Asianet News MalayalamAsianet News Malayalam

കെഎസ്ആർടിസി സിംഗിൾ ഡ്യൂട്ടി ഒക്ടോബർ 1 മുതൽ, അംഗീകരിച്ച് സിഐടിയുവും ബിഎംഎസും, സമരവുമായി മുന്നോട്ടെന്ന് ടിഡിഎഫ്

തുടക്കത്തിൽ പാറശാല ഡിപ്പോയിൽ മാത്രമാണ് പരീക്ഷണാടിസ്ഥാനത്തിൽ സിംഗിൾ ഡ്യൂട്ടി നടപ്പിലാക്കുക. 8 ഡിപ്പോകളിൽ നടപ്പിലാക്കാൻ നേരത്തെ തീരുമാനം എടുത്തിരുന്നെങ്കിലും തയ്യാറാക്കിയ ഷെഡ്യൂളുകളിലെ  അപാകതകൾ യൂണിയനുകൾ ചൂണ്ടിക്കാട്ടിയതോടെയാണ് തീരുമാനം മാറ്റി

KSRTC single duty from October 1, CITU and BMS agreed, TDF to go ahead with the strike
Author
First Published Sep 29, 2022, 5:53 PM IST

തിരുവനന്തപുരം: കെഎസ്ആർടിയിയിൽ ആഴ്ചയിൽ 6 ദിവസം സിംഗിൾ ഡ്യൂട്ടി ഒക്ടോബർ 1 മുതൽ തന്നെ നടപ്പിലാക്കാൻ ധാരണ. തൊഴിലാളി നേതാക്കളുമായി മാനേജ്മെമെന്റ് നടത്തിയ രണ്ടാം വട്ട ചർച്ചയിലാണ് ഇക്കാര്യത്തിൽ ധാരണയിലെത്തിയത്. തുടക്കത്തിൽ പാറശാല ഡിപ്പോയിൽ മാത്രമാണ് പരീക്ഷണാടിസ്ഥാനത്തിൽ സിംഗിൾ ഡ്യൂട്ടി നടപ്പിലാക്കുക. 8 ഡിപ്പോകളിൽ നടപ്പിലാക്കാൻ നേരത്തെ തീരുമാനമെടുത്തിരുന്നെങ്കിലും തയ്യാറാക്കിയ ഷെഡ്യൂളുകളിലെ  അപാകതകൾ യൂണിയനുകൾ ചൂണ്ടിക്കാട്ടിയതോടെയാണ് തീരുമാനം മാറ്റിയത്. സിഐടിയു ഈ തീരുമാനം അംഗീകരിച്ചു. തീരുമാനത്തെ അംഗീകരിച്ചെങ്കിലും 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി അംഗീകരിക്കില്ലെന്ന് ബിഎംഎസ് വ്യക്തമാക്കി. എന്നാൽ  ഒക്ടോബർ 1 മുതൽ പ്രഖ്യാപിച്ച പണിമുടക്കിൽ നിന്ന് പിന്നോട്ടില്ലെന്ന് കോൺഗ്രസ് അനുകൂല സംഘടനയായ ടിഡിഎഫ് വ്യക്തമാക്കി.


8 മണിക്കൂറിൽ അധികം വരുന്ന തൊഴിൽ സമയത്തിന് രണ്ട് മണിക്കൂർ വരെ അടിസ്ഥാന ശമ്പളത്തിനും ഡിഎയ്ക്കും ആനുപാതികമായ ഇരട്ടി വേതനം നൽകുമെന്നാണ് മാനേജ്മെന്റ് പറയുന്നത്. ഈ ഘടനയെ സ്വാഗതം ചെയ്യുമ്പോഴും 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി അംഗീകരിക്കില്ലെന്നാണ് സിഐടിയു ഒഴികെയുള്ള യൂണിയനുകളുടെ നിലപാട്. പണിമുടക്കിനെ ശക്തമായി നേരിടുമെന്ന് പ്രഖ്യാപിച്ച മാനേജ്മെൻറ് സമരത്തിൽ പങ്കെടുക്കുന്ന ജീവനക്കാർക്ക് ഡയസ്നോൺ ബാധകമാക്കുമെന്നും സെപ്റ്റംബറിലെ ശമ്പളം നൽകില്ലെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.


മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയിൽ ജീവനക്കാർക്ക് പുതിയ ഡ്യൂട്ടി സമ്പ്രദായം കൊണ്ട് ബുദ്ധിമുട്ടുകൾ എന്തെങ്കിലും ഉണ്ടെങ്കിൽ അത്   പരിശോധിച്ച് ആറ് മാസത്തിനകം വേണ്ട മാറ്റം വരുത്താമെന്ന് ഉറപ്പ് നൽകിയതാണ്. അന്ന് യോ​ഗത്തിൽ പങ്കെടുത്ത് എല്ലാം സമ്മതിച്ച ശേഷമാണ് പുറത്തിറങ്ങി സമരം പ്രഖ്യാപിച്ച് നോട്ടീസ് നൽകിയത്. കെഎസ്ആർടിസിയിൽ ആത്മാർത്ഥമായി ജോലി ചെയ്യുന്ന ജീവനക്കാരോടും, ഈ സ്ഥാപനത്തെ ആത്മാർത്ഥമായി സ്നേഹിക്കുന്ന യാത്രക്കാരോടുമുള്ള വെല്ലുവിളിയായിട്ടാണ് ഇതിനെ കാണുന്നതെന്ന് മാനേജ്മെന്റ് പറഞ്ഞു.

Follow Us:
Download App:
  • android
  • ios