വാഹന മോഡല്‍ കോപ്പിയടിച്ച ചൈനയ്ക്ക് ലാൻഡ് റോവറിന്‍റെ മുട്ടന്‍പണി!

By Web TeamFirst Published Mar 25, 2019, 4:08 PM IST
Highlights

തങ്ങളുടെ വാഹന മോഡൽ കോപ്പിയടിച്ച ചൈനീസ് വാഹന നിർമാതാവിനെതിരെ കോടതിയിൽ നിന്ന് അനുകൂല വിധി നേടി ടാറ്റ മോട്ടോഴ്സിന്റെ ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് ആഡംബര കാർ ബ്രാൻഡായ ജഗ്വാർ ലാൻഡ് റോവർ

തങ്ങളുടെ വാഹന മോഡൽ കോപ്പിയടിച്ച ചൈനീസ് വാഹന നിർമാതാവിനെതിരെ കോടതിയിൽ നിന്ന് അനുകൂല വിധി നേടി ടാറ്റ മോട്ടോഴ്സിന്റെ ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് ആഡംബര കാർ ബ്രാൻഡായ ജഗ്വാർ ലാൻഡ് റോവർ(ജെ എൽ ആർ). റേഞ്ച് റോവർ ഇവോക്കിനെ അനുകരിച്ച ചൈനീസ് നിർമാതാക്കളായ ജിയാങ്‍ലിങ് മോട്ടോഴ്സ് കോർപറേഷനെതിരെയായിരുന്നു ജെഎൽആറിന്റെ നിയമയുദ്ധം. 

ബെയ്ജിങ്ങിലെ ചവോയാങ് ജില്ലാ കോടതിയാണ് ലാന്‍ഡ് റോവറിന് അനുകൂലമായി നിലപാടെടുത്തത്. 2018 നവംബറില്‍ വിപണിയിലെത്തിയ ഇവോക്കിലെ അഞ്ചു സവിശേഷതകളെങ്കിലും ജിയാങ്‍ലിങ് മോട്ടോഴ്സ് നിർമിച്ച ലാൻഡ് വിൻഡ് എക്സ് സെവനിൽ അതേപടി പകർത്തിയിട്ടുണ്ടെന്നു കണ്ടെത്തിയ കോടതി ജഗ്വാർ ലാൻഡ് റോവറിന് നഷ്ടപരിഹാരത്തിന് അർഹതയുണ്ടെന്നും വിധിച്ചു. 

ഇവോക്കിനും ലാൻഡ് വിൻഡ് എക്സ് സെവനുമായി കാഴ്ചയിൽ പ്രകടമായ സാമ്യമുണ്ടെന്നും മുന്നിൽ നിന്നു പിന്നിലേക്കു വീതി കുറഞ്ഞു വരുംവിധമാണ് ഇരു വാഹനങ്ങളുടെയും മേൽക്കൂരയുടെയും ജനലുകളുടെയും രൂപകൽപ്പന. കൂടാതെ സമാനമായ ടെയിൽ ലാംപും പാർശ്വത്തിലെ പാനലിലെ കാരക്ടർ ലൈനുമാണ് ഇരു എസ്‌യുവികളിലുമുള്ളതെന്നും കോടതി നിരീക്ഷിച്ചു. ഇത്തരം അനുകരണം ഉപയോക്താക്കളിൽ ആശയക്കുഴപ്പം സൃഷ്ടിച്ചിട്ടുണ്ടെന്നും അഭിപ്രായപ്പെട്ട കോടതി ഈ സാഹചര്യത്തിൽ ലാൻഡ് വിൻഡിന്റെ നിർമാണവും വിപണനവും വിൽപ്പനയുമൊക്കെ ഉടൻ നിർത്താനും ഉത്തരവിട്ടു. 

ഇത്തരം കോപ്പിയടികള്‍ ചൈനയിൽ സാധാരണവും വ്യാപകവുമാണെങ്കിലും ഇതിനെതിരെ മിക്ക വിദേശ നിർമാതാക്കളും മൌനം പാലിക്കുകയാണ് പതിവ്. ഈ സാഹചര്യത്തിലാണ് ലാന്‍ഡ് റോവറിന്‍റെ വിജയം ശ്രദ്ധേയമാകുന്നത്.

രണ്ടാം തലമുറ ഇവോക്ക് എസ്‍യുവി കഴിഞ്ഞ നവംബറിലാണ് അവതരിപ്പിച്ചത്. പെട്രോള്‍-ഡീസല്‍ എന്‍ജിനൊപ്പം മില്‍ഡ് ഹൈബ്രിഡിലാണ് പുതിയ ഇവോക്ക് എത്തുന്നത്. 2.0 ലിറ്റര്‍ പെട്രോള്‍, ഡീസല്‍ എന്‍ജിനുകളാണ് വാഹനത്തിന്‍റെ ഹൃദയം. 148 എച്ച്പി, 178 എച്ച്പി, 237 എച്ച്പി ടര്‍ബോ ഡീസല്‍, 197 എച്ച്പി, 246 എച്ച്പി, 296 എച്ച്പി ടര്‍ബോ പെട്രോള്‍ എന്നീ എന്‍ജിന്‍ ട്യൂണുകള്‍ ഇവോക്കിനുണ്ട്. 9 സ്പീഡ് ZF ഓട്ടോമാറ്റിക്കാണ് ട്രാന്‍സ്മിഷന്‍. ഇവോക്കിന്റെ ഡീസല്‍ ബേസ് വേരിയന്റ് ഒഴികെ മറ്റെല്ലാ മോഡലുകളും ആള്‍വീല്‍ ഡ്രൈവാണ്. ഈ ആള്‍വീല്‍ ഡ്രൈവ് വേരിയന്റില്‍ 48V മില്‍ഡ് ഹൈബ്രിഡ് സംവിധാനവുമുണ്ട്. 

പുതിയ മിക്‌സഡ് മെറ്റല്‍ പ്രീമിയം ട്രാന്‍സ് വേഴ്‌സ് ആര്‍ക്കിടെക്ച്ചറിന്റെ അടിസ്ഥാനത്തിലാണ് വാഹനം നിര്‍മ്മിച്ചിരിക്കുന്നത്. അള്‍ട്രാ സ്ലിം മെട്രിക്‌സ് എല്‍ഇഡി ഹെഡ്‌ലാമ്പ്, 21 ഇഞ്ച് വീല്‍, വ്യത്യസ്തമായ ഡോര്‍ ഹാന്‍ഡില്‍, വീല്‍ ആര്‍ച്ച് എന്നിവയുമുണ്ട്. കൂടുതല്‍ പ്രീമയമായ ഇന്റീരിയറിലെ ഡ്യുവല്‍ ടോണ്‍ ഡാഷ്‌ബോര്‍ഡില്‍ രണ്ട് ടച്ച്‌സ്‌ക്രീന്‍ സിസ്റ്റവും നല്‍കിയിട്ടുണ്ട്.

click me!