ഇന്നോവയുടെ 'ആവര്‍ത്തന വിരസത' അകറ്റുമോ കിയ കാര്‍ണിവല്‍?!

By Web TeamFirst Published Jan 27, 2020, 10:21 AM IST
Highlights

ഇന്ത്യന്‍ വാഹന ലോകം ഉറ്റുനോക്കുന്നത് ദക്ഷിണ കൊറിയന്‍ വാഹ നിര്‍മ്മാതാക്കളായ കിയയുടെ രാജ്യത്തെ രണ്ടാമത്തെ വാഹനം കാര്‍ണിവലിന്‍റെ വരവാണ്

കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി ഇന്ത്യന്‍ എംപിവി വിപണിയിലെ രാജാവാണഅ ടൊയോട്ടയുടെ ഇന്നോവ ക്രിസ്റ്റ. എന്നാല്‍ അടുത്തകാലത്തായി വാഹന ലോകം ഉറ്റുനോക്കുന്നത് ദക്ഷിണ കൊറിയന്‍ വാഹ നിര്‍മ്മാതാക്കളായ കിയയുടെ കാര്‍ണിവലിന്‍റെ വരവാണ്. സെൽറ്റോസ് എന്ന തങ്ങളുടെ ആദ്യ എസ്‌യുവി മോഡൽ കൊണ്ട് തന്നെ ഇന്ത്യന്‍ നിരത്തിലും വിപണിയിലും വിജയക്കൊടി പാറിച്ച കിയ രണ്ടാമത്തെ വാഹനവുമായി എത്തുമ്പോള്‍ എതിരാളികളെല്ലാം തന്നെ അങ്കലാപ്പിലാണെന്നതാണ് സത്യം. കണ്ടുപരിചയിച്ച വാഹന സങ്കല്‍പ്പങ്ങളും ആവര്‍ത്തന വിരസതയുള്ള ഫീച്ചറുകളും സാങ്കേതികവിദ്യകളുമൊക്കെ രാജ്യത്തെ പല വാഹന പ്രേമികളെയും മാറ്റി ചിന്തിക്കാന്‍ ഇടവരുത്തിയേക്കും എന്നതു തന്നെ കാരണം. 

ഇന്നോവയ്ക്കും മുകളില്‍
പോരാട്ടത്തില്‍ വിജയം വരിക്കാനുള്ള ചില പ്രത്യേകതകള്‍ ഉള്ളിലൊളിപ്പിച്ചാണ് കാര്‍ണിവല്‍ എത്തിയിരിക്കുന്നത്. ഈ വിഭാഗത്തിലെ ഏറ്റവും നീളം കൂടിയതും വീതി കൂടിയതുമായ മോഡലാണിത്. ടൊയോട്ട ഇന്നോവ ക്രിസ്റ്റയ്ക്ക് മുകളിലായിരിക്കും വിപണിയിൽ കാർണിവലിന്റെ സ്ഥാനം. ഇന്നോവയെക്കാൾ വലിപ്പമുള്ള വാഹനത്തിന് 5115 എംഎം നീളവും 1985 എംഎം വീതിയും 1755 എംഎം പൊക്കവുമുണ്ട്. 

മൂന്നു വകഭേദങ്ങള്‍
ഹ്യുണ്ടായിയുടെ സഹോദര സ്ഥാപനമായ കിയയുടെ ഇന്ത്യയിലെ രണ്ടാമത്തെ വാഹനമായ കാർണിവൽ എംപിവി ഫെബ്രുവരിയില്‍ നടക്കുന്ന ദില്ലി ഓട്ടോ എക്സ്പോയിലാണ് അരങ്ങേറുക. പ്രീമിയം, പ്രസ്റ്റീജ്, ലിമോസിൻ എന്നിങ്ങനെ മൂന്നു വകഭേദങ്ങളിലാണ് വാഹനം എത്തുക. അടിസ്ഥാന വകഭേദമായ പ്രീമിയത്തിന് ഏകദേശം 26 ലക്ഷം രൂപയും ഉയര്‍ന്ന വകഭേദം ലിമോസിന് 30 ലക്ഷം രൂപയുമായിരിക്കും എക്സ് ഷോറൂം വില. 64 ശതമാനം ആളുകളും ബുക്കുചെയ്തിരിക്കുന്നത് കാര്‍ണിവലിന്റെ ഉയര്‍ന്ന വകഭേദമായ ലിമോസിനാണ്. 

