കൈകാണിക്കില്ല, എറിഞ്ഞിടില്ല; പക്ഷേ മുട്ടന്‍പണിയുമായി പുതിയ 'പൊലീസ് വണ്ടി'!

By Web TeamFirst Published Jan 4, 2020, 3:01 PM IST
Highlights

ഏകദേശം ‌25 ലക്ഷം രൂപയോളമാണ് അത്യാധുനിക ഇന്റർസെപ്റ്ററുകളുടെ ചെലവ്

ഗതാഗത നിയമ ലംഘനങ്ങള്‍ പിടികൂടുന്നതിന് അത്യാധുനിക സംവിധാനങ്ങളുമായി സംസ്ഥാനത്തെ മോട്ടോർ വാഹന വകുപ്പ് തയ്യാറെടുക്കുന്നതായി നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനായി  'സേഫ് കേരള' പദ്ധതിയുടെ ഭാഗമായി 17 ഓളം അത്യാധുനിക ഇന്‍റർസെപ്റ്റർ വാഹനങ്ങളാണ് മോട്ടോര്‍വാഹന വകുപ്പ് വാങ്ങുന്നത്. ഇപ്പോഴിതാ ഇത്തരം ഇന്റര്‍സെപ്റ്റര്‍ വാഹനം കോട്ടയത്തും എത്തിയിരിക്കുകയാണ്.

ആധുനിക ഉപകരണങ്ങളാണ് വാഹനത്തിനുള്ളിലുള്ളത്. ഇവ ഉപയോഗിക്കാന്‍ 25 ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കും. ഇതിനുശേഷമാകും വാഹനം നിരത്തിലിറക്കുക. 

ഏകദേശം ‌25 ലക്ഷം രൂപയോളമാണ് അത്യാധുനിക ഇന്റർസെപ്റ്ററുകളുടെ ചെലവ്. സ്‍മാർട് ഇൻഫോ എന്ന സോഫ്റ്റ്‌വെയറിനെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഈ ഇന്‍റര്‍സെപ്റ്റര്‍ വാഹനത്തില്‍ 180 ഡിഗ്രി വൈഡ് ആംഗിൾ തിരിയാന്‍ സാധിക്കുന്ന വിഡിയോ ക്യാമറ, ഹെഡ്‌ലൈറ്റിന്റെ പ്രകാശ തീവ്രത അളക്കുന്ന ലക്സ് മീറ്റർ, അമിത വേഗം കണ്ടെത്തുന്ന റഡാർ, മദ്യപിച്ചു വാഹനം ഓടിക്കുന്നവരെ പിടിക്കുന്ന ബ്രത്തലൈസർ, ജനൽ ഗ്ലാസിന്റെ സുതാര്യത പരിശോധിക്കാൻ ഒപാസിറ്റി മീറ്റർ, ഹോണിന്റെ ശബ്ദ തീവ്രത അളക്കുന്ന ഡെസിബെൽ മീറ്റർ തുടങ്ങിയ അത്യാധുനിക സൗകര്യങ്ങള്‍ ഉണ്ടാകും. ഡ്രൈവിങ്ങിനിടയിലെ മൊബൈൽ ഫോൺ ഉപയോഗം, ഹെൽമറ്റ് ധരിക്കാതെയുള്ള യാത്ര, അലക്ഷ്യമായ ഡ്രൈവിങ് എന്നിവ ക്യാമറ കണ്ടെത്തും.

ആൽക്കോമീറ്റർ ഉൾപ്പെടെയുള്ള സൗകര്യങ്ങളുണ്ട് ഈ വാഹനത്തിൽ. മദ്യപിച്ച് വാഹനമോടിച്ച് പടിക്കപ്പെട്ടാല്‍ അപ്പോൾ തന്നെ രക്തത്തിന്റെ മദ്യത്തിന്റെ അളവും ആളുടെ പടവും അടക്കം പ്രിന്റായി ഉദ്യോഗസ്ഥരുടെ കൈയിലെത്തും. ഇതു തെളിവായി കോടതിയിൽ പിന്നീട് ഉപയോഗിക്കുകയും ചെയ്യാം.

ഇമെയിൽ, എസ്എംഎസ് എന്നിവ മുഖേനയാവും പിഴ അടക്കാനുള്ള നോട്ടീസ് ഉടമകളെ തേടിയെത്തുക. പിഴ ഇ പേയ്മെന്റ് വഴി അടയ്ക്കാം. ഇന്റർസെപ്റ്ററെ കണ്ടിട്ട് നിർത്താതെ പോകുന്ന വാഹനങ്ങളെ കരമ്പട്ടികയിൽപ്പെടുത്താനും നീക്കമുണ്ട്. 

click me!