ലാൻഡ് റോവർ കൂടെയില്ലെങ്കിൽ ടാറ്റയുടെ കാര്യം 'കട്ടപ്പൊക' എന്ന് റിപ്പോര്‍ട്ട്!

By Web TeamFirst Published May 12, 2020, 4:15 PM IST
Highlights

കൊവിഡിനോടനുബന്ധിച്ച് വാഹനവിപണിയിൽ ഉണ്ടായ മാന്ദ്യത്തെത്തുടർന്ന് ടാറ്റ മോട്ടോർസ് നഷ്ടങ്ങളിലേക്കും, കൂടുതൽ കടങ്ങളിലേക്കും കൂപ്പുകുത്തിത്തുടങ്ങിയിരുന്നു. 

കൊവിഡ് ലോക്ക് ഡൗൺ കാരണം ലോകമെമ്പാടുമുണ്ടായ മാന്ദ്യം ടാറ്റ എന്ന ഇന്ത്യൻ വാഹനഭീമനെയും സാരമായി ബാധിച്ചിട്ടുണ്ട് എന്ന് സൂചിപ്പിക്കുന്ന വിലയിരുത്തലുകൾ പുറത്ത്. ഇൻവെസ്റ്റ്‌മെന്റ് ബ്രോക്കറേജ് സ്ഥാപനമായ CLSA ലിമിറ്റഡ് ആണ് ഇത് സംബന്ധിച്ച ഒരു പ്രസ്താവന പുറപ്പെടുവിച്ചത്. 370 കോടി ഡോളർ വിപണിമൂല്യമുള്ള ടാറ്റ മോട്ടോർസ് കൊവിഡിനോടനുബന്ധിച്ച് വാഹനവിപണിയിൽ ഉണ്ടായ മാന്ദ്യത്തെത്തുടർന്ന് നഷ്ടങ്ങളിലേക്കും, കൂടുതൽ കടങ്ങളിലേക്കും കൂപ്പുകുത്തിത്തുടങ്ങിയിരുന്നു. 

ടാറ്റ മോട്ടോഴ്സിന്റെ  ഇന്ത്യൻ നിക്ഷേപത്തിന്, വിദേശത്തും ഇന്ത്യയിലുമായി അവരുടെ കൈവശമുള്ള ജാഗ്വാർ ലാൻഡ് റോവർ എന്ന ലക്ഷ്വറി കാർ ശ്രേണി കൈവശം ഇല്ലായിരുന്നു എങ്കിൽ, ഒരു ഇവാല്യൂവേഷൻ നടക്കുമ്പോൾ യാതൊരു മൂല്യവും ഉണ്ടാകുമായിരുന്നില്ല എന്നാണ് അവരുടെ റിപ്പോർട്ടിൽ പരാമർശിച്ചിരിക്കുന്നത്. ടാറ്റ മോട്ടോഴ്സിന് അവരുടെ മാതൃസ്ഥാപനമായ ടാറ്റാ സൺസിൽ നിന്ന് ഇതിനകം തന്നെ നഷ്ടം നികത്താൻ വേണ്ടിയുള്ള നിക്ഷേപസഹായങ്ങൾ കിട്ടിയിട്ടുണ്ട്. പ്രിഫറൻഷ്യൽ ഇക്വിറ്റികളുടെ രൂപത്തിലാണ് ടാറ്റ സൺസിന്റെ സഹായം എത്തിയിട്ടുള്ളത്. അമിൻ പിറാണി എന്ന അനലിസ്റ്റിന്റെ റിപ്പോർട്ടിൽ ടാറ്റ മോട്ടോഴ്സിന്റെ വിപണിയിലെ റേറ്റിങ്ങും ഇടിച്ചിട്ടുണ്ട്. 

ലോക്ക് ഡൗൺ കാരണം നിർമാണം പാടെ നിലച്ചു പോയതിനാൽ ഒരു യൂണിറ്റ് പോലും ടാറ്റയുടെ ഇന്ത്യൻ ഫാക്ടറികളിൽ നിന്ന് പുറത്തേക്കു പോയിട്ടില്ല. S&P BSE Auto Index-ലെ ഇത്തവണത്തെ ഏറ്റവും മോശം പെർഫോമൻസ് ഉള്ള വാഹനനിർമാതാവും ടാറ്റ മോട്ടോർസ് തന്നെയാണ്. 53 ശതമാനമാണ് ഈ ഇൻഡക്സിൽ അവരുടെ മൂല്യം ഇടിഞ്ഞിരിക്കുന്നത്. 

കൊറോണവൈറസ് ബാധ കാരണം ലോകത്തിന്റെ പല ഭാഗങ്ങളിലും നിർബന്ധിതമായി നടപ്പിലാക്കിയ ലോക്ക് ഡൗൺ ജാഗ്വാർ ലാൻഡ് റോവറിന്റെ വിപണി മൂല്യവും കാര്യമായി ഇടിച്ചിട്ടുണ്ട്. ചൈനയിലെ വിപണിയിലുണ്ടായ മാന്ദ്യം, ബ്രെക്സിറ്റ്‌, യൂറോപ്യൻ മലിനീകരണ ചട്ടങ്ങൾ കാരണമുണ്ടായ തിരിച്ചടികൾ എന്നിവ ജാഗ്വറിനെ വിപരീതമായി ബാധിച്ചു. തങ്ങൾക്കുണ്ടായ നഷ്ടം ഏതു വിധേനയും നികത്തി പിടിച്ചു നില്ക്കാൻ അനുയോജ്യരായ ബിസിനസ് പങ്കാളികളെ തേടുകയാണ് ടാറ്റ മോട്ടോർസ് ഇപ്പോൾ. ഒരു കാരണവശാലും ജാഗ്വാർ ലാൻഡ് റോവറിനെ വിൽപ്പനക്ക് വെക്കില്ല എന്ന് ടാറ്റ മോട്ടോർസ് വക്താക്കൾ വ്യക്തമാക്കിയിട്ടുണ്ട്. 

അതേസമയം ഇന്ത്യൻ കമേഴ്‌സ്യൽ വാഹന വിപണിയിലും, ആഗോള ലക്ഷ്വറി കാർ വിപണിയിലും ലോക്ക് ഡൗൺ പിൻവലിച്ചാൽ അധികം താമസിയാതെ വലിയ മുന്നേറ്റങ്ങളുണ്ടാകും എന്ന പ്രവചനവും CLSA ലിമിറ്റഡ് നടത്തിയിട്ടുണ്ട്. അവയുടെ ഗുണഫലങ്ങൾ ടാറ്റ സൺസിനും ലഭ്യമാകും എന്ന പ്രതീക്ഷ വിപണിയിൽ സജീവമാണ്. 
 

click me!