മുണ്ടുമുറുക്കാന്‍ കമ്പനികള്‍, കീശകീറല്‍ ഭയന്ന് വാഹന ഉടമകള്‍!

By Web TeamFirst Published May 13, 2019, 2:55 PM IST
Highlights

ഉല്‍പ്പാദന ചെലവുകള്‍ ഉള്‍പ്പെടെ വെട്ടിക്കുറച്ച് കടുത്ത സാമ്പത്തിക അച്ചടക്കത്തിനൊരുങ്ങി ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ടയും ഹോണ്ടയും. 

ഉല്‍പ്പാദന ചെലവുകള്‍ ഉള്‍പ്പെടെ വെട്ടിക്കുറച്ച് കടുത്ത സാമ്പത്തിക അച്ചടക്കത്തിനൊരുങ്ങി ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ടയും ഹോണ്ടയും. ഇലക്ട്രിക് കാറുകള്‍ വികസിപ്പിക്കുന്നതിനും റൈഡ് ഷെയറിംഗ് സര്‍വീസുകള്‍ക്കും പണം കണ്ടെത്തുന്നതിനാണ് സാമ്പത്തിക അച്ചടക്കം പാലിക്കുന്നതെന്നാണ് കമ്പനികള്‍ പറയുന്നത്. 

ഇങ്ങനെ മിച്ചം പിടിക്കുന്ന പണം പുതിയ സാങ്കേതികവിദ്യകള്‍ക്കും ഗവേഷണ വികസന പ്രവര്‍ത്തനങ്ങള്‍ക്കുമായി ചെലവഴിക്കുമെന്നാണ് കമ്പനികള്‍ പറയുന്നത്. എന്നാല്‍ വാഹന മോഡലുകളുടെ വിലയില്‍ മാറ്റമുണ്ടാകുമോ എന്ന ആശങ്കയിലാണ് ഉപഭോക്താക്കള്‍.

കണക്റ്റഡ് കാറുകളും പുതിയ സാങ്കേതികവിദ്യകളും വികസിപ്പിക്കുന്നതിന് കൂടുതല്‍ പണം മുടക്കേണ്ടിവരുമെന്ന് ടൊയോട്ട മോട്ടോര്‍ കോര്‍പ്പറേഷന്‍ പറയുന്നു. സാധ്യമായ എല്ലാവിധത്തിലും മറ്റ് ചെലവുകള്‍ വെട്ടിക്കുറയ്ക്കാന്‍ പുതിയ വെല്ലുവിളികള്‍ സമ്മര്‍ദ്ദം ചെലുത്തുകയാണെന്നും ഈ വര്‍ഷം ചെലവുകള്‍ കുറയ്ക്കുന്നതിന് പുതിയ മാര്‍ഗങ്ങള്‍ കണ്ടെത്തുമെന്നും ടൊയോട്ട ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ കോജി കൊബായാഷി വ്യക്തമാക്കി. 

ഉല്‍പ്പാദന ചെലവുകള്‍ കുറയ്ക്കുന്നതിന് മോഡലുകളുടെ എണ്ണം കുറയ്ക്കാനാണ് ഹോണ്ടയുടെ നീക്കം. 2025 ഓടെ ഹോണ്ട വിവിധ മോഡല്‍ വേരിയന്റുകളുടെ എണ്ണം മൂന്നിലൊന്നായി കുറയ്ക്കും. ഇതുവഴി ആഗോളതലത്തില്‍ ഉല്‍പ്പാദനച്ചെലവുകള്‍ പത്ത് ശതമാനത്തോളം കുറയ്ക്കാന്‍ കഴിയുമെന്ന് ഹോണ്ട മോട്ടോര്‍ കമ്പനി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ തകാഹിരോ ഹച്ചിഗോ വ്യക്തമാക്കി. 

വാഹന വ്യവസായത്തില്‍ പരമ്പരാഗത വാഹന നിര്‍മ്മാതാക്കള്‍ നേരിടുന്ന വെല്ലുവിളികള്‍ വ്യക്തമാക്കുന്നതാണ് ഈ മുന്‍നിര ജാപ്പനീസ് കമ്പനികളുടെ തീരുമാനം. മോഡലുകളുടെ എണ്ണം കുറയുന്നതിനൊപ്പം വിലയിലെ അന്തരവും ഉപഭോക്താക്കള്‍ക്കും ക്ഷീണമായേക്കും. 

click me!