വാങ്ങാനാളില്ല, ഈ കിടിലൻ വണ്ടിയുടെ വില്‍പ്പന മഹീന്ദ്ര അവസാനിപ്പിക്കുന്നു!

By Web TeamFirst Published Dec 1, 2022, 12:34 PM IST
Highlights

ഡീലർമാർ ഇതിനായുള്ള ബുക്കിംഗ് സ്വീകരിക്കുന്നത് നിര്‍ത്തി എന്നും കാര്‍ ദേഖോ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ ഫ്ലാഗ്ഷിപ്പ് പ്രീമിയം എസ്‌യുവിയായ മഹീന്ദ്ര അൽടുറാസ് ജി4  വില്‍പ്പന അവസാനിപ്പിക്കുന്നതായി കഴിഞ്ഞ കുറച്ചുനാളുകളായി കേട്ടുതുടങ്ങിയിട്ട്. ഇപ്പോഴിതാ മഹീന്ദ്രയുടെ വെബ്‌സൈറ്റിൽ നിന്ന് വാഹനത്തെ ഒഴിവാക്കിയതായാണ് പുതിയ റിപ്പോര്‍ട്ട്. ഡീലർമാർ ഇതിനായുള്ള ബുക്കിംഗ് സ്വീകരിക്കുന്നത് നിര്‍ത്തി എന്നും കാര്‍ ദേഖോ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഇതോടെ ഫോര്‍ഡ് എന്‍ഡവറിനുശേഷം മറ്റൊരു ഫുള്‍ സൈസ് എസ്‌യുവി കൂടി ഇന്ത്യൻ വാഹന വിപണിയില്‍ നിന്നും വിട പറയുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അള്‍ടുറാസ് ജി4ന് ഉടനൊരു പകരക്കാരനെ മഹീന്ദ്ര ഇറക്കാന്‍ സാധ്യതയില്ല. അതിനാല്‍ എക്സ്.യു.വി 700 ആയിരിക്കും മഹീന്ദ്രയുടെ ഇനിമുതല്‍ ഫ്ലാഗ്ഷിപ്പ് മോഡൽ. സാങ്‌യോങ്ങിന്റെ പ്രീമിയം എസ്‌യുവി റെക്സ്റ്റണിനെയാണ് അള്‍ട്ടുറാസ് എന്ന പേരില്‍ മഹീന്ദ്ര ഇന്ത്യയിൽ പുറത്തിറക്കിയത്. 2016ലെ പാരിസ് ഓട്ടോഷോയിൽ പ്രദർശിപ്പിച്ച എൽഐവി-2 കൺസെപ്റ്റിൽ നിന്നും വികസിപ്പിച്ചിരിക്കുന്ന വാഹനം 2017ലാണ് യുകെ വിപണിയിലെത്തിയത്.  2018  ഫെബ്രുവരിയിൽ നടന്ന ദില്ലി ഓട്ടോ എക്സ്പോയില്‍ പ്രദർശിപ്പിച്ച വാഹനം 2018 നവംബറിലാണ് ഇന്ത്യന്‍ വിപണിയില്‍ എത്തുന്നത്. 

2020 ഏപ്രിലിലാണ് ആള്‍ട്ടുറാസിന്‍റെ ബിഎസ്6 പതിപ്പിനെ കമ്പനി അവതരിപ്പിക്കുന്നത്. ടുവീല്‍ ഡ്രൈവ് ഫോര്‍വീല്‍ ഡ്രൈവ് എന്നീ രണ്ട് വേരിയന്റുകളില്‍ എത്തുന്ന ഈ വാഹനത്തിന് 28.69 ലക്ഷവും 31.69 ലക്ഷം രൂപയുമാണ് ഇന്ത്യയിലെ എക്‌സ്‌ഷോറും വില. ബിഎസ്-4 മോഡലിനെക്കാള്‍ ഒരു ലക്ഷം രൂപയോളം വില കൂടിയിരുന്നു.  2.2 ലിറ്റര്‍ ഡീസല്‍ എന്‍ജിനാണ് ഈ വാഹനത്തിന്‍റെ ഹൃദയം. 181 പിഎസ് പവറും 420 എന്‍എം ടോര്‍ക്കുമാണ് ഈ എന്‍ജിനും നല്‍കുന്നത്. മെഴ്‌സിഡസില്‍ നിന്നെടുത്ത ഏഴ് സ്പീഡ് ഓട്ടോമാറ്റിക്കാണ് ട്രാന്‍സ്മിഷന്‍.  വെര്‍ട്ടിക്കിള്‍ സ്ലാറ്റ് ഗ്രില്‍, എല്‍ഇഡി ഹെഡ്‌ലൈറ്റ്, ഇലക്ട്രിക് സണ്‍റൂഫ്, സില്‍വര്‍ റൂഫ് റെയില്‍, 18 ഇഞ്ച് വലിപ്പമുള്ള അഞ്ച് സ്‌പോക്ക് അലോയി വീല്‍ എന്നിവയാണ് ആള്‍ട്ടുറാസിന്റെ എക്സ്റ്റീരിയറിനെ വേറിട്ടതാക്കുന്നു. 