എഞ്ചിന്‍
ബിഎസ് 6 നിലവാരത്തിലുള്ള 2.2 ലീറ്റർ ഡീസൽ എൻജിനാണ് വാഹനത്തിന്‍റെ ഹൃദയം. 3,800 rpm -ൽ പരമാവധി  200 എച്ച്പി കരുത്തും 1,500 മുതൽ 2,750 rpm -ൽ  440 എൻഎം  ടോർക്കും ഈ എഞ്ചിന്‍ ഉല്‍പ്പാദിപ്പിക്കും. എട്ട് സ്പീഡ് ഓട്ടമാറ്റിക്ക് ഗിയർബോക്സാണ് ട്രാന്‍സ്‍മിഷന്‍. 

കിടിലന്‍ ഫീച്ചറുകള്‍
എഴ്, എട്ട്, ഒമ്പത് സീറ്റ് കോംമ്പിനേഷനുകളിലാണ് പുതിയ എംപിവി എത്തുക. അടിസ്ഥാന വകഭേദമായ പ്രീമിയത്തിൽ (ഏഴ്, എട്ട് സീറ്റുകളിൽ ലഭിക്കും) ടച്ച് സ്‍ക്രീ ഇൻഫോടൈൻമെന്റ് സിസ്റ്റം, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർ പ്ലെ, ക്രൂസ് കൺട്രോൾ, പുഷ് ബട്ടൻ സ്റ്റാർട്ട്, 18 ഇഞ്ച് ക്രിസ്റ്റൽ കട്ട് അലോയ് വീലുകൾ തുടങ്ങിയ സൗകര്യങ്ങളുണ്ടാകും.

രണ്ടാമത്തെ വകഭേദമായ പ്രസ്റ്റീജിൽ എൽഇഡി പ്രൊജക്റ്റർ ഹെഡ്‌ലാംപ്, ഐസ് ക്യൂബ് എൽഇഡി ഫോഗ് ലാംപ്, എൽഇഡി ടെയിൽ ലാംപ്, ഡ്യുവൽ പാനൽ ഇലക്ട്രിക് സൺറൂഫ്, കോർണർ ബ്രേക്ക് കൺട്രോൾ തുടങ്ങിയ സംവിധാനങ്ങളുമുണ്ട്. ഏഴ്, ഒമ്പത് സീറ്റ് വകഭേദങ്ങളിൽ പ്രസ്റ്റീജ് ലഭിക്കും. 

എം‌പിവിയുടെ ഏറ്റവും ഉയർന്ന മോഡലായിരിക്കും ലിമോസിൻ പതിപ്പ്. സ്റ്റാൻഡേർഡായി ആഡംബര VIP സീറ്റുകളുള്ള ഏഴ് സീറ്റർ വാഹനമാണിത്. വാഹനത്തിലെ എല്ലാ അപ്ഹോൾസ്റ്ററികളും നാപ്പ ലെതറിനാൽ നിർമ്മിച്ചതാണ്. സ്റ്റിയറിംഗ് വീലിന് പോലും ലെതർ റാപ്പിംഗ് ലഭിക്കും. 

