പിന്നിലിടിച്ച ബലേനോയുടെ മുന്‍ഭാഗം തരിപ്പണം; ഒന്നും സംഭവിക്കാതെ ഓട്ടോറിക്ഷ

By Web TeamFirst Published Mar 5, 2019, 3:54 PM IST
Highlights

ഓട്ടോറിക്ഷയിലെ യാത്രക്കാരില്‍ ഒരാള്‍ താഴെ വിണെങ്കിലും അപ്പോഴേക്കും കാര്‍ നിന്നതിനാല്‍ അപകടം ഒന്നും സംഭവിച്ചില്ല. ഇടിയുടെ ആഘാതത്തില്‍ ബലേനോയുടെ മുന്‍ഭാഗം തകര്‍ന്ന് തരിപ്പണമായി

ഒരു കാര്‍ വാങ്ങുന്നതിന് മുമ്പ് ക്രാഷ് ടെസ്റ്റിലെ ആ വാഹനത്തിന്‍റെ മികവും മറ്റുമെല്ലാം ഉപഭോക്താക്കള്‍ ഇപ്പോള്‍ നോക്കാറുണ്ട്. എങ്കിലും മൈലേജും വിലയുമെല്ലാം തന്നെയാണ് കാര്‍ വാങ്ങുന്നതിന് മുമ്പ് സാധാരണക്കാരന്‍ ഇന്നും പരിഗണിക്കാറുള്ളത്. അപ്പോള്‍ സുരക്ഷ സ്വാഭാവികമായും കുറയുമെന്നാണ് ഇക്കാര്യത്തില്‍ ഉയരുന്ന വാദം.  

രാജ്യത്തെ വാഹന നിര്‍മ്മാതാക്കളില്‍ പ്രമുഖരായ മാരുതി സുസുക്കിയുടെ വാഹനങ്ങളാണ് സുരക്ഷയുടെ കാര്യത്തില്‍ ഏറെ പഴി കേള്‍ക്കുന്നത്. വിദേശ നിര്‍മ്മിത വാഹനങ്ങള്‍ക്ക് മുന്നില്‍ ഇന്ത്യന്‍ വാഹനങ്ങളുടെ ദയനീയമായ അവസ്ഥ വ്യക്തമാക്കുന്ന പല സംഭവങ്ങളും നിരത്തിലുണ്ടായിട്ടുണ്ട്.

എന്നാല്‍, സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ശ്രദ്ധയമാകുന്ന വീഡിയോ മാരുതിയുടെ ഉപഭോക്താക്കളെ ആശങ്കപ്പെടുത്തുന്നതാണ്. ഇന്‍ഡിക്കേറ്റര്‍ ഇടാതെ പെട്ടെന്ന് ഇടത്തേക്ക് എടുത്ത ഒരു ഓട്ടോറിക്ഷയുടെ പിന്നില്‍ മാരുതിയുടെ ജനപ്രിയ വാഹനം ബലേനോ ഇടിക്കുന്നതാണ് വീഡിയോ.

ഹെെവേയിലൂടെ അതിവേഗതയില്‍ എത്തി ബലേനോ പെട്ടെന്ന് ഓട്ടോ ഇടത്തേക്ക് തിരിഞ്ഞതോടെ പിന്നില്‍ വന്ന് ഇടിക്കുകയായിരുന്നു. കാറിന്‍റെ ഡ‍ാഷ് ക്യാമില്‍ നിന്നാണ് ഈ വീഡ‍ിയോ പകര്‍ത്തിയിരിക്കുന്നത്. ഓട്ടോറിക്ഷയിലെ യാത്രക്കാരില്‍ ഒരാള്‍ താഴെ വിണെങ്കിലും അപ്പോഴേക്കും കാര്‍ നിന്നതിനാല്‍ അപകടം ഒന്നും സംഭവിച്ചില്ല.

ഇടിയുടെ ആഘാതത്തില്‍ ബലേനോയുടെ മുന്‍ഭാഗം തകര്‍ന്ന് തരിപ്പണമായി. എന്നാല്‍, ഓട്ടോറിക്ഷയ്ക്ക് ഒന്നും സംഭവിച്ചില്ലെന്നുള്ളതാണ് കൗതുകകരം. ഇന്ത്യന്‍ വിപണിയിലെ ഏറ്റവും കൂടുതല്‍ വില്‍പ്പനയുള്ള മോഡലുകളിലൊന്നായ ബലേനോയുടെ പുതിയ പതിപ്പ് അടുത്ത കാലത്താണ് വിപണിയിലെത്തിയത്.

പുതിയ ബലേനോ പെട്രോള്‍ പതിപ്പിന് 5.45 ലക്ഷം രൂപ മുതല്‍ 8.77 ലക്ഷം വരെയും ഡീസലിന് 6.60 ലക്ഷം മുതല്‍ 8.60 ലക്ഷം രൂപ വരെയുമാണ് ദില്ലി എക്‌സ്‌ഷോറൂം വില. 83 ബിഎച്ച്പി കരുത്തേകുന്ന 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനും 74 ബിഎച്ച്പി കരുത്തേകുന്ന 1.3 ലിറ്റര്‍ ഡീസല്‍ എന്‍ജിനുമാണ് ബലേനോയുടെ ഹൃദയം.

ഡ്യുവല്‍ ഫ്രണ്ട് എയര്‍ബാഗ്, എബിഎസ്, ഇബിഡി, ബ്രേക്ക് അസിസ്റ്റ്, ഐസോഫിക്‌സ് ചൈല്‍ഡ് സീറ്റ് റെസ്ട്രിയന്റ് സിസ്റ്റം, ഫോഴ്‌സ് ലിമിറ്റര്‍ സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, സ്പീഡ് അലര്‍ട്ട് സിസ്റ്റം, റിയര്‍ പാര്‍ക്കിങ് സെന്‍സര്‍ എന്നീ സുരക്ഷാ സംവിധാനങ്ങളും പുതിയ വാഹനത്തിലുണ്ട്.

മുമ്പ് സ്വീഡിഷ് നിര്‍മ്മാതാക്കളായ വോള്‍വോയുടെ XC 60 എസ്‍യുവിയുടെ പിന്നിലിടിച്ച ബലേനോയുടെ ചിത്രവും സോഷ്യല്‍ മീഡിയയില്‍ വെെറലായിരുന്നു. അന്ന് ബലേനോ പിന്നില്‍ പിന്നിലിടിച്ച കാര്യം വോള്‍വോ അറിഞ്ഞില്ലെന്ന് മാതമല്ല, മാരുതിയുടെ കാര്‍ തരിപ്പണമാകുകയും ചെയ്തു.

 

click me!