വന്‍തകര്‍ച്ചയില്‍ നിന്നും മാരുതിയെ രക്ഷിച്ചത് ഈ കരുതല്‍!

By Web TeamFirst Published Jun 1, 2020, 11:31 AM IST
Highlights

ലോക്ക് ഡൗണിനെ തുടര്‍ന്ന് തകര്‍ന്നടിഞ്ഞ വാഹനവിപണിയില്‍ മാരുതിക്ക് രക്ഷകരായത് ഈ കാര്യങ്ങള്‍

കൊവിഡ് -19 മഹാമാരി വ്യാപനം തടയുന്നതിനുള്ള ദേശീയ ലോക്ക്ഡൌൺ മാർച്ച് 25 മുതലാണ് നടപ്പാക്കിയത്. ഇക്കാരണങ്ങള്‍ കൊണ്ടുതന്നെ ഏപ്രിലിൽ ആഭ്യന്തര വിപണിയിൽ ഒരു യൂണിറ്റ് പോലും വിൽക്കാനായിട്ടില്ലെന്ന് രാജ്യത്തെ ഏറ്റവും വലിയ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി ഇന്ത്യ റിപ്പോർട്ട് ചെയ്തിരുന്നു. സർക്കാർ ഉത്തരവുകൾക്ക് അനുസൃതമായി എല്ലാ ഉൽപാദന വിതരണ പ്രവർത്തനങ്ങളും നിർത്തലാക്കിയതാണ് ഇതിന് കാരണം.

എന്നാല്‍ മാരുതി സുസുക്കിയെ നിലവിലെ പ്രതിസന്ധിയിൽ നിന്ന് രക്ഷിച്ചത് അഞ്ച് ബില്യൺ ഡോളറിന്റെ കരുതൽ ശേഖരം ആണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയിലെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതിയുടെ 2020 സാമ്പത്തിക വ‍‍‍ർഷത്തെ അവസാന പാദത്തിൽ പാസഞ്ച‍‌‍ർ വാഹന വിൽപ്പന പതിറ്റാണ്ടുകൾക്ക് ശേഷം കുത്തനെ ഇടിഞ്ഞു. എന്നാൽ നിക്ഷേപങ്ങളിൽ നിന്നുള്ള കമ്പനിയുടെ സാമ്പത്തിക വരുമാനം ഇത്തവണ കാറുകൾ നിർമ്മിക്കുകയും വിൽക്കുകയും പ്രധാന ബിസിനസിൽ നിന്നുള്ള വരുമാനത്തേക്കാൾ കൂടുതലാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം വാഹനങ്ങളുടെ സൗജന്യ സര്‍വീസും വാറന്റിയും നീട്ടി നല്‍കിയാതായി കഴിഞ്ഞ ദിവസം മാരുതി സുസുക്കി അറിയിച്ചിരുന്നു. ജൂണ്‍ 30 വരെയാണ് നീട്ടിയത്. മെയ് മാസത്തിൽ കാലാവധി അവസാനിക്കുമായിരുന്ന സൗജന്യ സർവ്വീസ്, വാറന്റി പദ്ധതികൾ നീട്ടിയതായിട്ടാണ് മാരുതി സുസുക്കി അറിയിച്ചത്. മാര്‍ച്ച് 15 മുതല്‍ മേയ് 31 വരെയുള്ള കാലയളവില്‍ വാറന്‍റി അവസാനിക്കേണ്ടിയിരുന്ന വാഹനങ്ങളുടെ വാറന്‍റിയാണ് ജൂണ്‍ 30 വരെ നീട്ടിയത്. 

ഈ സമയത്ത് എക്‌സ്റ്റെന്റഡ് വാറന്‍റിയും പുതുക്കാം. ഈ രണ്ടര മാസത്തില്‍ സൗജന്യ സര്‍വീസ് നഷ്ടപ്പെട്ടവര്‍ക്ക് ലോക്ക് ഡൌണിന് ശേഷം ജൂണ്‍ 30 വരെ സര്‍വീസ് ലഭ്യമാക്കുമെന്നും മാരുതി അറിയിച്ചു. മെയ് 30 വരെ ദേശീയ ലോക്ക്ഡൌണിന്റെ നാലാം ഘട്ടം നിലനിൽക്കുന്നതിനാൽ വാഹന ഉടമകൾക്ക് അവസാന തീയതി നീട്ടി നൽകാനാണ് കമ്പനി ശ്രമിക്കുന്നത്. മെയ് മാസത്തിൽ അവസാനിക്കേണ്ടിയിരുന്ന എല്ലാ സൌജന്യ സേവനങ്ങളും വാറണ്ടിയും വിപുലീകൃത വാറണ്ടിയും ജൂൺ വരെ നീട്ടി നൽകുമെന്ന് മാരുതി വാര്‍ത്താക്കുറിപ്പിൽ വ്യക്തമാക്കി.

click me!