ഈ ബസുകളുമായി ബംഗാള്‍ കുതിക്കുന്നു!

By Web TeamFirst Published Mar 4, 2019, 4:17 PM IST
Highlights

വെസ്റ്റ് ബംഗാള്‍ ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന് ടാറ്റ മോട്ടോര്‍സ് 80ഇലക്ട്രിക് ബസുകള്‍ നല്‍കുമെന്ന് ടാറ്റ 

കൊല്‍ക്കത്ത : പരിസ്ഥിതി സംരക്ഷണ സന്ദേശം നല്‍കികൊണ്ട്  രാജ്യത്താകമാനം 255ഇലക്ട്രിക് ബസുകള്‍ നിരത്തിലിറക്കാന്‍ ടാറ്റ മോട്ടോര്‍സ്. അതിന്റെ ഭാഗമായി വെസ്റ്റ് ബംഗാള്‍ ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന് ടാറ്റ മോട്ടോര്‍സ് 80ഇലക്ട്രിക് ബസുകള്‍ നല്‍കുമെന്ന് ടാറ്റ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. 

ആദ്യഘട്ടമെന്ന നിലയില്‍ 20 9എം ബസുകള്‍ ടാറ്റ കോര്‍പറേഷന് കൈമാറി. അടുത്ത ഘട്ടമായി മാര്‍ച്ച് 31ന് 20 9എം ബസുകള്‍ കൂടി ടാറ്റ കൈമാറും.  അവസാന ഘട്ടത്തില്‍ ബാക്കി വരുന്ന 40 12എം ഇ-ബസുകള്‍ കൂടി കൈമാറാനാണ് കരാര്‍. ഇതിന്റെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ടാറ്റ ഇ ചാര്‍ജില്‍ കേന്ദ്രങ്ങള്‍ തുടങ്ങുന്നുമുണ്ട്. നേരത്തെ ലക്നോവിലും ടാറ്റ മോട്ടോര്‍സ് ഇലക്ട്രിക് ബസുകള്‍ ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്  കൈമാറിയിരുന്നു. 

മറ്റ് ഇലക്ട്രിക് ബസുകളെ അപേക്ഷിച്ച് 20 ശതമാനം അധിക എനര്‍ജി സംരക്ഷണമാണ് ടാറ്റ അവകാശപ്പെടുന്നത്. മാത്രമല്ല രാജ്യത്തിന്റെ വൈവിധ്യമുള്ള ഭൂപ്രകൃതിക്കു അനിയോജ്യമായാണ് ടാറ്റ ബസുകള്‍ ഒരുക്കിയിരിക്കുന്നത്.  ടാറ്റ മോട്ടോഴ്‌സിന്റെ ധാര്‍വാഡ് പ്ലാന്റിലാണ് ഇത്തരം അള്‍ട്രാ ഇലക്ട്രിക് ബസുകള്‍ നിര്‍മിക്കുന്നത്. ഒറ്റത്തവണ ചാര്‍ജ് ചെയ്യുമ്പോള്‍ 150കിലോമീറ്റര്‍ വരെ വാഹനത്തിന് സഞ്ചരിക്കുവാന്‍ സാധിക്കും. 

ഏറ്റവും മികച്ച ഡിസൈനും ലോകോത്തര സവിശേഷതകളുമായാണ് ടാറ്റ ഇലക്ട്രിക് ബസുകള്‍ നിരത്തിലെത്തുന്നത്. വെള്ളം കയറി ബസ് ബ്രേക്ക് ഡൌണ്‍ ആകാതെ സൂക്ഷിക്കുവാന്‍  ലിയോണ്‍ ബാറ്ററി വാഹനത്തിന്റെ മുകളിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഡ്രൈവര്‍ ഉള്‍പ്പെടെ 32സീറ്റുകള്‍ അടങ്ങിയ ബസിന്റെ പരമാവധി പവര്‍ 245കിലോ വാട്ടാണ് 

ഡീസല്‍ ബസുകളെ അപേക്ഷിച്ച് പരിസ്ഥിതി സൗഹൃദ വാഹനമായ ഇ-ബസുകള്‍ മൂലം മലിനീകരണം ഉണ്ടാകുന്നില്ല, മാത്രമല്ല 50ശതമാനം ഇന്ധന ചിലവ് കുറവ്,  20ശതമാനം മികച്ച ഊര്‍ജ്ജ ഉപഭോഗം, കുറഞ്ഞ മെയ്ന്റനന്‍സ് ചിലവ് എന്നിവയാണ് പ്രധാന നേട്ടങ്ങള്‍. രാജ്യത്താകമാനം ആറ്  ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനുകള്‍ക്കായി 255ഇലക്ട്രിക് ബസുകളുടെ ഓര്‍ഡറുകളാണ് ടാറ്റക്ക് ആദ്യ ഘട്ടം ലഭിച്ചിട്ടുള്ളത്. മാത്രമല്ല സമീപഭാവിയില്‍ തന്നെ ഇലക്ട്രിക് മിനി ബസുകള്‍ നിര്‍മ്മിക്കാന്‍ ഒരുങ്ങുകയാണ് ടാറ്റ മോട്ടോര്‍സ്. 

click me!