വീണ്ടും വില കൂട്ടാനൊരുങ്ങി മാരുതി, ഈ വര്‍ഷം ഇത് മൂന്നാം തവണ!

By Web TeamFirst Published Aug 31, 2021, 10:54 PM IST
Highlights

മാരുതി അൾട്ടോ മുതൽ വിറ്റാര ബ്രെസ വരെ, മാരുതി നിർമിക്കുന്ന എല്ലാ മോഡലുകൾക്കും വില വർധനവ് ബാധകമായിരിക്കും എന്നാണ്​ റിപ്പോര്‍ട്ടുകള്‍

ഈ വര്‍ഷം മൂന്നാമതും വിലവർധിപ്പിക്കാനൊരുങ്ങി രാജ്യത്തെ ഒന്നാം നിര വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുകി ഇന്ത്യ ലിമിറ്റഡ്​. സെപ്​റ്റംബറിൽ വർധനവ്​ പ്രാബല്യത്തിൽവരും എന്ന് മണി കണ്ട്രോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മാരുതി അൾട്ടോ മുതൽ വിറ്റാര ബ്രെസ വരെ, മാരുതി നിർമിക്കുന്ന എല്ലാ മോഡലുകൾക്കും വില വർധനവ് ബാധകമായിരിക്കും എന്നാണ്​ റിപ്പോര്‍ട്ടുകള്‍. ഈ വർഷം ജനുവരിയിലും ഏപ്രിലിലും മാരുതി മോഡലുകളുടെ വില വര്‍ദ്ധിപ്പിച്ചിരുന്നു. 

എന്നാല്‍ വർധനവ് എത്രയായിരിക്കുമെന്ന് മാരുതി വെളിപ്പെടുത്തിയിട്ടില്ല. ജനുവരിയിൽ നിർമാണച്ചിലവിലെ വർധനവ് ചൂണ്ടിക്കാട്ടി കാറുകളുടെ വില കമ്പനി 34,000 രൂപ വരെ വർധിപ്പിച്ചിരുന്നു. ഏപ്രിലിൽ, രണ്ടാമത്തെ വർധനവ് നടപ്പാക്കാൻ തീരുമാനിച്ചപ്പോൾ കാറുകളുടെ വില ഏകദേശം 1.6 ശതമാനം വീണ്ടും ഉയർന്നു.

കഴിഞ്ഞ ഒരു വർഷമായി നിർമാണച്ചിലവിൽ വൻ വർധനയാണ്​ ഉണ്ടായിരിക്കുന്നതെന്നും ഇത്​ വാഹന നിർമാണത്തെ പ്രതികൂലമായി ബാധിച്ചിരിക്കുന്നതായും അതിനാൽ, വില വർധനയിലൂടെ നഷ്​ടം കുറക്കാനാണ് ആഗ്രഹിക്കുന്നതെന്നും മാരുതി സുസുകി ഇന്ത്യ ലിമിറ്റഡ് പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. 

നിർമാണച്ചിലവ് വർധിക്കുന്നതിനാൽ വില വർധിപ്പിക്കുന്ന ഒരേയൊരു ഇന്ത്യൻ കാർ നിർമ്മാതാവല്ല മാരുതി. കഴിഞ്ഞ വർഷം മാർച്ചിൽ കൊറോണ വ്യാപിച്ചതിനുശേഷം ഇന്ത്യൻ വാഹന വ്യവസായം വലിയ പ്രതിസന്ധിയാണ്​ നേരിടുന്നത്​. ദുർബലമായ ആവശ്യകതയും ഉയർന്ന വിലയും വിപണിയെ ഏറെ പ്രതികൂലമായാണ്​ ബാധിച്ചത്​.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!