ബലേനോയ്‍ക്ക് പുത്തന്‍ ഹൃദയവുമായി മാരുതി

By Web TeamFirst Published Jul 27, 2020, 3:33 PM IST
Highlights

ജനപ്രിയ പ്രീമിയം ഹാച്ച് ബാക്ക് മോഡലായ ബലേനോയ്ക്ക് ഒരു പുത്തൻ എഞ്ചിൻ സമ്മാനിക്കാൻ
ഒരുങ്ങി കമ്പനി 

മാരുതി സുസുക്കിയുടെ ജനപ്രിയ പ്രീമിയം ഹാച്ച് ബാക്ക് മോഡലായ ബലേനോയ്ക്ക് ഒരു പുത്തൻ എഞ്ചിൻ സമ്മാനിക്കാൻ ഒരുങ്ങുകയാണ് കമ്പനി എന്ന് റിപ്പോര്‍ട്ട്. പെർഫോമെൻസ് പതിപ്പായിരുന്ന ബലേനോ RS വേരിയന്റിന് പകരമായി പുത്തന്‍ എഞ്ചിനിലുള്ള ബലേനോ വിപണിയിൽ എത്തും എന്നാണ് റിപ്പോര്‍ട്ടുകള്‍.

പുതിയ മോഡല്‍ എത്തിയാല്‍ മൂന്നു പെട്രോൾ എഞ്ചിനുകൾ വാഗ്‍ദാനം ചെയ്യുന്ന ഒരേയൊരു ഹാച്ച്ബാക്കായി ബാലേനോ മാറും. ഈ എഞ്ചിന്‍റെ പവര്‍ ഉള്‍പ്പെടയുള്ള കാര്യങ്ങള്‍ വ്യക്തമല്ല. 2017ല്‍ ബൂസ്റ്റർ ജെറ്റ് എൻജിനുമായി എത്തിയ ബലേനൊ ആർഎസ് മാരുതിയുടെ ഏറ്റവും കരുത്തുള്ള ഹാച്ച്ബാക്കുകളില്‍ ഒന്നായിരുന്നു. 102 എച്ച്പി കരുത്തുള്ള 1–ലീറ്റർ പെട്രോൾ എൻജിനാണ് ആർഎസിന്‍റെ ഹൃദയം. 5500 ആർപിഎമ്മിൽ 100 ബിഎച്ച്പി കരുത്തും 150 ന്യൂട്ടൺ മീറ്റർ ടോർക്കും ഈ എഞ്ചിന്‍ ഉല്‍പ്പാദിപ്പിക്കും. 1700- 4500 ആർപിഎമ്മുകൾക്കിടയില്‍ പരമാവധി ടോർക്ക് ലഭ്യമാകും. പൂജ്യത്തിൽ നിന്നും മണിക്കൂറിൽ 100 കിലോമീറ്റർ വേഗമെടുക്കുവാൻ 10.52 സെക്കൻഡുകൾ മാത്രം മതി വാഹനത്തിന്.  എന്നാല്‍ ബലേനോ ആര്‍ എസിനെ ബിഎസ്6ലേക്ക് പരിഷ്‍കരിക്കാന്‍ കമ്പനി തയ്യാറായിരുന്നില്ല. അതുകൊണ്ടു തന്നെ വാഹനം വിപണിയില്‍ ഇപ്പോള്‍ ലഭ്യവുമല്ല. 

പുത്തന്‍ എഞ്ചിന്‍ ബലേനോ ആര്‍എസിന്‍റെ പിന്‍ഗാമിയാകുമെന്നു തന്നെയാണ് വാഹനപ്രേമികളുടെ കണക്കുകൂട്ടല്‍. പുത്തന്‍ ഹ്യുണ്ടായി എലൈറ്റ് i20യുടെ വരവും ശ്രേണിയില്‍ ടാറ്റ അൾട്രോസിന്‍റെ കുതിപ്പും കണക്കിലെടുത്താണ് ആര്‍എസിനു പകരക്കാരനായി പുത്തന്‍ എഞ്ചിനെ അവതരിപ്പിക്കാനുള്ള മാരുതിയുടെ ഈ നീക്കമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. 

നിലവില്‍ 83 ബിഎച്ച്പി കരുത്തേകുന്ന 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനും 74 ബിഎച്ച്പി കരുത്തേകുന്ന 1.3 ലിറ്റര്‍ ഡീസല്‍ എന്‍ജിനുമാണ് റഗുലര്‍ ബലേനോയുടെ ഹൃദയം. ഡ്യുവല്‍ ഫ്രണ്ട് എയര്‍ബാഗ്, എബിഎസ്, ഇബിഡി, ബ്രേക്ക് അസിസ്റ്റ്, ഐസോഫിക്‌സ് ചൈല്‍ഡ് സീറ്റ് റെസ്ട്രിയന്റ് സിസ്റ്റം, ഫോഴ്‌സ് ലിമിറ്റര്‍ സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, സ്പീഡ് അലര്‍ട്ട് സിസ്റ്റം, റിയര്‍ പാര്‍ക്കിങ് സെന്‍സര്‍ എന്നീ സുരക്ഷാ സംവിധാനങ്ങളും പുതിയ വാഹനത്തിലുണ്ട്.

2015 ഒക്ടോബറിലാണ് ബലേനോയെ മാരുതി അവതരിപ്പിക്കുന്നത്. 2015ല്‍ ജനീവാ മോട്ടോര്‍ ഷോയില്‍ ഐകെ2 കോണ്‍സെപ്റ്റ് കാറായി അവതരിപ്പിച്ച ബലേനോ അതേ വര്‍ഷം തന്നെയാണ് ഇന്ത്യന്‍ വിപണിയിലേക്കും എത്തിയത്.  മാരുതിയുടെ പ്രീമിയം കാറുകള്‍ വില്‍ക്കാനുള്ള ഡീലര്‍ഷിപ്പായ നെക്‌സയിലൂടെയാണ് ബലേനോ വിറ്റഴിച്ചത്.   രാജ്യത്ത് ഓരോ മൂന്നു മിനിറ്റിലും ഒരു ബലേനൊ പുറത്തിറങ്ങുന്നുണ്ടെന്നാണ് കണക്കുകള്‍. അടുത്തിടെ പുറത്തുവന്ന 2021 സാമ്പത്തിക വർഷത്തിന്റെ ആദ്യ മൂന്ന് മാസങ്ങളിലെ വാഹന വില്‍പ്പന കണക്കുകള്‍ അനുസരിച്ച് പ്രീമിയം ഹാച്ച് ബാക്ക് വിഭാഗത്തില്‍ ഒന്നാം സ്ഥാനം ബലേനോ സ്വന്തമാക്കിയിരുന്നു. 5,887 യൂണിറ്റുകളുമായിട്ടായിരുന്നു ബലേനോയുടെ മുന്നേറ്റം. 

click me!