വെന്‍റിലേറ്ററും ഷീല്‍ഡും റെഡി, ഇതാ സാനിറ്റൈസറും; മാസാണ് മഹീന്ദ്ര!

By Web TeamFirst Published Apr 13, 2020, 12:56 PM IST
Highlights

ഇപ്പോഴിതാ ഹാന്‍ഡ് സാനിറ്റൈസറും നിര്‍മിക്കാന്‍ ഒരുങ്ങി മഹീന്ദ്ര

വണ്ടികള്‍ പിറന്നു വീണിരുന്ന നിര്‍മ്മാണ ശാലകളില്‍  ജീവന്‍ രക്ഷാ ഉപകരണമായ വെന്റിലേറ്ററുകളും ഫെയ്‌സ്‌ ഷീല്‍ഡുകളും മാസ്‌കുകളും നിര്‍മ്മിക്കാനാകുമെന്ന് തെളിയിച്ചാണ് ഈ കൊറോണക്കാലത്ത് ഇന്ത്യന്‍ വാഹന നിര്‍മാതാക്കളായ മഹീന്ദ്ര ജനഹൃദയങ്ങളില്‍ നിറഞ്ഞത്. ഇപ്പോഴിതാ ഹാന്‍ഡ് സാനിറ്റൈസറും നിര്‍മിക്കാന്‍ ഒരുങ്ങുകയാണ് കമ്പനി. 

മഹീന്ദ്ര നിര്‍മിക്കുന്ന സാനിറ്റൈസറിന്റെ വിവരം മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ എസ്‍ പി ശുക്ലയാണ് ട്വിറ്ററില്‍ പങ്കുവച്ചത്. സാനിറ്റൈസര്‍ നിര്‍മാണത്തിന് മുന്നിട്ടിറങ്ങിയ എന്റെ സഹപ്രവര്‍ത്തകരെ ഞാന്‍ അഭിനന്ദിക്കുന്നു എന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്. ടെസ്റ്റിങ്ങ് നടപടികള്‍ പൂര്‍ത്തിയായി ലൈസന്‍സ് ലഭിച്ചാല്‍ ഇത് വിപണിയിലെത്തുമെന്നാണ് സൂചന.

സാനിറ്റൈസര്‍ നിര്‍മിച്ച മഹീന്ദ്രയുടെ ടീമിനെയും നേതൃത്വം നല്‍കിയ ചെയര്‍മാനേയും അഭിനന്ദിച്ച് മഹീന്ദ്ര എംഡി ആനന്ദ് മഹീന്ദ്രയും രംഗത്തെത്തിയിട്ടുണ്ട്. താങ്കളുടെ ടീമിനെ ഞാനും അഭിനന്ദിക്കുന്നു. ഈ സാഹചര്യത്തില്‍ എങ്ങനെ ഉയര്‍ത്തെഴുന്നേല്‍ക്കണമെന്ന് നിങ്ങള്‍ കാണിച്ചുതന്നിരിക്കുന്നെന്നും ആയിരുന്നു ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റ്. 

അവശ്യ സാധനങ്ങളും മരുന്നുകളും മറ്റും എത്തിക്കുന്നതിനുള്ള സഹായത്തിനായി മഹീന്ദ്രയുടെ ഐടി വിഭാഗമായ ടെക് മഹീന്ദ്ര കൊറോണവൈറസ് ഓണ്‍ലൈന്‍ മൂവ്‌മെന്റ് പാസ് സിസ്റ്റം (കോംപസ്) സംവിധാനവും ഒരുക്കിയിട്ടുണ്ട്. ദില്ലി സര്‍ക്കാരും സമാനമായ സംവിധാനം ഒരുക്കിയിട്ടുണ്ട്. ഇവര്‍ക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് മഹീന്ദ്ര അറിയിച്ചു.

രോഗികളെയും ആരോഗ്യപ്രവര്‍ത്തകരെയും സഹായിക്കുന്നതിനും ജീവന്‍ രക്ഷാ ഉപകരണ നിര്‍മ്മാണത്തിനുമായി അടിച്ചിട്ട പ്ലാന്റുകള്‍ മഹീന്ദ്ര തുറക്കുകയായിരുന്നു. വെന്‍റിലേറ്റര്‍ നിര്‍മ്മിക്കാമെന്ന് ആനന്ദ് മഹീന്ദ്ര പ്രഖ്യാപിച്ച് 48 മണിക്കൂറിനകമാണ് ജീവനക്കാര്‍ അതിന്‍റെ മാതൃക പുറത്തിറക്കിയത്. വെറും 7500 രൂപ മാത്രമാണ് ഇതിന്‍റെ വില. നിലവില്‍ 10 ലക്ഷം രൂപയെങ്കിലും വെന്‍റിലേറ്റര്‍ ഒന്നിനു വില വരുന്നിടത്താണ് മഹീന്ദ്രയുടെ ഈ നിര്‍ണായക ചുവടുവയ്‍പ് എന്നതാണ് ശ്രദ്ധേയം. 

വെന്റിലേറ്റര്‍ ഒരുങ്ങിയതിന് പിന്നാലെ ഏതാനും സ്റ്റാര്‍ട്ട്അപ്പുകളുടെ സഹായത്തോടെയാണ് ഫെയ്‌സ്ഷീല്‍ഡുകള്‍ ഒരുക്കിയത്. മഹീന്ദ്രയുടെ മുംബൈ കാണ്ടിവാലി പ്ലാന്റിലാണ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള ഫെയ്‌സ് ഷീല്‍ഡുകള്‍ നിര്‍മിക്കുന്നത്. വളരെ ലളിതമായ ഡിസൈനില്‍ എളുപ്പത്തില്‍ നിര്‍മിക്കാവുന്ന ഷീല്‍ഡുകളാണ് മഹീന്ദ്രയുടെ പ്ലാന്റില്‍ ഒരുങ്ങുന്നത്. ഇത് ആര്‍ക്കുവേണമെങ്കിലും നിര്‍മിക്കാന്‍ സാധിക്കും. മഹീന്ദ്രയുടെ പാര്‍ട്‍ണര്‍ കൂടിയായ അമേരിക്കന്‍ വാഹന നിർമാതാക്കളായ ഫോര്‍ഡില്‍ നിന്നുമാണ് മഹീന്ദ്ര ഈ മുഖാവരണത്തിന്റെ രൂപകൽപ്പന സ്വന്തമാക്കിയയത്.  

click me!