ആഡംബരം ബിസിനസുകാര്‍ക്ക് മാത്രമായി ചുരുക്കില്ല! വെല്ലുവിളി ഏറ്റെടുക്കുന്നു, വമ്പൻ ലക്ഷ്യം തുറന്ന് പറഞ്ഞ് കമ്പനി

By Web TeamFirst Published Mar 28, 2023, 2:39 PM IST
Highlights

ഡോക്ടർമാർ, ആർക്കിടെക്റ്റുകൾ, അഭിഭാഷകർ, പൈലറ്റുമാർ, കോർപ്പറേറ്റുകളിൽ ജോലി ചെയ്യുന്നവർ തുടങ്ങിയ പ്രൊഫഷണലുകള്‍ക്കിടയിലേക്ക് വില്‍പ്പന വർധിപ്പിക്കാൻ കമ്പനി ഉദ്ദേശിക്കുന്നതായി ലെക്സസ് ഇന്ത്യ പ്രസിഡന്റ്

ആഡംബര കാർ നിർമ്മാതാക്കളായ ലെക്‌സസ്, ഇന്ത്യയിലെ ഉപഭോക്തൃ അടിത്തറ വിപുലീകരിക്കാൻ വൻ തയാറെടുപ്പ് നടത്തുന്നു. രാജ്യത്തെ വിൽപ്പന വർധിപ്പിക്കുന്നതിനുള്ള തന്ത്രത്തിന്റെ ഭാഗമായാണ് നീക്കങ്ങള്‍. ഈ വർഷം പ്രീമിയം സെഗ്‌മെന്റ് കൊവിഡ് കാലത്തിന് മുമ്പുള്ള തലത്തിലേക്ക് മടങ്ങുമെന്നാണ് കമ്പനിയുടെ പ്രതീക്ഷകള്‍. ജാപ്പനീസ് വാഹന നിർമ്മാതാക്കളായ ടൊയോട്ടയുടെ ആഡംബര കാർ വിഭാഗമാണ് ലെക്സസ്. കമ്പനി ഈ മാസം ആദ്യം ഇന്ത്യയിൽ ആറ് വർഷം പൂർത്തിയാക്കിയെന്ന നേട്ടം ആഘോഷിച്ചിരുന്നു.  ഇപ്പോൾ രാജ്യത്ത് കൂടുതൽ വില്‍പ്പനയും വളർച്ചയും കൈവരിക്കുന്നതിനുള്ള നീക്കത്തിലാണ് കമ്പനി എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഡോക്ടർമാർ, ആർക്കിടെക്റ്റുകൾ, അഭിഭാഷകർ, പൈലറ്റുമാർ, കോർപ്പറേറ്റുകളിൽ ജോലി ചെയ്യുന്നവർ തുടങ്ങിയ പ്രൊഫഷണലുകള്‍ക്കിടയിലേക്ക് വില്‍പ്പന വർധിപ്പിക്കാൻ കമ്പനി ഉദ്ദേശിക്കുന്നതായി ലെക്സസ് ഇന്ത്യ പ്രസിഡന്റ് നവീൻ സോണി വ്യക്തമാക്കിയതായി പിടിഐയെ ഉദ്ദരിച്ച് എച്ച്ടി ഓട്ടോ റിപ്പോര്‍ട്ട് ചെയ്തു.  നിലവിൽ, രാജ്യത്തെ കമ്പനി വിൽപ്പനയുടെ ഭൂരിഭാഗവും ബിസിനസ് പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ആളുകളിൽ നിന്നാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

"പൊതുവായി ബിസിനസ് ക്ലാസില്‍ നിന്നുള്ളവരാണ് ഉപഭോക്താക്കള്‍. പ്രൊഫഷണലുകളിലേക്കും മറ്റുള്ളവരിലേക്കും വിപണി വളർത്തണം എന്നതാണ് പുതിയ വെല്ലുവിളി. അത് ഏറ്റെടുക്കുകയാണ്... " സോണി പറഞ്ഞു. കൂടുതൽ സെഗ്‌മെന്റുകൾ നേടുന്നതിലൂടെയും കൂടുതൽ ആളുകൾ കമ്പനിയുടെ ഉൽപ്പന്നങ്ങൾ പരീക്ഷിച്ചുനോക്കുന്നതിലൂടെയും ബിസിനസിന്‍റെ അപകടസാധ്യത ഇല്ലാതാക്കുന്നത് വളരെ പ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിലവിൽ കമ്പനിക്ക് രാജ്യത്തുടനീളം 19 വിൽപ്പന കേന്ദ്രങ്ങളുണ്ടെന്നും ആഡംബര കാർ വിഭാഗത്തിന്റെ കാര്യത്തിൽ ഇന്ത്യൻ വിപണിക്ക് വലിയ വളർച്ചാ സാധ്യതയുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വിൽപ്പനയുടെ കാര്യത്തിൽ രണ്ട് മടങ്ങ് വളർച്ചയാണ് ഈ വര്‍ഷം കാണുന്നത്. ഏഷ്യ - പസഫിക് മേഖലയിലെ ഏറ്റവും മികച്ച മൂന്ന് വിപണികളായി ഉയർന്നുവരാൻ ഇത് ഇന്ത്യൻ വിപണിയെ സഹായിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ലെക്‌സസിന്റെ കാര്യത്തില്‍ മികച്ച പത്ത് വിപണികളിൽ ഇന്ത്യൻ വിപണി ഇതിനകം തന്നെയുണ്ട്. 2021-നെ അപേക്ഷിച്ച് 2022-ൽ വിൽപ്പനയിൽ 76 ശതമാനം വളർച്ചയാണ് ലെക്‌സസ് ഇന്ത്യ രേഖപ്പെടുത്തിയത്. എന്നിരുന്നാലും, കമ്പനി പൂർണ്ണമായ കണക്കുകൾ പങ്കിട്ടില്ല. 2018ൽ നേടിയ 40,000 യൂണിറ്റുകൾ കടന്ന് ആഭ്യന്തര ആഡംബര കാർ വിഭാഗം ഈ വർഷം എക്കാലത്തെയും മികച്ച വിൽപ്പന രേഖപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നതായി സോണി പറഞ്ഞു. കമ്പനി ഇന്ത്യയില്‍ എത്തിയതിന്‍റെ ആറാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ ഉപഭോക്താക്കൾക്ക് പ്രത്യേക അനുഭവങ്ങള്‍ നല്‍കാനായി 'ലെക്സസ് ലൈഫ്' ഒരു സംരംഭം ആരംഭിച്ചതായി സോണി പറഞ്ഞു. പ്രാദേശികമായി നിർമ്മിക്കുന്ന ES 300h സെഡാൻ ഉൾപ്പെടെ ആറ് മോഡലുകളാണ് ലെക്സസ് ഇന്ത്യ നിലവിൽ രാജ്യത്ത് വിൽക്കുന്നത്.

click me!