ഉപഭോക്താവിന്‍റെ ബുക്കിംഗ് റദ്ദാക്കി ജാവ, കാരണം ഇതാണ്!

By Web TeamFirst Published Oct 14, 2019, 3:59 PM IST
Highlights

മാന്ദ്യകാലത്ത് വാഹനങ്ങള്‍ ബുക്ക് ചെയ്യിക്കാന്‍ പല കമ്പനികളുടെയും ജീവനക്കാര്‍ ഓടിനടക്കുമ്പോള്‍ ജാവ ഇങ്ങനെ ചെയ്‍തത് എന്തിനെന്നാവും പലരുടെയും സംശംയം. 

ഐക്കണിക്ക് ഇരുചക്രവാഹന ബ്രാന്‍ഡായ ജാവ ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത് വേറിട്ട ഒരു കാര്യത്തിനാണ്. ഒരു ഉപഭോക്താവിന്‍റെ ബുക്കിംഗ് റദ്ദാക്കിയിരിക്കുകയാണ് ജാവ കമ്പനി.

വിപണിയിലെ മാന്ദ്യകാലത്ത് വാഹനങ്ങള്‍ ബുക്ക് ചെയ്യിക്കാന്‍ പല കമ്പനികളുടെയും ജീവനക്കാര്‍ ഓടിനടക്കുമ്പോള്‍ ജാവ ഇങ്ങനെ ചെയ്‍തത് എന്തിനെന്നാവും പലരുടെയും സംശംയം.  സൗരഭ് യാദവ് എന്നയാളുടെ ബുക്കിംഗാണ് ജാവ റദ്ദാക്കിയത്. തെറ്റായ ഒരു ഫേസ്ബുക്ക് പോസ്റ്റിന്‍റെ പേരിലാണ് കമ്പനിയുടെ ഈ നടപടി. 

പ്രതീക്ഷിച്ചതിലും വളരെ വേഗത്തില്‍ തന്റെ ജാവയുടെ ഡെലിവറി ലഭിച്ചെന്ന് അവകാശപ്പെട്ട പോസ്റ്റാണ് യാദവിന് വിനയായത്. താന്‍ 2019 മെയിൽ ജാവ 42 ബുക്ക് ചെയ്‍തിരുന്നെന്നും ഒക്ടോബറിൽ വാഹനം ലഭിച്ചെന്നുമായിരുന്നു സൗരഭ് യാദവിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. താൻ ഓർഡർ നൽകിയത് സിംഗിൾ-ചാനൽ എബി‌എസിനായിരുന്നുവെന്നും എന്നാൽ ഇരട്ട ചാനൽ ജാവ എബി‌എസ് പതിപ്പാണ് തനിക്ക് ലഭിച്ചതെന്നും അദ്ദേഹം പോസ്റ്റില്‍ അവകാശപ്പെട്ടു. 

എന്നാല്‍ ഇതുവെറും അസംബന്ധമാണെന്ന് തുറന്നുപറഞ്ഞ് കമ്പനിയും രംഗത്തെത്തി. യാദവിന്‍റെ അവകാശവാദത്തെ നിഷേധിച്ച കമ്പനി ഇത്തരം തെറ്റായ ആരോപണങ്ങളിൽ വിശ്വസിക്കരുതെന്ന് ഉപഭോക്താക്കളോട് അഭ്യർത്ഥിച്ച് സോഷ്യല്‍ മീഡിയയില്‍ ഒരു അലേർട്ട് പോസ്റ്റും ചെയ്തു. യുവാവിന്‍റെ പോസ്റ്റിനെപ്പറ്റി കൂടുതൽ അന്വേഷിച്ചതായും ഇദ്ദേഹത്തിന്‍റെ പ്രവര്‍ത്തികള്‍ ആശയക്കുഴപ്പം ഉണ്ടാക്കുന്നതിനായി മനപ്പൂര്‍വ്വമുള്ളതാണെന്നും ജാവ  വ്യക്തമാക്കുന്നു. ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയതിനൊപ്പം സൗരഭ് യാദവിന്‍റെ ബുക്കിംഗ് കമ്പനി റദ്ദാക്കുകയും ചെയ്‍തു. 

അതേസമയം ഈ സംഭവത്തില്‍ ജാവ അധികൃതര്‍ക്കെതിരെയും ആരോപണങ്ങളുമായി  ചിലരെത്തുന്നുണ്ട്. ഡെലിവറി കാലതാമസം കാരണമാണ് ഇത്തരം നെഗറ്റീവ് സംഭവവികാസങ്ങൾ ഉണ്ടാവുന്നതെന്നും ഡെലിവറികൾ കൃത്യസമയത്ത് ആയിരുന്നുവെങ്കിൽ ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്ന വ്യാജ പോസ്റ്റുകളുടെ പ്രശ്നം ഉണ്ടാകുമായിരുന്നില്ല എന്നാണ് ഭൂരിപക്ഷം ഉപഭോക്താക്കളും പറയുന്നത്. 

ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിലാണ് 22 വര്‍ഷങ്ങള്‍ക്കു ശേഷം ചെക്ക് വാഹന നിര്‍മ്മാതാക്കളായ ജാവയെ ഇന്ത്യന്‍ നിര്‍മ്മാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഏറ്റെടുത്ത് രാജ്യത്ത് തിരികെയെത്തിച്ചിരിക്കുന്നത്. മഹീന്ദ്രയുടെ ഉപസ്ഥാപനമായ ക്ലാസിക് ലജൻഡ്‍സാണ് 2018 നവംബറില്‍ പുതിയ ജാവയെ ഇന്ത്യയില്‍ തിരികെയെത്തിച്ചത്. പുത്തന്‍ ജാവയെ വീണ്ടും ഇന്ത്യന്‍ നിരത്തിലെത്തിച്ചത്. ജാവ, ജാവ 42 എന്നീ രണ്ട് ബൈക്കുകളാണ് ഇപ്പോള്‍ നിരത്തിലുള്ളത്. 

click me!