മാറി നില്‍ക്ക് അങ്ങോട്ടെന്ന് ടാറ്റ, അന്തംവിട്ട് ജീപ്പും മഹീന്ദ്രയും!

By Web TeamFirst Published May 13, 2019, 10:53 AM IST
Highlights

ടാറ്റ അടുത്തിടെ വിപണിയില്‍ അവതരിപ്പിച്ച ഹാരിയര്‍ എസ്‍യുവിക്ക് വിപണിയില്‍ വീണ്ടും വന്‍ കുതിപ്പ്.  2019 ഏപ്രില്‍ മാസത്തെ മിഡ് സൈസ് എസ്‍യുവി ശ്രേണിയിലെ വില്‍പന കണക്കുകള്‍ പുറത്തു വരുമ്പോഴാണ് ഹാരിയറിന്‍റെ മിന്നുംപ്രകടനം. 

ടാറ്റ അടുത്തിടെ വിപണിയില്‍ അവതരിപ്പിച്ച ഹാരിയര്‍ എസ്‍യുവിക്ക് വിപണിയില്‍ വീണ്ടും വന്‍ കുതിപ്പ്.  2019 ഏപ്രില്‍ മാസത്തെ മിഡ് സൈസ് എസ്‍യുവി ശ്രേണിയിലെ വില്‍പന കണക്കുകള്‍ പുറത്തു വരുമ്പോഴാണ് ഹാരിയറിന്‍റെ മിന്നുംപ്രകടനം. മുഖ്യ എതിരാളികളായ ജീപ്പ് കോംപസ്, മഹീന്ദ്ര എക്‌സ്.യു.വി 500 മോഡലുകളെ പിന്നിലാക്കിയ ഹാരിയറിന്‍റെ 2075 യൂണിറ്റുകളാണ് കഴിഞ്ഞ മാസം വിറ്റഴിച്ചത്.  മാര്‍ച്ച് മാസത്തെ വില്‍പ്പനയിലും ഹാരിയറായിരുന്നു മുന്നില്‍. 2492 യൂണിറ്റ് ഹാരിയറുകളാണ് മാര്‍ച്ചില്‍ നിരത്തിലെത്തിയത്. ഏപ്രിലില്‍ എക്സ്‍യുവിയുടെ 1508 യൂണിറ്റുകളും കോംപസിന്‍റെ 1204 യൂണിറ്റുകളും മാത്രമാണ് വിറ്റത്.

(ജീപ്പ് കോംപസ്)

2019 ജനുവരിയില്‍ അവതരിപ്പിച്ച ഹാരിയയറിന്‍റെ 422 യൂണിറ്റുകള്‍ ആദ്യം മാസവും 1449 യൂണിറ്റുകള്‍ ഫെബ്രുവരിയിലും നിരത്തിലെത്തിയിരുന്നു. കഴിഞ്ഞ മൂന്നു മാസത്തെ കണക്കുകള്‍ അനുസരിച്ച് ആകെ 6016 യൂണിറ്റ് ഹാരിയര്‍ നിരത്തിലെത്തിയപ്പോള്‍ എക്‌സ്.യു.വി 500, കോംപസ് വില്‍പന യഥാക്രമം 5230 യൂണിറ്റും 3949 യൂണിറ്റുമാണ്. 

(എക്സ്‍യുവി 500)

2018 ഓട്ടോ എക്സ്പോയിൽ H5X എന്ന പേരിൽ അവതരിപ്പിച്ച വാഹനമാണ് ഹാരിയർ.  XE, XM, XT, XZ എന്നീ നാല് പതിപ്പുകളിലായി ഹാരിയർ ലഭ്യമാണ്. കാലിസ്റ്റോ കോപ്പർ, തെർമിസ്റ്റോ ഗോൾഡ്, ഏരിയൽ സിൽവർ, ടെലിസ്റ്റോ ഗ്രേ, ഓർക്കസ് വൈറ്റ് എന്നീ അഞ്ച് നിറങ്ങളിൽ ആണ് ഹാരിയർ വിപണിയിലെത്തിയിരിക്കുന്നത്. ലാന്‍ഡ് റോവര്‍ കാറുകളുടേതിന് സമാനമായ രൂപഭംഗിയും സെഗ്‌മെന്റിലെ കുറഞ്ഞ വിലയില്‍ പുത്തന്‍ ഫീച്ചേഴ്‌സുമാണ് ഹാരിയറിനെ ജനപ്രിയമാക്കുന്നതെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. 

