ E ടൈപ്പ് കൂപ്പെ, രണ്ടു മാസെരാട്ടി 3500 GT എന്നിവ സ്വന്തമാക്കി.

ഓടിച്ചിരുന്ന കാറുകളുടെ പെർഫോമൻസ് വളരെ പ്രധാനമായിരുന്നു ലംബോർഗിനിക്ക്. നല്ലൊരു മെക്കാനിക് ആയിരുന്നതിനാൽ തന്നെ അദ്ദേഹത്തിന് താൻ ഓടിക്കുന്ന കാറുകളിൽ നിന്ന് പ്രതീക്ഷകൾ ഏറെയായിരുന്നു. മാസരാട്ടിയെപ്പറ്റി അദ്ദേഹം അന്ന് പറഞ്ഞതിങ്ങനെ," എനിക്ക് അഡോൾഫോയോട് (അഡോൾഫോ റോസോ, മാസരാട്ടിയുടെ സ്ഥാപകൻ) തികഞ്ഞ ബഹുമാനമുണ്ട്. എന്നെപ്പോലെ ഒന്നുമില്ലായ്മയിൽ നിന്ന് ഈ ഉയരങ്ങളിൽ എത്തിയ ആളാണ് അദ്ദേഹവും. പക്ഷേ, അദ്ദേഹമുണ്ടാക്കിയ കാറുകളോട് എനിക്കത്രക്ക് ബഹുമാനം പോരാ. നല്ല ഭാരമുണ്ട് അവയ്ക്ക്, ഓടിക്കാനും സുഖം പോരാ..."

ഫെരാരിയിൽ നിന്നേൽക്കേണ്ടി വന്ന അപമാനം

1958 -ൽ ആണ് ലംബോർഗിനിയുടെ ചരിത്രത്തിലെഒരു സുപ്രധാന വഴിത്തിരിവുണ്ടാകുന്നത്. അക്കൊല്ലമാണ് ഫെറൂച്ചിയോ ഫെറാരിയുടെ പുതിയ സൂപ്പർ കാറായ ഫെറാരി 250 GT വാങ്ങാൻ വേണ്ടി ഇറ്റലിയിലെ തന്നെ മാരാനെല്ലോ എന്ന പട്ടണത്തിലേക്ക് ചെല്ലുന്നത്. അത് സുപ്രസിദ്ധ കാർ ഇന്റീരിയർ ഡിസൈനർ ആയ പിനിൻഫാറിനയുടെ ഡിസൈനിൽ ഉള്ള ഒരു 2 സീറ്റർ കൂപ്പെ ആയിരുന്നു. മാസെരാട്ടിയെക്കാൾ കൊള്ളാം ഫെരാരിയുടെ അന്നത്തെ കാറുകൾ എന്ന് ലംബോർഗിനി കരുതിയിരുന്നു. രണ്ടെണ്ണം വാങ്ങി അദ്ദേഹം. ഒരു വെള്ളക്കാർ തനിക്കുവേണ്ടിയും, കറുത്ത നിറത്തിൽ ഒരെണ്ണം തന്റെ ഭാര്യക്ക് വേണ്ടിയും. തന്റെ ട്രാക്ടർ കമ്പനി സന്ദർശിച്ചിരുന്ന വിശേഷപ്പെട്ട കസ്റ്റമർമാരെ ഫെറൂച്ചിയോ തന്റെ വെള്ള ഫെറാരി കാറിൽ കയറ്റി സ്വയം കൊടിച്ചു കൊണ്ടുപോയി അവരുമൊത്ത് ഡിന്നർ കഴിക്കുമായിരുന്നു അന്നൊക്കെ. 

 

 

'ഫെറാരി 250 GT'

എന്നാൽ തന്റെ ഫെറാരി 250 GT കാറിൽ നിന്ന് അത് സ്റ്റാർട്ടാക്കുമ്പോൾ പുറപ്പെട്ടിരുന്ന പരിധിയിൽ കവിഞ്ഞ ശബ്ദം അദ്ദേഹത്തിന് തീരെ ഇഷ്ടപ്പെട്ടിരുന്നില്ല. കൊടുക്കുന്ന വിലയോർത്താൽ കാറിന്റെ ഇന്റീരിയറും പോരാ എന്നായിരുന്നു ഫെറൂച്ചിയോയുടെ വ്യക്തിപരമായ അഭിപ്രായം. ഫെറൂച്ചിയോക്ക് ഫെറാരി കാറുകളിൽ ഇഷ്ടപെടാതിരുന്ന മറ്റൊരു കാര്യം അതിലെ ക്ലച്ചുകൾ ആയിരുന്നു. വളരെ മോശം ഗുണനിലവാരമാണ് ഫെറാരിയുടെ ക്ലച്ചുകൾക്ക് എന്നദ്ദേഹം കരുതി. ക്ലച്ചിന്റെ ഗുണനിലവാരക്കുറവിനു പുറമെ  ഫെറൂച്ചിയോയുടെ പരുക്കൻ ഡ്രൈവിങ് ശൈലിയും അതിന്റെ ആയുസ്സ് കുറച്ചു.  ഇടയ്ക്കിടെ ക്ലച്ച് തേഞ്ഞുപോയിരുന്ന  ആ കാറുകളും കൊണ്ട് അദ്ദേഹത്തിന്  മാരാനെല്ലോയിലേക്ക് പോകേണ്ടി വന്നിരുന്നു. ടെക്‌നീഷ്യന്മാർ ക്ലച്ച് നന്നാക്കും വരെ കാത്തിരുന്ന് മുഷിയേണ്ടിയും വന്നിരുന്നു. അങ്ങനെ ഫെറാരി കാറുകളുടെ ആഫ്റ്റർ സെയിൽസ് സർവീസിൽ  ഫെറൂച്ചിയോക്ക് അങ്ങനെ കാര്യമായ അതൃപ്തിയായി.

