ഇടിപരീക്ഷയില്‍ അഞ്ച് സ്റ്റാറുകളും നേടി കിയ സെല്‍റ്റോസ്

By Web TeamFirst Published Dec 31, 2019, 11:14 PM IST
Highlights

ക്രാഷ് ടെസ്റ്റില്‍ അഞ്ച് സ്റ്റാറുകളും നേടി കിയ സെല്‍റ്റോസ്. 

ബെംഗളൂരു: ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ കിയയുടെ ഇന്ത്യയിലെ ആദ്യവാഹനമാണ് സെല്‍റ്റോസ് എസ്‌യുവി. നിരത്തിലെത്തിയ അന്നുമുതല്‍ ഇന്ത്യന്‍ വാഹനവിപണിയിലെ വില്‍പ്പന റെക്കോഡുകള്‍ ഭേദിച്ച് പായുന്ന സെല്‍റ്റോസിന്റെ കുതിപ്പ് തുടരുകയാണ്.

ഇപ്പോഴിതാ ഇടി പരീക്ഷയിൽ അഞ്ചു സ്റ്റാറും സ്വന്തമാക്കി സുരക്ഷയില്‍ ഒരു വിട്ടുവീഴ്‍ചക്കുമില്ലെന്നു തെളിയിച്ചിരിക്കുകയാണ് ഈ വാഹനം.  ഓസ്ട്രേലിയൻ ന്യൂകാർ അസസ്മെന്റ് പ്രോഗ്രാം (എഎൻസിഎപി) നടത്തിയ ക്രാഷ് ടെസ്റ്റിലാണ് കിയ സെല്‍റ്റോസ് സമ്പൂർണ സുരക്ഷിതമാണെന്ന് തെളിഞ്ഞത്. 64 കിലോമീറ്റര്‍ വേഗത്തിൽ ഫ്രണ്ട് ഇംപാക്റ്റ് ടെസ്റ്റിലും 50 കിലോമീറ്റർ വേഗത്തിൽ നടത്തിയ സൈഡ് ഇംപാക്റ്റ് ടെസ്റ്റിലും കിയ സെൽറ്റോസ് കരുത്തു തെളിയിച്ചു. മുതിർന്ന ആളുകൾക്ക് 85 ശതമാനം സുരക്ഷയും കുട്ടികൾക്ക് 83 ശതമാനം സുരക്ഷയും വാഹനം ഉറപ്പു നല്‍കുന്നു.

അടിസ്ഥാന വകഭേദം മുതൽ ആറ് എയർബാഗുകളും എമർജെൻസി ബ്രേക് സിസ്റ്റവും ലൈൻ കീപ്പ് അസിസ്റ്റുമെല്ലാമുള്ള ഓസ്ട്രേലിയൻ വിപണിയിലെ കിയ സെൽറ്റോസാണ് ക്രാഷ് ടെസ്റ്റിന് ഉപയോഗിച്ചത്. ഓസ്ട്രേലിയയും ഇന്ത്യയും കൂടാതെ ദക്ഷിണ കൊറിയ, നോർത്ത് അമേരിക്ക, മിഡിൽ ഈസ്റ്റ്, സൗത്താഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലും വിൽപനയിലുണ്ട്.

2019 ഓഗസ്റ്റ് 22നാണ് സെല്‍റ്റോസിനെ കിയ ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്. നിരത്തിലെത്തിയ അന്നുമുതല്‍ ഇന്ത്യന്‍ വാഹനവിപണിയിലെ വില്‍പ്പന റെക്കോഡുകള്‍ ഭേദിച്ച് പായുന്ന സെല്‍റ്റോസിന്റെ കുതിപ്പ് തുടരുകയാണ്. നവംബര്‍ മാസം 14005 സെല്‍റ്റോസാണ് ഇന്ത്യന്‍ നിരത്തുകളിലെത്തിയത്. ഇതോടെ ഇന്ത്യന്‍ നിരത്തുകളില്‍ സെല്‍റ്റോസിന്റെ 40,000 യൂണിറ്റ് എത്തിയെന്ന് കിയ പറയുന്നു.

കിയയുടെ ആദ്യ മോഡല്‍ തന്നെ ബിഎസ്-6 നിലവാരത്തിലുള്ള എന്‍ജിനിലാണെന്നതും പ്രത്യേകതയാണ്. ജിടി, ടെക് ലൈന്‍ എന്നീ റേഞ്ചുകളാണ് വാഹനത്തിനുള്ളത്. 1.4 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എന്നിങ്ങനെ മൂന്ന് എന്‍ജിന്‍ ഓപ്ഷനുകളുമുണ്ട്. ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലച്ച്, ആറ് സ്പീഡ് സിവിടി, 6 സ്പീഡ് ടോര്‍ക്ക് കണ്‍വേര്‍ട്ടര്‍ ഓട്ടോമാറ്റിക്, ആറ് സ്‍പീഡ് മാനുവല്‍ എന്നിങ്ങനെയാണ് ട്രാന്‍സ്‍മിഷനുകള്‍.

Read More: ജാവ മൂന്നാമന്‍റെ ബുക്കിംഗ് ജനുവരി ഒന്നുമുതല്‍

ആറ് എയര്‍ബാഗുകള്‍, എബിഎസ്, ഇബിഡി, ഇഎസ്‍സി, എച്ച്എസി, വിഎസ്എം തുടങ്ങിയവയാണ് വാഹനത്തിന് സുരക്ഷയൊരുക്കുന്നത്. ഇതിനൊപ്പം റെയിന്‍ സെന്‍സിങ് വൈപ്പറുകളും ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പും നിരവധി സെന്‍സറുകളുമുണ്ട്. യുവിഒ കണക്ട് സാങ്കേതികവിദ്യയിലൂടെ 37 ഓളം സ്‍മാര്‍ട്ട് ഫീച്ചറുകളുണ്ട് വാഹനത്തില്‍. നാവിഗേഷന്‍, സേഫ്റ്റി ആന്‍ഡ് സെക്യൂരിറ്റി, വെഹിക്കിള്‍ മാനേജ്‌മെന്റ്, റിമോട്ട് കണ്‍ട്രോള്‍, കണ്‍വീനിയന്‍സ് എന്നീ അഞ്ച് വിഭാഗങ്ങളിലായാണ് 37 ഫീച്ചറുകള്‍. 10.25 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും വാഹനത്തിലുണ്ട്.


 

click me!