"800 രൂപ ദിവസക്കൂലി മതി, കെഎസ്ആർടിസി ഞങ്ങൾ ലാഭത്തിലാക്കാം.." വൈറലായി സ്വകാര്യബസ് ഡ്രൈവറുടെ വാക്കുകള്‍!

By Web TeamFirst Published Oct 4, 2022, 2:00 PM IST
Highlights

ഈ സാഹചര്യത്തില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ് ഒരു സ്വകാര്യ ബസ് ജീവനക്കാരന്‍റെ പേരില്‍ പ്രത്യക്ഷപ്പെട്ട ഒരു കുറിപ്പ്. 

യാത്രക്കാരോടുള്ള ജീവനക്കാരുടെ മോശം പെരുമാറ്റം, കണ്‍സെഷന്‍ പാസ് വാങ്ങാന്‍ കുട്ടിക്കൊപ്പം പോയ പിതാവിനെ മര്‍ദിക്കല്‍ തുടങ്ങി അടുത്തകാലത്തായി കെഎസ്ആര്‍ടിസിയെ ചുറ്റിപ്പറ്റി ഓരോദിവസവും നിരവധി വിവാദങ്ങളാണ് പുറത്തുവരുന്നത്. ഈ സാഹചര്യത്തില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ് ഒരു സ്വകാര്യ ബസ് ജീവനക്കാരന്‍റെ പേരില്‍ പ്രത്യക്ഷപ്പെട്ട ഒരു കുറിപ്പ്. കെഎസ്ആര്‍ടിസി എം ഡിക്ക് എന്ന പേരിലാണ് ഈ കുറപ്പ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ഇതാണ് ആ കുറിപ്പ്

Dear KSRTC എംഡി, 
800 രൂപയും ചിലവും ദിവസക്കൂലി തരൂ. ഞങ്ങളോടിച്ചോളാം വണ്ടി. പെൻഷനും വേണ്ട ഒരു പുണ്ണാക്കും വേണ്ട. പറ്റുമോ? 5000 ത്തിന് മുകളിൽ കളക്ഷൻ വന്നാൽ പിന്നീടുള്ള കളക്ഷന് 100 രൂപക്ക് അഞ്ച് രൂപ വെച്ച് ബാറ്റയും കൂടെ തന്നാൽ കളക്ഷൻ ഉണ്ടാക്കുന്നത് ഞങ്ങള്‍ കാണിച്ചു തരാം. തൊഴില്‍ ഇല്ലാത്ത പതിനായിരക്കണക്കിന് ചെറുപ്പക്കാർ പുറത്തു നിൽക്കുമ്പോഴാ ണ്  ഈ പ്രസ്ഥാനത്തിന്റെ അസ്ഥിവാരം കടലെടുക്കുന്നത് നോക്കി അധികാരികൾ നെടുവീർപ്പിടുന്നത് .. ആദ്യം പണിയെടുക്കൂ... എന്നിട്ടാവാം അവകാശങ്ങൾക്ക് വേണ്ടിയുള്ള  പോരാട്ടം.. എന്ന് ഒരു പാവം പ്രൈവറ്റ് ബസ് ഡ്രൈവർ.
SAVE KSRTC.

ഇതാണ് ഫെയ്‌സ്ബുക്കില്‍ ഒരു പ്രൈവറ്റ് ബസ് ഡ്രൈവര്‍ പങ്കുവെച്ച കുറിപ്പ്. സേവ് കെ.എസ്.ആര്‍.ടി.സി. എന്ന ഹാഷ്ടാഗോടെയാണ് ഈ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. ആയിരക്കണക്കിന് ആളുകളാണ് ഈ പോസ്റ്റ് ഷെയര്‍ ചെയ്തിരിക്കുന്നത്.  നിരവധിയാളുകള്‍ ഈ കുറിപ്പിനെ അനുകൂലിച്ചും പ്രതീകൂലിച്ചുമൊക്കെ രംഗത്തെത്തുന്നുമുണ്ട്.

"അരുതേ ഞങ്ങള്‍ക്കിനിയിത് താങ്ങാനാവില്ല.."കണ്ണീരുകൊണ്ടൊരു അപേക്ഷയെഴുതി കെഎസ്ആര്‍ടിസി!

