
2022 സെപ്‍റ്റംബറിൽ നിരത്തില്‍ എത്താനിരിക്കുന്ന ഗ്രാൻഡ് വിറ്റാരയുടെ ലോഞ്ചിലൂടെ മാരുതി സുസുക്കി എസ്‌യുവി സെഗ്‌മെന്റിൽ വലിയ വിപ്ലവം സൃഷ്‍ടിക്കാന്‍ ഒരുങ്ങുകയാണ്. വിപണി പ്രവേശനത്തിന് മുന്നോടിയായി, കമ്പനി അതിന്‍റെ ഡീലർഷിപ്പുകളില്‍ ഉടനീളം ഗ്രാൻഡ് വിറ്റാര അയച്ചു തുടങ്ങി. ഈ സാമ്പത്തിക വർഷത്തിൽ ഏകദേശം ഒരു ലക്ഷം മാരുതി ഗ്രാൻഡ് വിറ്റാര എസ്‌യുവി ഉൽപ്പാദിപ്പിക്കാനാണ് ഇന്തോ-ജാപ്പനീസ് വാഹന നിർമ്മാതാവ് ലക്ഷ്യമിടുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഒപ്പം പ്രതിമാസം 13,000 യൂണിറ്റ് വിൽപ്പനയാണ് കമ്പനി ലക്ഷ്യമിടുന്നത് എന്നും ഇടി ഓട്ടോയെ ഉദ്ദരിച്ച് ഇന്ത്യാ കാര്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഉണ്ടാക്കുന്നത് മാരുതിയും ടൊയോട്ടയും, ഒപ്പം സുസുക്കിയുടെ ഈ സംവിധാനവും; പുലിയാണ് ഗ്രാന്‍ഡ് വിറ്റാര!
ശക്തമായ ഹൈബ്രിഡ് സാങ്കേതികവിദ്യ അവതരിപ്പിക്കുന്നതോടെ, ഇടത്തരം എസ്‌യുവി സെഗ്‌മെന്റിൽ പ്രാധാന്യമർഹിക്കുന്ന ഇന്ധനക്ഷമതയിൽ മാരുതി സുസുക്കി പ്രധാന ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഒരു ഇലക്ട്രിക് മോട്ടോറും 1.5L K15C മൈൽഡ് ഹൈബ്രിഡ് പവർട്രെയിനും ഉള്ള 1.5L TNGA അറ്റ്കിൻസൺ സൈക്കിൾ എഞ്ചിനുമായാണ് എസ്‌യുവി ലഭ്യമാകുന്നത്. ആദ്യത്തേത് eCVT ഗിയർബോക്‌സ് ഉപയോഗിച്ച് 115bhp കരുത്ത് നൽകും, രണ്ടാമത്തേത് 117Nm-ൽ 103bhp കരുത്തും നൽകും.
തങ്ങളുടെ ശക്തമായ ഹൈബ്രിഡ് പതിപ്പ് 27.97kmpl മൈലേജ് നൽകുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഇത് സെഗ്‌മെന്റിലെ ഏറ്റവും ഉയർന്ന മൈലേജാണ്. ഇതിന്റെ മൈൽഡ് ഹൈബ്രിഡ് സിസ്റ്റം ഓൾഗ്രിപ്പ് AWD മോഡലിന് 19.38kmpl ഉം 2WD ഓട്ടോമാറ്റിക് വേരിയന്റിന് 20.58kmpl ഉം 2WD മാനുവൽ വേരിയന്റിന് 21.11kmpl ഉം ഇന്ധനക്ഷമത വാഗ്ദാനം ചെയ്യും.
എന്തെല്ലാമെന്തെല്ലാം ഫീച്ചറുകളാണെന്നോ..; ഗ്രാൻഡ് വിറ്റാരയ്ക്ക് പനോരമിക് സൺറൂഫും!
എല്ലാ പുതിയ മാരുതി ഗ്രാൻഡ് വിറ്റാര എസ്‌യുവിയും സവിശേഷതകളിലും സുരക്ഷയിലും ഉയർന്നതാണ്. 7.0 ഇഞ്ച് ഫുൾ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, 360 ഡിഗ്രി ക്യാമറ, ബ്ലാക്ക് ലെതറെറ്റ് സീറ്റുകൾ, ലെതറെറ്റ് സ്റ്റിയറിംഗ് വീൽ, വയർലെസ് ചാർജർ, ഹെഡ്-അപ്പ് ഡിസ്‌പ്ലേ, പനോരമിക് സൺറൂഫ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ഹിൽ ഡിസന്റ് കൺട്രോൾ, ആംബിയന്റ് ലൈറ്റിംഗ് എന്നിവ സജ്ജീകരിച്ചിരിക്കുന്നു. 9.0 ഇഞ്ച് സ്‍മാര്‍ട്ട് പ്ലേ പ്രോ പ്ലസ് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ആര്‍ക്യം സൗണ്ട് സിസ്റ്റം, റിവേഴ്‌സ് പാർക്കിംഗ് ക്യാമറ, റിയർ ഫാസ്റ്റ് ചാർജിംഗ് USB പോർട്ടുകളും വാഹനത്തില്‍ ഉണ്ട്.