ജാഗ്വാർ ആന്റ് ലാന്റ് റോവറുമായി ചേർന്ന് ഒപ്ടിമൽ മോഡുലാർ എഫിഷ്യൻറ് ഗ്ലോബൽ അഡ്വാൻസ്ഡ് സാങ്കേതികവിദ്യയനുസരിച്ച് വാഹനത്തിന്‍റെ രൂപകല്‍പ്പന. ജാഗ്വാർ ആന്‍റ് ലാന്‍ഡ് റോവറിന്‍റെ ഡി8 പ്ലാറ്റ് ഫോമിലാണ് വാഹനം നിർമ്മിച്ചിരിക്കുന്നത്. 2.2 ദശലക്ഷം കിലോമീറ്റർ വരുന്ന ദുർഘടമായ പാതകളിലൂടെ ഹാരിയർ ഡ്രൈവ് ചെയ്ത് പരീക്ഷണങ്ങൾ നടത്തിയിട്ടുണ്ട്. പൂനെയിലെ 90 ശതമാനവും ഓട്ടോമേറ്റഡായ പുതിയ അസംബ്ലി ലൈനിലാണ് ഹാരിയർ നിർമ്മിച്ചിരിക്കുന്നത്. 

ക്രയോടെക് 2.0 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ഡീസല്‍ എന്‍ജിനാണ് വാഹനത്തിന്‍റെ ഹൃദയം. 140 ബിഎച്ച്പി പവറും 350 എന്‍എം ടോര്‍ക്കുമേകുന്നതാണ് ഈ എന്‍ജിന്‍. നിലവില്‍ ഏറ്റവും ആധുനികമായ സുരക്ഷാ സംവിധാനങ്ങളാണ് ഹാരിയറിൽ ഒരുക്കിയിരിക്കുന്നത് . സുരക്ഷക്കായി അധികമായി ഏർപ്പെടുത്തിയ 14 ഫീച്ചറുകൾക്ക് പുറമേ അഡ്വാൻസ്ഡ് ഇലക്ട്രോണിക് സ്റ്റബിലിറ്റി പ്രോഗ്രാം (ഇഎസ്‍പി) വാഹനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ആറ് എയർബാഗുകൾ, കുട്ടികൾക്കായുള്ള സീറ്റ് എന്നിവ വാഹനത്തിലുണ്ട്. 

8.8 ഹൈ റെസലൂഷൻ ഡിസ്‍പ്ലേ സഹിതമുള്ള ഫ്ലോട്ടിംഗ് ഐലന്റ് ടച്ച് സ്ക്രീൻ ഇൻഫോടെയിൻമെൻറ് സിസ്റ്റം, ആൻഡ്രോയ്ഡ് ഓട്ടോ , ആപ്പിൾ കാർ പ്ലേ, കണക്ട് നെക്സ്റ്റ് ആപ്പ് സ്യൂട്ട് (ഡ്രൈവ് നെക്സ്റ്റ്, ടാററാ സ്മാർട്ട് റിമോട്ട്, ടാറ്റാ സ്മാർട്ട് മാനുവൽ) , വീഡിയോ ആന്‍ഡ് ഇമേജ് പ്ലേ ബാക്ക്, വോയ്സ് റെക്കഗനിഷൻ , എസ്എംസ് റീഡ്ഔട്ട് തുടങ്ങിയവ വാഹനത്തിന്‍റെ പ്രത്യേകതകളാണ്. 12.69 ലക്ഷം രൂപ മുതലാണ് വാഹനത്തിൻറെ കൊച്ചി എക്സ് ഷോറൂം വില. 

click me!