രണ്ട് വേരിയന്റുകളിലായിരുന്നു വാഹനംആദ്യം വിപണിയില്‍ എത്തിയത്. എന്നാല്‍ വില്‍പ്പന ഇടിഞ്ഞതോടെ അടിസ്ഥാന ഫീച്ചറുകളും സവിശേഷതകളുമായി എത്തിയ ബേസ് വേരിയന്റിന്റെ വില്‍പ്പന അവസാനിപ്പിച്ചു. പിന്നാലെ ടോപ്പ്-എന്‍ഡ് വേരിയന്റിന് കമ്പനി വില ഉയര്‍ത്തിയത് വീണ്ടും വില്‍പ്പന കുറയാൻ ഇടയാക്കി. അടുത്തിട അള്‍ടുറാസ് ജി4​ന്റെ പുതിയ വേരിയന്റ് കമ്പനി അവതരിപ്പിച്ചിരുന്നു. 2 ഡബ്ല്യൂ.ഡി ഹൈ എന്നായിരുന്നു പുതിയ വേരിയന്റിന്റെ പേര്. ഫോർവീൽ ഇല്ലാതെയാണ് വാഹനം അവതരിപ്പിക്കപ്പെട്ടത്. 30.68 ലക്ഷം രൂപയാണ് പുതിയ അള്‍ടുറാസിന്റെ വില. ടൊയോട്ട ഫോർച്യൂണറിന്റെ അടിസ്ഥാന വകഭേദത്തേക്കാൾ 6.5 ലക്ഷം രൂപ കുറവായിരുന്നു ഇത്.

ടൊയോട്ട ഫോർച്യൂണർ ഡീസൽ 2 ഡബ്ല്യു.ഡി ഓട്ടോമാറ്റിക് (37.18 ലക്ഷം രൂപ), ബേസ് എംജി ഗ്ലോസ്റ്റർ ഡീസൽ (32 ലക്ഷം രൂപ) എന്നിവയേക്കാളൊക്കെ വിലക്കുറവിലാണ് വാഹനം മഹീന്ദ്ര ലഭ്യമാക്കിയത്. റെയിൻ സെൻസിങ് വൈപ്പറുകൾ, ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകൾ, പവേർഡ് ടെയിൽഗേറ്റ്, മെമ്മറി ഫംഗ്‌ഷനോടുകൂടിയ ഇലക്ട്രോണിക് ഡ്രൈവർ സീറ്റ് അഡ്ജസ്റ്റ്, സൈഡ്, കർട്ടൻ എയർബാഗുകൾ എന്നിവ ഉൾപ്പെടെ ഫോർവീലിൽ ലഭ്യമായ സവിശേഷതകൾ പുതിയ വേരിയന്റിലും ഉണ്ടായിരുന്നു.

18 ഇഞ്ച് അലോയ്‌കൾ, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയുള്ള 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, സൺറൂഫ്, ആംബിയന്റ് ലൈറ്റിങ് പോലുള്ള പ്രത്യേകതകളും അൽടൂറസിലുണ്ടായിരുന്നു. 181 എച്ച്പി, 2.2-ലിറ്റർ ഡീസൽ എഞ്ചിനായിരുന്നു. ദീപാവലി സമയത്ത് ഉപഭോക്താക്കള്‍ക്ക് വന്‍ ഡിസ്‌കൗണ്ടുകള്‍ നല്‍കി ആകര്‍ഷിക്കാന്‍ ശ്രമിച്ചെങ്കിലും അതും ഫലം കണ്ടിരുന്നില്ല. ഉത്സവ കാലത്ത് മഹീന്ദ്ര ഏറ്റവും കൂടുതല്‍ ഡിസ്‌കൗണ്ട് നല്‍കിയത് അള്‍ടുറാസ് G4 നായിരുന്നു.

ടൊയോട്ട ഫോർച്യൂണർ, ഇസുസു എംയു-എക്സ് , എംജി ഗ്ലോസ്റ്റർ തുടങ്ങിയ ബോഡി-ഓൺ-ഫ്രെയിം എസ്‌യുവികളോടായിരുന്നു അള്‍ടുറാസ് ജി4 മത്സരിച്ചിരുന്നത്. ലാഡർ ഫ്രെയിം എതിരാളികളിൽ, നിലവിൽ ഏറ്റവും താങ്ങാനാവുന്ന വിലയായിരുന്നു അള്‍ട്ടുറാസ് G4ക്ക്. മോണോകോക്ക് അടിസ്ഥാനമാക്കിയുള്ള ജീപ്പ് മെറിഡിയൻ എസ്‌യുവിയെയും ഇത് നേരിടുന്നു.
 

click me!