ടൊയോട്ട ഹൈറൈഡറിന്റെ സഹോദര മോഡലാണ് ഗ്രാന്‍ഡ് വിറ്റാര. കർണാടകയിലെ ബിഡാഡി പ്ലാന്റിൽ പുത്തന്‍ ഗ്രാന്‍ഡ് വിറ്റാര കമ്പനി ഉൽപ്പാദിപ്പിക്കും. രണ്ട് കാറുകളുടെയും നിർമ്മാണം ഓഗസ്റ്റിൽ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. നെക്‌സയുടെ ഉൽപ്പന്ന പോർട്ട്‌ഫോളിയോയിൽ നിന്ന് ബലേനോയ്ക്ക് ശേഷം വിദേശത്തേക്ക് കയറ്റുമതി ചെയ്യുന്ന രണ്ടാമത്തെ മുൻനിര മോഡലാണ് ഗ്രാൻഡ് വിറ്റാര.
പ്രത്യേക ഇവി മോഡും, മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര സൂപ്പറാ..!
അതേസമയം, ഗ്രാൻഡ് വിറ്റാരയ്ക്ക് ബുക്കിംഗ് തുടങ്ങി ആറ് ദിവസത്തിനുള്ളിൽ 13,000 പ്രീ-ബുക്കിംഗുകൾ ലഭിച്ചതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഈ ബുക്കിംഗുകളിൽ 54 ശതമാനവും മോഡലിന്‍റെ ശക്തമായ ഹൈബ്രിഡ് വകഭേദങ്ങളായ സീറ്റ, ആല്‍ഫ സിവിടി വേരിയന്റുകള്‍ക്ക് ആണ് ലഭിക്കുന്നത് എന്നാണ് വിവരം. 2022 മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാരയുടെ ബുക്കിംഗ് ജൂലൈ 16 നാണ് ഔദ്യോഗികമായി ആരംഭിക്കുന്നത്. എന്നിരുന്നാലും, ചില നെക്സ ഡീലർഷിപ്പുകൾ അതിന് മുമ്പായി ബുക്കിംഗ് ആരംഭിച്ചിരുന്നു.
മാരുതി സുസുക്കിയും ടൊയോട്ടയും തമ്മിലുള്ള പങ്കാളിത്തത്തിൽ നിർമ്മിച്ച മിഡ്-സൈസ് എസ്‌യുവി വിഭാഗത്തിലെ കമ്പനിയുടെ ആദ്യത്തെ ഉൽപ്പന്നമാണ് 2022 മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര. ഗ്ലോബൽ സി പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി, ഗ്രാൻഡ് വിറ്റാരയ്ക്ക് കരുത്തേകുന്നത് 1.5 ലിറ്റർ കെ-സീരീസ് മൈൽഡ് ഹൈബ്രിഡ് എഞ്ചിനും ടൊയോട്ടയിൽ നിന്നുള്ള 1.5 ലിറ്റർ ശക്തമായ ഹൈബ്രിഡ് എഞ്ചിനുമാണ്. രണ്ടാമത്തെ എഞ്ചിന്‍ മോഡലിന് 54 ശതമാനം ബുക്കിംഗും ലഭിച്ചു.
അഴകളവുകളില്‍ ആരാണ് കേമന്‍? മാരുതി ഗ്രാന്‍ഡ് വിറ്റാരയോ അതോ എതിരാളികളോ?!
മാരുതിയില്‍ നിന്നുള്ള മറ്റ് വാര്‍ത്തകള്‍ പരിശോധിക്കുമ്പോള്‍ അഞ്ച് ഡോർ ജിംനി, ഒരു കൂപ്പെ എസ്‌യുവി, ഏഴ് സീറ്റർ എസ്‌യുവി എന്നിവ ഉൾപ്പെടെ നിരവധി പുതിയ മോഡലുകൾ കമ്പനി ആസൂത്രണം ചെയ്‍തിട്ടുണ്ട്. ജിംനി അടുത്ത വർഷം പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നു. ബലേനോ അടിസ്ഥാനമാക്കിയുള്ള കൂപ്പെ എസ്‌യുവിയും സി-സെഗ്‌മെന്റ് എസ്‌യുവിയും 2024-ൽ എത്തുമെന്നും പ്രതീക്ഷിക്കുന്നു.