Latest Videos

പുതുതലമുറ യാരിസുമായി ടൊയോട്ട

By Web TeamFirst Published Aug 31, 2021, 7:56 PM IST
Highlights

യാരിസിന്‍റെ പുതുതലമുറ മോഡലിനെ കമ്പനി വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്

ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ടയുടെ പ്രീമിയം സെഡാനാണ് യാരിസ്. ഏഷ്യന്‍ വിപണികളില്‍ കമ്പനി വില്‍ക്കുന്ന വിയോസിന്‍റെ ഇന്ത്യന്‍ നാമമാണ് യാരിസ് എന്നത്. ഇപ്പോഴിതാ യാരിസിന്‍റെ പുതുതലമുറ മോഡലിനെ കമ്പനി വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. വാഹനം 2022 ആഗസ്റ്റില്‍ വിപണിയില്‍ എത്തിയേക്കും എന്ന് ഗാഡിവാഡി ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു. 

വരാനിരിക്കുന്ന മോഡൽ 'D92A' എന്ന രഹസ്യനാമത്തിലാണ് ഒരുങ്ങുന്നത്. Daihatsu ന്യൂ ഗ്ലോബൽ ആർക്കിടെക്ച്ചറിലാകും (DNGA) നിർമിക്കുക. ടൊയോട്ട റയീസ് സബ്-4 മീറ്റർ കോംപാക്‌ട് എസ്‌യുവിയെ പിന്തുണയ്ക്കുന്ന ഈ പ്ലാറ്റ്ഫോം ടൊയോട്ട ന്യൂ ഗ്ലോബൽ ആർക്കിടെക്ച്ചറിന്റെ TNGA) വിലകുറഞ്ഞ പതിപ്പാണ്. പുതിയ പ്ലാറ്റ്ഫോം ഉപയോഗിച്ച് പുതുതലമുറ വിയോസ് അഥവാ യാരിസ് ഭാരം കുറഞ്ഞതും സുരക്ഷിതവുമാകുമെന്നാണ് കമ്പനി കണക്കുകൂട്ടുന്നത്. 

അതേസമയം ഡ്രൈവിംഗ് പ്രകടനവും മികവുറ്റതാകുമെന്നാണ് കമ്പനി വൃത്തങ്ങൾ സൂചന നൽകുന്നത്. മാത്രമല്ല വാഹനത്തിൽ ഒരു ഹൈബ്രിഡ് എഞ്ചിൻ ഓപ്ഷനും പരിചയപ്പെടുത്താനുള്ള സാധ്യതയുണ്ട്.  ഹൈബ്രിഡിനെക്കുറിച്ചുള്ള വിശദാംശങ്ങളൊന്നും ഇതുവരെ ലഭ്യമല്ല. പ്രിയസ് സെഡാനിൽ ലഭ്യമായ 1.5 ലിറ്റർ പെട്രോൾ/ഇലക്ട്രിക് ഹൈബ്രിഡ് സജ്ജീകരണം തന്നെയാകും സി-സെഗ്മെന്റ് പ്രീമിയം സെഡാന്റെ പുതുതലമുറ മോഡലിലും കമ്പനി ഉപയോഗിക്കുകയെന്നാണ് സൂചന. തായ്‌ലൻഡിലാകും വാഹനം ആദ്യം വിൽപ്പനയ്ക്ക് എത്തുക എന്നാണ് റിപ്പോര്‍ട്ടുകള്‍.

2013-ലാണ് തലമുറ ടൊയോട്ട വിയോസ് ആദ്യമായി അവതരിപ്പിക്കപ്പെട്ടത്. തുടർന്ന് വർഷങ്ങളായി വിവിധ ഏഷ്യൻ വിപണികളിൽ നിരവധി പരിഷ്ക്കാരങ്ങൾക്കും സെഡാൻ വിധേയമായിരുന്നു. വിയോസ് നിലവിൽ പല വിപണികളിലും വിവിധ പേരുകളിലാണ് അറിയപ്പെടുന്നതും വിൽക്കുന്നതും. 2018-ൽ ആണ് ഇന്ത്യയിൽ വിയോസിനെ യാരിസ് എന്ന പേരില്‍ കമ്പനി അവതരിപ്പിക്കുന്നത്. 

അതേസമയം പുതു തലമുറ യാരിസ് ഇന്ത്യയില്‍ എത്തുമോ എന്ന കാര്യം വ്യക്തമല്ല. കാരണം യാരിസിന് പകരക്കാരനായി ബെല്‍റ്റ എന്ന മോഡലിന്‍റെ പണിപ്പുരയിലാണ് ടൊയോട്ട എന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്. മാരുതിയുമായുള്ള കൂട്ടുകെട്ടിലാണ് ബെല്‍റ്റ ഒരുങ്ങുന്നത്. മാരുതി സുസുക്കി സിയാസ് സെഡാനാണ് ടൊയോട്ടയുടെ ലോഗോ ഒട്ടിച്ച് ബെല്‍റ്റ ആയി മാറാന്‍ ഒരുങ്ങുന്നത്. നിലവില്‍ ഇന്ത്യയില്‍ വില്‍ക്കുന്ന യാരിസിന് പകരമായിരിക്കും ബെല്‍റ്റ വരുന്നത് എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ബെല്‍റ്റ എത്തുന്നതോടെ ഏതാനും മാസങ്ങൾക്കുള്ളിൽ യാരിസിന്റെ ഉത്പാദനം കമ്പനി നിർത്തിയേക്കും എന്നും സൂചനകളുണ്ട്. അതുകൊണ്ടുതന്നെ പുത്തന്‍ യാരിസിന്‍റെ ഇന്ത്യന്‍ പ്രവേശനം കാത്തിരുന്ന കാണണം. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!