അതേസമയം കെഎസ്ആർടിസിയെ സംബന്ധിച്ച മറ്റു വാര്‍ത്തകളില്‍ ജീവനക്കാർക്ക് സെപ്റ്റംബർ മാസത്തെ ശമ്പളം അടുത്തിടെ വിതരണം ചെയ്‍തിരുന്നു. മാസങ്ങൾക്ക് ശേഷമാണ് അഞ്ചാം തീയതിക്ക് മുൻപായി ശമ്പള വിതരണം പൂർത്തിയാക്കുന്നത്.  സർക്കാർ നൽകിയ 50 കോടി രൂപയും കെഎസ്ആർടിസിയുടെ വരുമാനത്തിൽ നിന്ന് 30 കോടി രൂപയുമെടുത്താണ് ശമ്പളം നൽകിയത്. ടിക്കറ്റ് വരുമാനത്തിൽ നിന്ന് ദിവസവും  ഒരു കോടി രൂപ വീതം മാറ്റിവച്ചാണ് ശമ്പള വിതരണത്തിന് പണം കണ്ടെത്തുന്നത്. ആഴ്ചയിൽ ആറ് ദിവസവും സിംഗിൾ ഡ്യൂട്ടി അടക്കമുള്ള പുതിയ മാറ്റങ്ങളോട് സഹകരിച്ചാൽ എല്ലാ മാസവും അഞ്ചാം തീയതിക്ക് മുമ്പായി ശമ്പളം നൽകുമെന്ന് മുഖ്യമന്ത്രി നേരിട്ട് ജീവനക്കാ‍ർക്ക് ഉറപ്പ് നൽകിയിരുന്നു. ഒക്ടോബർ 1 മുതൽ പരീക്ഷണാടിസ്ഥാനത്തിൽ പാറശാല ഡിപ്പോയിൽ സിംഗിൾ ഡ്യൂട്ടി സമ്പ്രദായം കൊണ്ടുവന്നതിന് പിന്നാലെയാണ് ശമ്പള വിതരണവും കൃത്യമായത്. 

അതേസമയം കെഎസ്ആർടിസിയിൽ ആഴ്ചയിൽ ആറ് ദിവസം സിംഗിൾ ഡ്യൂട്ടി ഒക്ടോബർ ഒന്നു മുതൽ തന്നെ നടപ്പിലാക്കാൻ ധാരണയായി. തൊഴിലാളി നേതാക്കളുമായി മാനേജ്മെന്റ് നടത്തിയ രണ്ടാം വട്ട ചർച്ചയിലാണ് ഇക്കാര്യത്തിൽ ധാരണയിലെത്തിയത്. തുടക്കത്തിൽ പാറശാല ഡിപ്പോയിൽ മാത്രമാണ് പരീക്ഷണാടിസ്ഥാനത്തിൽ സിംഗിൾ ഡ്യൂട്ടി നടപ്പിലാക്കുക. 8 ഡിപ്പോകളിൽ നടപ്പിലാക്കാൻ നേരത്തെ തീരുമാനമെടുത്തിരുന്നെങ്കിലും തയ്യാറാക്കിയ ഷെഡ്യൂളുകളിലെ  അപാകതകൾ യൂണിയനുകൾ ചൂണ്ടിക്കാട്ടിയതോടെയാണ് തീരുമാനം മാറ്റിയത്. സിഐടിയു ഈ തീരുമാനം അംഗീകരിച്ചു. തീരുമാനത്തെ അംഗീകരിച്ചെങ്കിലും 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി അംഗീകരിക്കില്ലെന്ന് ബിഎംഎസ് വ്യക്തമാക്കി. 

കെഎസ്ആർടിസി സിംഗിൾ ഡ്യൂട്ടി ഒക്ടോബർ 1 മുതൽ, അംഗീകരിച്ച് സിഐടിയുവും ബിഎംഎസും, സമരവുമായി മുന്നോട്ടെന്ന് ടിഡിഎഫ്

എട്ട് മണിക്കൂറിൽ അധികം വരുന്ന തൊഴിൽ സമയത്തിന് രണ്ട് മണിക്കൂർ വരെ അടിസ്ഥാന ശമ്പളത്തിനും ഡിഎയ്ക്കും ആനുപാതികമായ ഇരട്ടി വേതനം നൽകുമെന്നാണ് മാനേജ്മെന്റ് പറയുന്നത്. ഈ ഘടനയെ സ്വാഗതം ചെയ്യുമ്പോഴും 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി അംഗീകരിക്കില്ലെന്നാണ് സിഐടിയു ഒഴികെയുള്ള യൂണിയനുകളുടെ നിലപാട്. പണിമുടക്കിനെ ശക്തമായി നേരിടുമെന്ന് പ്രഖ്യാപിച്ച മാനേജ്മെൻറ് സമരത്തിൽ പങ്കെടുക്കുന്ന ജീവനക്കാർക്ക് ഡയസ്നോൺ ബാധകമാക്കുമെന്നും സെപ്റ്റംബറിലെ ശമ്പളം നൽകില്ലെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

click me!