മലമടക്കുകളിലെ പാവങ്ങളുടെ വിശപ്പകറ്റണം; താരങ്ങളായി ജിപ്‍സിയും ഥാറും!

By Web TeamFirst Published Apr 10, 2020, 12:20 PM IST
Highlights

ലോക്ക് ഡൗണ്‍ കാലത്ത് വിദൂരങ്ങളിലെ മലമുകളിലും മറ്റും താമസിക്കുകയും ഒറ്റപ്പെട്ട് പോകുകയും ചെയ്തിട്ടുള്ള ആളുകള്‍ക്ക് ഭക്ഷണമെത്തിക്കാന്‍ ആശ്രയിക്കുന്നത് ഈ രണ്ട് വാഹനങ്ങളെയാണ്

പ്രളയകാലത്ത് കേരളത്തില്‍ താരങ്ങളായ വാഹനങ്ങളെപ്പറ്റി ചിലരെങ്കിലും മറന്നു കാണില്ല. ഓഫ് റോഡ് വാഹനങ്ങളും ടിപ്പറുമൊക്കെയായിരുന്നു അന്ന് താരങ്ങളെങ്കില്‍ ഈ കൊറോണക്കാലത്ത് കരുത്തുകൊണ്ട്  സൂപ്പര്‍ താരങ്ങളായിരിക്കുകയാണ് രണ്ട് വാഹന മോഡലുകള്‍. 

മഹീന്ദ്രയുടെ ഥാര്‍, മാരുതി ജിപ്‌സി എന്നിവയാണ് ഈ മോഡലുകള്‍. ലോക്ക് ഡൗണ്‍ കാലത്ത് വിദൂരങ്ങളിലെ മലമുകളിലും മറ്റും താമസിക്കുകയും ഒറ്റപ്പെട്ട് പോകുകയും ചെയ്തിട്ടുള്ള ആളുകള്‍ക്ക് ഭക്ഷണമെത്തിക്കാന്‍ ആശ്രയിക്കുന്നത് ഈ രണ്ട് വാഹനങ്ങളെയാണ്. ത്രിപുരയിലെ ഗ്രാമപ്രദേശങ്ങളും മറ്റും ഭക്ഷണവും അവശ്യസാധനങ്ങളും എത്തിക്കാന്‍ ജിപ്‌സിയിലും ഥാറിലും മറ്റും ഉദ്യോഗസ്ഥരും സന്നദ്ധ പ്രവര്‍ത്തകരും പോകുന്നതിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്. 

മാരുതിയുടെ ജിപ്‌സിയിലും മഹീന്ദ്രയുടെ ഥാറിലും മലമ്പ്രദേശത്ത് താമസിക്കുന്ന ആളുകള്‍ക്കുള്ള ഭക്ഷണങ്ങളുമായി പോകുന്ന ത്രിപുര പോലീസിന്റെയും സൈനികരുടെയും ചിത്രങ്ങള്‍ കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്ങ് കഴിഞ്ഞ ദിവസം ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു. ഇതേതുടര്‍ന്നാണ് വാഹനപ്രേമികള്‍ ഈ ചിത്രം ഏറ്റെടുത്തത്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പോലീസിന്റെയും സൈനികരുടെയും വാഹനമായി ഉപയോഗിക്കുന്ന മോഡലുകളാണ് മഹീന്ദ്ര ഥാറും മാരുതി ജിപ്‌സിയും. ഏത് പരിസ്ഥിതിയെയും ഏത് കാലവസ്ഥയെയും അതിജീവിക്കാനുള്ള കരുത്തും ശേഷിയുമാണ് ഈ രണ്ടുവാഹനങ്ങളുടെയും പ്രധാന പ്രത്യേകത.  

ജാപ്പനീസ് വിപണിയിലുള്ള ജിംനിയുടെ രണ്ടാം തലമുറയുടെ പരിഷ്‌കരിച്ച രൂപമാണ് 1985ല്‍ ജിപ്‌സിയെന്ന പേരില്‍ ഇന്ത്യയില്‍ എത്തിയത്. ലൈറ്റ് ജീപ്പ് മോഡല്‍ എന്ന പേരില്‍ 1970ല്‍ ആണ് ജപ്പാനീസ് നിരത്തുകളില്‍ ജിംനി പ്രത്യക്ഷപ്പെടുന്നത്. നിരത്തിലെത്തി ചുരുങ്ങിയ കാലത്തിനുള്ളില്‍ ഇന്ത്യന്‍ സൈന്യത്തിന്റെയും മറ്റ് പല സേനകളുടെയും ഇഷ്ടവാഹനമായിരുന്നു ജിപ്‌സി. തൊണ്ണൂറുകളോടെ എസ്‌യുവി പ്രേമികളുടെ പ്രിയവാഹനമായി ജിപ്‌സി മാറി. ഓഫ് റോഡിംഗ് കഴിവും ഏതു ദുര്‍ഘട സാഹചര്യങ്ങളില്‍ പ്രവര്‍ത്തിക്കാനുള്ള മികവുമാണ് മാരുതി ജിപ്‌സിയെ ജനപ്രിയമാക്കിയത്. ഒരുകാലത്തെ സിനിമകളില്‍ മിന്നും താരവും ജിപ്സിയായിരുന്നുവെന്നത് ശ്രദ്ധേയം. മാരുതി ഇന്ത്യയിലിറക്കിയ ജിപ്‌സിയില്‍ 90 ശതമാനവും സര്‍ക്കാര്‍ മേഖലയിലേക്കാണ് എത്തിയത്. പുതിയ സുരക്ഷാ ചട്ടങ്ങൾ കാരണം 2019 മാർച്ച് മുതൽ മാരുതി ജിപ്‌സി ഉൽപ്പാദനം അവസാനിപ്പിച്ചിരുന്നു. എന്നാല്‍, കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ സൈന്യത്തിനായി വീണ്ടും ജിപ്‌സി നിര്‍മിക്കാന്‍ കമ്പനി സന്നദ്ധത അറിയിക്കുകയായിരുന്നു. 3000 ജിപ്‌സിയാണ് മാരുതി സൈന്യത്തിനായി ഒരുക്കുന്നത്. 

മഹീന്ദ്രയുടെ ഥാറും ഇന്ത്യയിലെ പോലീസ് സൈനിക സേനയുടെ ഭാഗമാണ്. 2010ലാണ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഥാര്‍ എന്ന ന്യൂജനറേഷന്‍ ജീപ്പിനെ അവതരിപ്പിക്കുന്നത്. മഹീന്ദ്ര 540, 550, മേജർ തുടങ്ങിയ ക്ലാസിക്ക് മോ‍ഡലുകളെ അനുസ്‍മരിപ്പിക്കുന്ന വാഹനം വളരെപ്പെട്ടെന്നാണ് ജനപ്രിയമായി മാറിയത്. 2015ലാണ് വാഹനത്തിന്‍റെ  ഒടുവിലെ ഫെയ്‍സ്‍ലിഫ്റ്റ് വിപണിയിലെത്തുന്നത്. രണ്ടാം തലമുറ മഹീന്ദ്ര ഥാർ പരീക്ഷണയോട്ടത്തിലാണ്. 

click me!