നാലഞ്ച് വട്ടം ഫെറാരി സർവീസ് സെന്ററിൽ ചെന്ന് കാത്തിരുന്ന് മനംമടുത്തപ്പോൾ ഒരു ദിവസം അദ്ദേഹം അവിടെ നിന്ന് റിപ്പയർ ചെയ്യിക്കുന്നതിനു പകരം നേരെ സ്വന്തം ട്രാക്ടർ സർവീസ് സെന്ററിലേക്ക് ചെന്നു. ഹെഡ് മെക്കാനിക്കിനെ വിളിച്ച് ഫെറൂച്ചിയോ ക്ലച്ച് നോക്കാൻ പറഞ്ഞു. ആ ഫെറാരി 250GT അഴിച്ചു പണിഞ്ഞ് ക്ലച്ച് ഇളക്കി നോക്കിയപ്പോൾ,  രസകരമായ ഒരു വസ്തുത മെക്കാനിക്കിന്റെ ശ്രദ്ധയിൽ പെട്ടു. ലംബോർഗിനിയുടെ താരതമ്യേന വിലകുറഞ്ഞ ഒരു ലൈറ്റ് ട്രാക്ടറിൽ ഉപയോഗിച്ചിരിക്കുന്ന അതേ ബ്രാൻഡ് ക്ലച്ച് തന്നെയാണ് സൂപ്പർ കാർ എന്നവകാശപ്പെടുന്ന ഫെറാരി 250GT -യിലും ഉപയോഗിച്ചിരിക്കുന്നത്. ആ വെളിപ്പെടുത്തൽ ലംബോർഗിനിയെ ക്ഷുഭിതനാക്കി. അദ്ദേഹം തന്റെ മെക്കാനിക്കിനോട് പറഞ്ഞു," ഞാൻ എന്റെ ട്രാക്ടറിന്റെ ക്ലച്ചിന് 10 ലയർ (യൂറോക്ക് മുമ്പുള്ള ഇറ്റാലിയൻ കറൻസി) കൊടുക്കുന്നു. ഫെറാരി 250GT സൂപ്പർ കാറാണ്. അതിന്റെ വില നോക്കിയാൽ ചുരുങ്ങിയത് 1000 ലയർ എങ്കിലും കൊടുക്കുന്നുണ്ട്. എന്നിട്ട് ഈ കള്ളന്മാർ എനിക്ക് ഫിറ്റുചെയ്ത് തരുന്നതോ, അതേ 10 ലയറിന്റെ ക്ലച്ചുതന്നെ. എന്തൊരു തോന്നിവാസമാണിത്..!" ഈ ഈർഷ്യ ലംബോർഗിനിയുടെ മനസ്സിൽ മുള്ളായി ഉടക്കിക്കിടന്നു.

 

 

 

അധികം താമസിയാതെ ഏതോ ടീ പാർട്ടിയിൽ വെച്ച് ഫെറാരി കമ്പനി ഉടമ സാക്ഷാൽ എൻസോ ഫെറാരിയുമായി കണ്ടുമുട്ടാനുള്ള സാഹചര്യവും ഫെറൂച്ചിയോക്ക് ഒത്തുവന്നു. കുശലം പറഞ്ഞ ശേഷം, സംഭാഷണങ്ങൾക്കിടെ വിശേഷങ്ങൾ പങ്കുവെക്കുന്ന കൂട്ടത്തിൽ ലംബോർഗിനി തന്റെ മനസ്സിൽ തറച്ച ആ മുള്ളെടുത്ത് പുറത്തിട്ടു," എൻസോ, നിങ്ങൾ എന്റെ ട്രാക്ടറിന്റെ അതേ സ്പെയർ പാർട്സ് കൊണ്ടാണല്ലേ ഫെറാരിയുടെ സ്പോർട്സ് കാറുകളും ഉണ്ടാക്കുന്നത്..?"

