ബസ് സൈഡ് കൊടുത്തു, കടയിലെ കമ്പി സീറ്റിലിരുന്ന യുവതിയുടെ കണ്ണ് തകര്‍ത്തു

By Web TeamFirst Published May 9, 2019, 11:40 AM IST
Highlights

ബസിൽ യാത്രചെയ്യുന്നതിനിടെ റോഡരികിലെ കടയില്‍ അനധികൃതമായി സ്ഥാപിച്ചിരുന്ന കമ്പി യുവതിയുടെ കണ്ണിൽ കുത്തിക്കയറി

കോട്ടയം: ബസ് ഉള്‍പ്പെടെയുള്ള വാഹനങ്ങളില്‍ ദിവസേന യാത്ര ചെയ്യുന്നവരാണ് നമ്മളില്‍ ഭൂരിഭാഗവും. പലപ്പോഴും മറ്റുള്ളവരുടെ പിഴവുകള്‍ക്ക് ഇരയാകേണ്ടി വരാറുണ്ട് നിരപരാധികളായ പല യാത്രികരും. ഇപ്പോള്‍ അത്തരമൊരു ദാരുണ സംഭവത്തിന്‍റെ വാര്‍ത്തയാണ് ചെങ്ങന്നൂരില്‍ നിന്നും വരുന്നത്.

ബസിൽ യാത്രചെയ്യുന്നതിനിടെ റോഡരികിലെ കടയില്‍ അനധികൃതമായി സ്ഥാപിച്ചിരുന്ന കമ്പി കണ്ണിൽ കുത്തിക്കയറിയ യുവതിയുടെ നടുക്കുന്ന വാര്‍ത്തയാണത്.  അങ്ങാടിക്കൽ കുമ്പിൾ നിൽക്കുന്നതിൽ ജോയിയുടെ മകൾ അഞ്ജു എന്ന 24കാരിയാണ് ആ നിര്‍ഭാഗ്യവതി. 

ചൊവ്വാഴ്ച വൈകീട്ട് അഞ്ചരയോടെ ചെങ്ങന്നൂർ കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിന് സമീപം എം.സി. റോഡിലാണ് ദാരുണ സംഭവം. കൊട്ടാരക്കരയ്ക്ക് പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി ഫാസ്റ്റ് പാസഞ്ചർ ബസില്‍ യാത്ര ചെയ്യുകയായിരുന്നു യുവതി. 

ഈ ബസ് മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കാൻ റോഡരികിലേക്ക് ഒതുക്കുന്നതിനിടെയാണ് അപകടം. റോഡരികിലെ ബേക്കറി ഉടമ റോഡിലേക്ക് അനധികൃതമായി ഇരുമ്പ് ഷീറ്റ് ഇറക്കി കെട്ടിയിരുന്നു. ഈ ഷീറ്റ് ഉറപ്പിക്കാൻ വെച്ച എട്ട് അടിയോളം നീളം വരുന്ന ഇരുമ്പ് കമ്പി റോഡിലേക്ക് നീണ്ടുനിന്നിരുന്നു. ഈ കമ്പി ബസിന്റെ സൈഡ് സീറ്റിൽ ഇരുന്ന അഞ്ജുവിന്റെ കണ്ണിലേക്ക്‌ തുളഞ്ഞുകയറി.

തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അഞ്ജുവിന് അടിയന്തിര ശസ്ത്രക്രിയ നടത്തി. യുവതിയുടെ കാഴ്ച തിരിച്ചുകിട്ടുന്ന കാര്യത്തിൽ ഡോക്ടർമാർ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

കെഎസ്ആര്‍ടസി അടൂര്‍ ഡിപ്പോയിലേതായിരുന്നു അഞ്ജു സഞ്ചരിച്ചരുന്ന ബസ്. സംഭവത്തിൽ അടൂർ ഡിപ്പോയിലെ ഡ്രൈവറെ ഒന്നാം പ്രതിയും ബേക്കറി ഉടമയെ രണ്ടാം പ്രതിയുമാക്കി പോലീസ് കേസെടുത്തിട്ടുണ്ട്. 

വാഹനങ്ങളിലെ ലോഡ്
ഇവിടെ കടയുടമയുടെ അനാസ്ഥയും ബസ് ഡ്രൈവറുടെ അശ്രദ്ധയുമാണ് വില്ലനായതെങ്കില്‍ ഇത്തരം മരക്കെണിയുമായി നൂറുകണക്കിന് ഭാരവാഹനങ്ങളും നമ്മുടെ റോഡുകളിലുണ്ടെന്നാണ് ഞെട്ടിപ്പിക്കുന്ന വസ്‍തുത.  മറ്റു യാത്രക്കാർക്ക് ഭീഷണിയാകുന്ന രീതിയിൽ ഇരുമ്പു കമ്പികള്‍, പി വി സി പൈപ്പുകൾ, മുളകൾ, നീണ്ട മര ഉരുപ്പടികൾ തുടങ്ങിയവ അലക്ഷ്യമായി വാഹനത്തിന്റെ ഫ്രയിമിന് പുറത്തേക്ക് തള്ളി നിൽക്കുന്ന രീതിയിൽ ലോറികൾ, പെട്ടി ഓട്ടോറിക്ഷകൾ തുടങ്ങിയവ വാഹനങ്ങളില്‍ കൊണ്ടു പോകുന്നുണ്ട്. ഇത്തരം യാത്രകള്‍ സർക്കാർ നിരോധിച്ചിട്ടുമുണ്ട്.

പുറകിൽ വരുന്ന യാത്രക്കാർക്ക് കാണത്തക്ക രീതിയിലുള്ള ശരിയായ അപായ സൂചന ലൈറ്റുകളോ ചുവന്ന പതാകയോ പ്രദർശിപ്പിക്കാതെ , അശ്രദ്ധയോടെ ഇത്തരം സാധനസാമഗ്രികൾ പുറത്തേക്ക് തള്ളി നിൽക്കുന്ന രീതിയിൽ കയറ്റിവരുന്ന വാഹനങ്ങൾ അപകടകങ്ങൾക്ക് കാരണമാകുന്നു. പ്രത്യേകിച്ച് രാത്രികാലങ്ങളിലും അതിരാവിലെയുള്ള സമയങ്ങളിലും.

മോട്ടോർ വാഹന നിയമപ്രകാരം വാഹനങ്ങളുടെ ബോഡി ഫ്രയിമിന് പുറമെ തള്ളി നിൽക്കുന്ന അപകടമായ രീതിയിൽ ഇരുമ്പു കമ്പികളോ തടികളോ മറ്റു സാമഗ്രികളോ കൊണ്ടുപോകുന്നതിന് Dangerous driving and load beyond limits of projection പ്രകാരം 1000 രൂപ വരെ പിഴ ചുമത്താവുന്ന കുറ്റമാണ്.

click me!