Asianet News MalayalamAsianet News Malayalam

ജാവ മൂന്നാമന്‍റെ ബുക്കിംഗ് ജനുവരി ഒന്നുമുതല്‍

ജാവ, ജാവ 42, ജാവ പെരാക്ക് എന്നീ മൂന്ന് മോഡലുകളുമായിട്ടായിരുന്നു 22 വര്‍ഷങ്ങള്‍ക്കു ശേഷമുള്ള ജാവയുടെ ഇന്ത്യയിലേക്കുള്ള മടങ്ങി വരവ്.

Booking for Java III from January 1st
Author
Mumbai, First Published Dec 31, 2019, 10:05 PM IST

ജാവ, ജാവ 42, ജാവ പെരാക്ക് എന്നീ മൂന്ന് മോഡലുകളുമായിട്ടായിരുന്നു 22 വര്‍ഷങ്ങള്‍ക്കു ശേഷമുള്ള ജാവയുടെ ഇന്ത്യയിലേക്കുള്ള മടങ്ങി വരവ്. ജാവ, ജാവ 42 എന്നീ മോഡലുകളാണ് ആദ്യം നിരത്തിലെത്തിയത്.  2018ല്‍ പ്രദര്‍ശിപ്പിച്ചിരുന്നെങ്കിലും ശേഷി കൂടിയ പെരാക്ക് ഇതു വരെ വിപണിയിലെത്തിയിരുന്നില്ല.

അടുത്തിടെയാണ് മൂന്നാം മോഡലായ ബോബര്‍ ശൈലിയിലുള്ള പെരാക്കിനെ കമ്പനി വിപണയില്‍ അവതരിപ്പിച്ചത്. 1.94 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറും വില.  ഇപ്പോഴിതാ വാഹനത്തിനുള്ള ബുക്കിങ് ജനുവരി ഒന്ന് മുതല്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. 2020 ഏപ്രില്‍ മുതല്‍ പെരാക്ക് ഉപഭോക്താക്കള്‍ക്ക് കൈമാറി തുടങ്ങുമെന്നും കമ്പനി അറിയിച്ചു. ബുക്ക് ചെയ്യുന്ന ബൈക്കുകളുടെ എണ്ണം കമ്പനി പരിമിതിപ്പെടുത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.

സ്റ്റാന്റേര്‍ഡ് ജാവയുടെ അടിസ്ഥാനത്തിലുള്ള ബോബര്‍ സ്‌റ്റൈല്‍ മോഡലാണിത്. രൂപത്തില്‍ ജാവയുടെ മോഡിഫൈഡ് പതിപ്പാണെന്ന് തോന്നിപ്പിക്കുന്ന ഡിസൈനാണ് ബൈക്കിന്. സിംഗിള്‍ സീറ്റ്, നീളേറിയ സ്വന്‍ഗ്രാം, മാറ്റ് പെയിന്റ് ഫിനീഷ്, ചെറിയ സ്‌പോര്‍ട്ടി എകസ്ഹോസ്റ്റ് തുടങ്ങിയവ പരേക്കിനെ വ്യത്യസ്‍തമാക്കും. മുന്നില്‍ 18 ഇഞ്ചും പിന്നില്‍ 17 ഇഞ്ചുമാണ് വീല്‍. ഡ്യുവല്‍ ഡിസ്‌ക് ബ്രേക്ക്, ഡ്യുവല്‍ ചാനല്‍ എബിഎസ് തുടങ്ങിയ സുരക്ഷാ സംവിധാനങ്ങളും വാഹനത്തിലുണ്ട്. മുന്നില്‍ ടെലിസ്‌കോപ്പിക്കും പിന്നില്‍ മോണോഷോക്കുമാണ് സസ്‌പെന്‍ഷന്‍.

ബിഎസ് 6 നിലവാരത്തിലുള്ള 334 സിസി ലിക്വിഡ് കൂള്‍ എന്‍ജിനാണ് പരേക്കിന്‍റെ ഹൃദയം. മറ്റു ജാവകളെക്കാള്‍ കരുത്തുകൂടുമെന്ന് ചുരുക്കം. ഈ എഞ്ചിന്‍ 30 ബിഎച്ച്പി പവറും 31 എന്‍എം ടോര്‍ക്കും സൃഷ്‍ടിക്കും. ആറ് സ്‍പീഡാണ് ട്രാന്‍സ്‍മിഷന്‍.

1.89 ലക്ഷം രൂപയായിരിക്കും പരേകിന്റെ എക്സ്ഷോറൂം വിലയെന്ന് ജാവ കഴിഞ്ഞ വര്‍ഷം വ്യക്തമാക്കിയിരുന്നു. എന്നാല്‍ ബിഎസ് 6 എന്‍ജിന്‍ അടക്കമുള്ള മാറ്റങ്ങള്‍ വന്ന സാഹചര്യത്തില്‍ വിപണിയിലെത്തുമ്പോള്‍ വില കൂടിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ ഉപസ്ഥാപനമായ ക്ലാസിക് ലെജൻഡ്‍സാണ് പുത്തന്‍ ജാവയെ നിരത്തിലെത്തിച്ചിരിക്കുന്നത്. 

പ്രതീകാത്മക ചിത്രം

Follow Us:
Download App:
  • android
  • ios