ഇന്ധനം ചോര്‍ന്നു, ഡോര്‍ തുറന്നുപോയി; സുരക്ഷയില്‍ ഈ വണ്ടി നേടിയത് വട്ടപ്പൂജ്യം!

By Web TeamFirst Published Aug 31, 2021, 9:48 PM IST
Highlights

നിലവിൽ ഈ വിപണികളിൽ എത്തുന്ന രണ്ടാം തലമുറ ഡസ്റ്ററിന് ഇടപരീക്ഷയില്‍ ഒരു റേറ്റിംഗ് പോലും സ്വന്തമാക്കാന്‍  സാധിച്ചില്ലെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. 
 

ലാറ്റിൻ എൻക്യാപ് ക്രാഷ് ടെസ്റ്റിൽ ദയനീയമായി പരാജയപ്പെട്ട് ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ റെനോയുടെ ഡസ്റ്റര്‍ എസ്‌യുവി. ലാറ്റിന്‍ അമേരിക്ക, കരീബിയൻ വിപണികള്‍ക്കായി എത്തുന്ന മോഡലിനെയാണ് കാർ അസസ്മെൻറ്​ പ്രോഗ്രാമിന് കീഴിലുള്ള സുരക്ഷാ പരിശോധനയ്ക്ക് വിധേയമാക്കിയത്.  നിലവിൽ ഈ വിപണികളിൽ എത്തുന്ന രണ്ടാം തലമുറ ഡസ്റ്ററിന് ഇടിപരീക്ഷയില്‍ ഒരു റേറ്റിംഗ് പോലും സ്വന്തമാക്കാന്‍  സാധിച്ചില്ലെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ക്രാഷ് ടെസ്റ്റിനായി ഉപയോഗിച്ച റെനോ ഡസ്റ്റർ മോഡലുകൾക്ക് ഇരട്ട എയർബാഗുകളും ഇഎസ്​സിയും സ്റ്റാൻഡേർഡായിരുന്നു. മുതിർന്ന യാത്രികനുള്ള സുരക്ഷയിൽ 29.47%, കുട്ടികളുടെ സുരക്ഷയിൽ 22.93%, കാൽനടക്കാരുടെ സുരക്ഷയിൽ 50.79% പോയിൻറുകളാണ്​ ഡസ്​റ്ററിന്​ ലഭിച്ചത്​. വാഹനത്തിന്‍റെ പ്രകടനം നിരാശാജനകമാണെന്ന് ലാറ്റിൻ എൻസിഎപി സെക്രട്ടറി ജനറൽ അലജാൻഡ്രോ ഫ്യൂറസ് പറഞ്ഞു.

മുൻവശത്തെ ആഘാതത്തിൽ എസ്‌യുവിക്ക് ഇന്ധന ചോർച്ചയുടെ ലക്ഷണങ്ങൾ കാണിച്ചു. ഇതോടൊപ്പം സൈഡ് ഇംപാക്റ്റിൽ വാഹനം പൂർണമായും മറിയുകയും ചെയ്‌തു. ഇത് ബി-പില്ലറിനെ ബാധിക്കുകയും ഡോറുകളിലൊന്ന് തുറന്നുപോകുകയും ചെയ്‌തു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇരട്ട എയർബാഗുകളും ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോളും (ESC) ഡസ്റ്ററില്‍ സ്റ്റാന്‍ഡേര്‍ഡായി കമ്പനി വാഗ്‌ദാനം ചെയ്യുന്നുണ്ട്. 