ഫെറൂച്ചിയോയുടെ ചോദ്യത്തെത്തുടർന്ന് ആ പാർട്ടിഹാളിൽ വല്ലാത്തൊരു നിശബ്ദത പരന്നു. ഡിന്നർ കഴിച്ചിരുന്ന സകലരും ഫെറാരിയുടെ മറുപടിക്കായി കാതോർത്തു. ദുരഭിമാനത്തിനു പേരുകേട്ടയാളായിരുന്നു  ഫെറാരി. ലംബോർഗിനിയുടെ ഈ മുനവെച്ച ചോദ്യത്തിനുള്ള ഫെറാരിയുടെ മറുപടി എന്തായാലും പൊട്ടിച്ചിരിയും, പുറത്തുതട്ടിയുള്ള അഭിനന്ദനവും ഒന്നുമാകാൻ യാതൊരു സാധ്യതയും ഉണ്ടായിരുന്നില്ല. അതെന്താവും എന്നറിയാനുള്ള ഉദ്വേഗമാണ് ആ അന്തരീക്ഷത്തിൽ തങ്ങി നിന്നത്.

ഒന്ന് മുരടനക്കിയ ശേഷം എൻസോ ഫെറാരി ആ ചോദ്യത്തിന് മറുപടി പറഞ്ഞു, "ലുക്ക് ഫെറൂച്ചിയോ... നിങ്ങൾ ഒരു ട്രാക്ടർ ഡ്രൈവർ ആണ്. ഒരു കർഷകനാണ്. എന്റെ കാറുകളെപ്പറ്റി പരാതി പറയാൻ നിങ്ങൾക്ക് യാതൊരർഹതയുമില്ല. ഇന്ന് ലോകത്തിൽ ലഭ്യമായതിൽ വെച്ച് ഏറ്റവും മികച്ച സ്പോർട്സ് കാറുകളാണ് ഫെറാരിയുടേത്..."  

ആ നിമിഷം മുറിപ്പെട്ടത് ഫെറൂച്ചിയോ ലംബോർഗിനിയുടെ ആത്മാഭിമാനമാണ്. ഒരു നിമിഷത്തെ മൗനത്തിനു ശേഷം അദ്ദേഹവും തിരിച്ചടിച്ചു, " ഓ..യെസ്... നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ്. ഞാൻ വെറുമൊരു ട്രാക്ടർ ഡ്രൈവറാണ്. ഒന്നിനും കൊള്ളാത്തൊരു കർഷകനാണ്. പക്ഷേ, ഒന്നാന്തരം സ്പോർട്സ് കാറുകൾ ഉണ്ടാക്കേണ്ടത് എങ്ങനെയെന്ന് ഞാൻ നിങ്ങൾക്ക് കാണിച്ചുതരാം.. അധികം താമസിയാതെ... എഴുതിവെച്ചോ... "

 

 

'Lamborghini 350 GTV '

ആ പാർട്ടിയിൽ നിന്ന് ഹൃദയത്തിൽ ഒരു കല്ലും വെച്ചുകൊണ്ടാണ് ലംബോർഗിനി ഇറങ്ങിപ്പോന്നത്. അങ്ങനെ 1963 -ൽ ഒരു  വാശിപ്പുറത്ത് ഫെറൂച്ചിയോ തുടങ്ങിയതാണ് 'ഓട്ടോമൊബിലി ലംബോർഗിനി' (Automobili Lamborghini )എന്ന കാർ നിർമാണ കമ്പനി. അതേവർഷം, അവസാനത്തോടെ, ടൂറിൻ മോട്ടോർ ഷോയിൽ വെച്ച് ലംബോർഗിനിയുടെ ആദ്യത്തെ സ്പോർട്സ് കാറായ Lamborghini 350 GTV അവതരിപ്പിക്കപ്പെടുന്നു. കരുത്തുറ്റ V12 എഞ്ചിനിന്റെ ബലത്തിൽ കുതിക്കുന്ന വീറുള്ള ഒരു പടക്കുതിരയായിരുന്നു അത്. 

 

 
'തന്റെ V12 സ്പോർട്സ് കാർ എഞ്ചിനുമായി ഫെറൂച്ചിയോ ലംബോർഗിനി '


കാളപ്പോരിൽ വലിയ കമ്പമുണ്ടായിരുന്ന, സ്വന്തമായി നിരവധി കാളകളെ പോറ്റിയിരുന്ന ഫെറൂച്ചിയോ തന്റെ കമ്പനിയുടെ 'ലോഗോ' ആയി തിരഞ്ഞെടുത്തത് സ്വന്തം സോഡിയാക് സൈൻ ആയ 'ടോറസ്' എന്ന കാളയെയായിരുന്നു.  പിന്നീട് ലോകമെമ്പാടുമുള്ള കാർപ്രേമികളുടെ ഇഷ്ടവാഹനമായി ആ കാള മാറിയത് ചരിത്രം. 

click me!