ഏഴു സീറ്റ് വകഭേദത്തിൽ മാത്രമായിരിക്കും ഉയർന്ന വകഭേദമായ ലിമോസിൻ ലഭിക്കുക. മൂന്നു സോൺ ക്ലൈമറ്റ് കൺട്രോൾ,  പിൻ സീറ്റ് യാത്രികർക്കായി രണ്ട് 10.1 ഇഞ്ച് സ്ക്രീൻ സഹിതമാണ് ലിമോസിൻ എത്തുക. സെൽറ്റോസിന് സമാനമായ UVO കണക്റ്റഡ് ഇൻ‌ഫോടെയ്ൻ‌മെന്റ് സിസ്റ്റം ഉൾപ്പെടെയുള്ള സവിശേഷതകളും ഈ പതിപ്പിലുണ്ട്.

മൂന്ന്-സോൺ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ സിസ്റ്റത്തിനൊപ്പം ഇലക്ട്രികലി തുറക്കാനും അടയ്ക്കാനും കഴിയുന്ന പിൻ ഡോറുകൾ, ഹർമാൻ കാർഡൺ എട്ട്-സ്പീക്കർ സിസ്റ്റം, എയർ പ്യൂരിഫയർ, ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, വെന്റിലേഷനോടുകൂടിയ 10 തരത്തിൽ ഇലക്ട്രികലി ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, വയർലെസ് സ്മാർട്ട്‌ഫോൺ ചാർജിംഗ് എന്നിവയും ടോപ്പ്-ഓഫ്-ലൈൻ എന്നിവയും വാഹനത്തിലുണ്ട്.

പ്രാദേശിക നിര്‍മ്മാണം
വിദേശ നിരത്തുകളില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പു തന്നെ ഈ വാഹനം എത്തിയിരുന്നു. 2018 ദില്ലി ഓട്ടോ എക്സ്പോയിൽ കിയ പ്രദർശിപ്പിച്ച 16 മോ‍ഡലുകളിലൊന്നായിരുന്നു കാർണിവൽ.  ആന്ധ്ര പ്രദേശിലെ അനന്തപുരിലെ കിയയുടെ പുതിയ  പ്ലാന്റിലായിരിക്കും കാര്‍ണിവലിന്‍റെ നിര്‍മ്മാണം. ഭാഗങ്ങളായി ഇന്ത്യയിലെത്തിച്ചു കൂട്ടിച്ചേർക്കുന്ന കംപ്ലീറ്റ്‌ലി നോക്കഡ്‌ ഡൌൺ (CKD) രീതിയിൽ ആയിരിക്കും കാർണിവൽ ഇന്ത്യയിലെത്തുക. അനന്ത്പൂരിലെ പ്ലാന്റിൽ കൂട്ടിച്ചേർക്കുക വഴി വില കാര്യമായി കൂടാതെ പിടിച്ചു നിർത്താനും കിയ മോട്ടോഴ്സിനാവും. 

കിടിലന്‍ ബുക്കിംഗ്
ബുക്കിങ്ങ് ആരംഭിച്ച് ആദ്യദിനം തന്നെ മിന്നും പ്രകടനമാണ് കാര്‍ണിവല്‍ കാഴ്‍ച വച്ചതെന്നതും ടൊയോട്ടയെ അമ്പരപ്പിക്കുന്നു.  ആദ്യദിവസം തന്നെ 1410 പേരാണ് കിയ കാര്‍ണിവലിനെ ബുക്ക് ചെയ്യാന്‍ എത്തിയിരിക്കുന്നത്.  ജനുവരി 21-നാണ് കിയ കാര്‍ണിവലിനായുള്ള ബുക്കിങ്ങ് ആരംഭിക്കുന്നത്. ഒരു ലക്ഷം രൂപ അഡ്വാന്‍സ് തുക ഈടാക്കി കിയ ഡീലര്‍ഷിപ്പുകളിലൂടെയും ഓണ്‍ലൈനായുമാണ് ബുക്കിങ്ങ് സ്വീകരിച്ചിരുന്നത്. ആദ്യദിനം ഈ രണ്ട് മാര്‍ഗങ്ങളിലൂടെയും 1410 പേരാണ് കാര്‍ണിവല്‍ ബുക്കുചെയ്തിരിക്കുന്നത്. 


 

click me!