ലാറ്റിൻ അമേരിക്കൻ വിപണികൾക്കായുള്ള പുതിയ ഡസ്റ്ററിന് യൂറോപ്പിൽ വിൽക്കുന്ന മോഡലിന് സമാനമായ സൈഡ് ബോഡിയും സൈഡ് ഹെഡ് പ്രൊട്ടക്ഷൻ എയർബാഗുകളും സ്റ്റാൻഡേർഡായി നൽകാത്തതായിരിക്കാം ക്രാഷ് ടെസ്റ്റിലെ മോശം പ്രകടനത്തിന് കാരണം എന്നാണ് വിലയിരുത്തല്‍.  റെഗുലേഷൻ UN95-ന് സമാനമായ കോൺഫിഗറേഷൻ ഉള്ള ലാറ്റിൻ എൻക്യാപ് സൈഡ് ഇംപാക്റ്റ് ടെസ്റ്റിൽ ഡോർ തുറക്കുന്നത് അർഥമാക്കുന്നത് കാർ UN95 ടെസ്റ്റിൽ പരാജയപ്പെടുമായിരുന്നു എന്നാണ്. 

പരിശോധനയ്ക്കിടെ ഫ്രണ്ടൽ ക്രാഷ് ടെസ്റ്റിൽ രേഖപ്പെടുത്തിയ ഇന്ധന ചോർച്ചയും ആശങ്കാജനകമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അതുകൊണ്ടുതന്നെ നിർമാണത്തിലെ പ്രശ്‍നം പരിഹരിക്കാൻ മാത്രമല്ല ഫ്യുവൽ ടാങ്കിലെ ഒരു തകരാറിലെ ഈ പ്രശ്നം ഉണ്ടാകാൻ സാധ്യതയുള്ള എല്ലാ യൂണിറ്റുകളും കമ്പനി തിരിച്ചുവിളിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. അതോടൊപ്പം സൈഡ് ഇംപാക്റ്റിൽ ഡോർ തുറന്നുപോകുന്നതും കമ്പനി അടിയന്തിരമായി പരിഹരിച്ചേക്കുമെന്നുമാണ് സൂചനകള്‍. 

2019-ലാണ് തെക്കേ അമേരിക്കൻ വിപണികൾക്കായി രണ്ടാം തലമുറ ഡസ്റ്റര്‍ എസ്‌യുവിയെ കമ്പനമി അവതരിപ്പിക്കുന്നത്. ബ്രസീലിൽ കമ്പനിയുടെ സാവോ ജോസ് ഡോസ് പിൻഹൈസിലെ പ്ലാന്റിലാണ് വാഹനം നിർമിക്കുന്നത്. ഈസ്‌റ്റേണ്‍ യൂറോപ്പ്, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളാണ് റെനോയുടെ ഡാസിയ ഡെസ്റ്റര്‍ എന്ന മോഡല്‍ ഒരുക്കിയത്. പിന്നീട് റെനോ ഡസ്റ്റര്‍ എന്ന പേരില്‍ ഈ വാഹനം മറ്റ് പല രാജ്യങ്ങളിലും എത്തിച്ചിട്ടുണ്ട്. 1.6 ലിറ്റർ പെട്രോൾ എഞ്ചിൻ ഓപ്ഷനിലാണ് ബ്രസീല്‍ വിപണിയില്‍ ഡസ്റ്റര്‍ വാഗ്‌ദാനം ചെയ്യുന്നത്. സിവിടി ഓട്ടോമാറ്റിക് ഗിയർബോക്‌സ് മാത്രമാണ് ട്രാന്‍സ്‍മിഷന്‍.  പരമാവധി 120 bhp കരുത്ത് ഉത്പാദിപ്പിക്കാൻ ഈ എഞ്ചിന് സാധിക്കും. 

അതേസമയം ക്രാഷ് ടെസ്റ്റിന് ഉപയോഗിച്ച എസ്‌യുവിയുടെ ഈ രണ്ടാംതലമുറ മോഡൽ നിലവിൽ ഇന്ത്യന്‍ വിപണിയിൽ എത്തുന്നില്ല.  ഇന്ത്യയിൽ ഡസ്റ്റർ 1.5 ലിറ്റർ പെട്രോൾ, 1.3 ലിറ്റർ TCe ടർബോചാർജ്‍ഡ് പെട്രോൾ എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനിലാണ് വാഹനം വിൽപ്പനയ്ക്ക് എത്തുന്നത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!